അങ്ങനെ കുട്ടി ഒറ്റക്കായി; ചേക്കേറാൻ ഇനിയൊരു താവളം വേണം

ap-abdullakutty-3
SHARE

നിങ്ങളെന്നെ കോണ്‍ഗ്രസാക്കിയെന്ന ആത്മകഥയുടെ പേര് എപി അബ്ദുള്ളക്കുട്ടി തിരുത്തുമോ. ഒരാത്മകഥയുടെ പേര് തിരുത്തുന്നതിന് എന്തെങ്കിലും നിയമവശങ്ങളുണ്ടോ. ഉണ്ടെങ്കില്‍ത്തന്നെ വക്കീല്‍ കൂടിയായ കുട്ടിക്ക് അതിന്‍റെ ചട്ടങ്ങള്‍ അറിവുണ്ടായിരിക്കുമോ. ഇനി പേര് മാറ്റിയാല്‍ എന്താകും പുതിയതായി ഇടാന്‍ സാധ്യത. കുട്ടിയായിരിക്കുമ്പോള്‍ ആത്മകഥയെഴുതാന്‍ ആവേശംകാണിക്കരുതെന്ന തിരിച്ചറിവോടെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് മൊഴിചൊല്ലി. തലാക്കുചൊല്ലുമ്പോള്‍ പോലും മൂന്നുവട്ടം പറയുന്നതാണ് പതിവ്. എന്നാല്‍ കര്‍ക്കശക്കാരനും കണ്ണൂര്‍ വേരുകളുള്ളവനുമായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെല്ലും കരുണയില്ലാതെ പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ഒരു നല്ല സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാതെ അബ്ദുള്ളക്കുട്ടിയെ പടിയടച്ച്‌ പിണ്ഡം വച്ചു. ചെയ്ത കുറ്റം മോദീ സ്തുതി. ഒരോ പത്തുവര്‍ഷം കൂടുമ്പോളും മോദിയെ സ്തുതിക്കുന്ന രോഗത്തിനുടമയാണ് താനെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെങ്കിലും പണ്ട് സിപിഎം സ്വീകരിച്ച അതേ നയംതന്നെ കോണ്‍ഗ്രസും സ്വീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ പണ്ട് അബ്ദുള്ളക്കുട്ടി പുകഴ്ത്തുമ്പോള്‍ ഫേസ്ബുക്കും സുക്കര്‍ബര്‍ഗും ലൈക്കും ഷെയറുമൊന്നും കേരളത്തില്‍ അത്ര പരിചിതരായിരുന്നില്ല. എന്നിട്ടും സിപിഎം നടപടിയെടുത്തു. ഇക്കുറി കോണ്‍ഗ്രസ‌ില്‍നിന്ന്  പുറത്താക്കപ്പെട്ടെങ്കിലും കുറച്ച് ലൈക്കും ഷെയറും കിട്ടിയെന്ന് അബ്ദുള്ളക്കുട്ടിക്ക് ആശ്വസിക്കാം

കേരളം വികസനമില്ലാത്ത നാടാണെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ പരാതി. ഇക്കാരണമൊന്നുകൊണ്ട് രണ്ടുവട്ടംവീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും തന്നെ അയച്ച നാട്ടിലുണ്ടായിരുന്ന വീടും സ്ഥലവുമെല്ലാം അബ്ദുള്ളക്കുട്ടി വിറ്റൊഴിവാക്കി. എന്നിട്ട് മംഗലാപുരത്ത് ഒരു പെര വച്ചു. ഇപ്പോള്‍ കര്‍ണാടക വാസിയാണ്. അവിടെയാണെങ്കില്‍ എവിടേക്കു നനോക്കിയാലും താമരയാണുതാനും. അപ്പോളാണ് താന്‍ 2009 ല്‍ എഴുതിയ മോദീ സ്തുതിഗീതം കുട്ടിക്കോര്‍മവന്നത്. സമകാലീന സാഹചര്യത്തിലേക്ക് ആ കൃതി ഒന്നു മാറ്റിയെഴുതി. അതിനാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. കണ്ണൂരിലെ രാഷ്ട്രീയത്തിന്‍റെ കെട്ടുപിണഞ്ഞുകിടക്കുന്ന കഥകളിലേക്കാണ് ഈ പുറത്താക്കല്‍ ശ്രദ്ധ ക്ഷണിക്കുന്നത്

തന്‍റെ മോദീ അനുകൂല വികസന കാഴ്ചപ്പാടുകള്‍ സിപിഎമ്മിന് പിന്നീട് മനസിലായെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ഇതിനാലാണത്രേ പിണറായി വിജയന്‍ പല വികസന പദ്ധതികളും നടപ്പിലാക്കിയത്. നാലുവരിപ്പാതയുടെ ചാമ്പ്യന്‍ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ പിണറായി സ്തുതിഗീതത്തിന്‍റെ ടൈറ്റില്‍. പി ജയരാജനൊക്കെ പൊട്ടി പാളീസായിരിക്കുന്ന കാലഘട്ടത്തില്‍ കുട്ടി ചുമ്മാതൊന്ന് നീട്ടിയെറിഞ്ഞുവെന്നേയുള്ളൂ. കൊത്തുന്നെങ്കില്‍ കൊത്തട്ട്. കെ സുധാകരന്‍ ലോക്സഭയിലേക്കു പോയ ഗ്യാപ്പിലാണ് 2009 ല്‍ കോണ്‍ഗ്രസ് വഴി അഹ്ദുള്ളക്കുട്ടി വിജയിച്ചു കയറിയത്. നിലവില്‍ കാസര്‍കോട്ട് മഞ്ചേശ്വരത്ത് ഒരു ഉപതിരഞ്ഞെടുപ്പ് തെളിഞ്ഞു കിടപ്പുണ്ട്. അവിടെ മല്‍സരിക്കാനില്ലെന്ന് മുന്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു. ഒന്നുമില്ല. ചുമ്മാ ചില വിവരങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ

കണ്ടുമറന്ന ചില ഭൂതകാലക്കാഴ്ചകള്‍

ഐടിഐയില്‍ നിന്ന് സാങ്കേതിക വിദ്യാഭ്യാസം. ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം. വലതുപക്ഷ അനുകൂലിയായി കോളജില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി അവിടെ നിന്നിറങ്ങിയത് കട്ട എസ്എഫ്ഐക്കാരനായാണ്. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഈ കുട്ടിയുടെ ഇന്നലകള്‍. വര്‍ത്തമാനകാലത്തെ പ്രവര്‍ത്തികള്‍ക്കും വലിയ വ്യത്യാസമില്ല എന്നതാണ് സത്യം. കെ സുധാകരന്‍ കണ്ടെടുത്ത പുലിക്കുട്ടി വളര്‍ന്നപ്പോള്‍ പാര്‍ട്ടിയെത്തന്നെ ആക്രമിക്കുന്ന ചീറ്റപ്പുലിയായി മാറി. ഇനി കാണിക്കാന്‍ പോകുന്ന പഴയ കാഴ്ചകള്‍ അബ്ദുള്ളക്കുട്ടിക്കും ഉപകാരപ്പെടും. കോണ്‍ഗ്രസ് എന്നുള്ളിടത്ത് ബിജെപിയെന്നും സിപിഎം എന്നു പറഞ്ഞിരിക്കുന്നിടത്തെല്ലാം കോണ്‍ഗ്രസ് എന്നും മാറ്റി പറഞ്ഞാ മതി. സംഗതി കാലത്തെ അതിജീവിക്കുന്ന പ്രസംഗങ്ങള്‍ തന്നെ.

രണ്ടിലപോര് കൊഴുക്കുന്നു

കേരള കോണ്‍ഗ്രസ് എന്ന വന്‍ മരത്തിലെ രണ്ടിലകളും വാടിപ്പഴുത്തിങ്ങനെ നില്‍ക്കുകയാണ്. എപ്പോളാണ് ആ ഇലകള്‍ കൊഴിയുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ താന്‍ പച്ചിലയാണെന്നാണ് പിജെ ജോസഫിന്‍റെ നിലപാട്. ഉടനെങ്ങും കൊഴിയില്ലത്രേ. കോട്ടയം പാലാ കടുത്തുരുത്തി മേഖലകളി‍ല്‍ ഇപ്പോൾ വഴിവിളക്കില്ലെങ്കിലും രാത്രി ഇരുട്ടില്ലാത സഞ്ചരിക്കാം. മാണി ജോസഫ് ഗ്രൂപ്പുകള്‍ മാറി മാറി ഇരുപക്ഷത്തിന്‍റെയും കോലം കത്തിക്കുന്നതിനാല്‍ നാട്ടില്‍ നല്ല പ്രകാശമാണത്രേ.

MORE IN THIRUVA ETHIRVA
SHOW MORE