രണ്ടില, രണ്ട് നേതാക്കൾ, രണ്ട് കത്ത്; അങ്കം വെട്ടി കേരള കോൺഗ്രസ്

kerala-congress-thiruva-27
SHARE

ദേശീയ വിഷയങ്ങള്‍ കണ്ടും കേട്ടും മുരടിച്ച കാലമാണ് കഴിഞ്ഞുപോയത്. ഒടുവില്‍ ആശ്വാസവുമായി അവരെത്തി. നമ്മുടെ തനി നാടന്‍ ഫ്ലേവര്‍. അതെ കേരള കോണ്‍ഗ്രസ്. ഫാസിസമല്ല ഗ്രൂപ്പിസമാണ് ഞങ്ങള്‍ക്കു വലുതെന്നു ആവര്‍ത്തിച്ചു വ്യക്തമാക്കി ജോസുമോന്‍ നയിക്കുന്ന മാണി വിഭാഗവും പിജെ ജോസഫ് നയിക്കുന്ന ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് എമ്മില്‍ പിടിമുറുക്കാന്‍ അങ്കംവെട്ടുതുടങ്ങി. ചെയര്‍മാന്‍ പദവിയും പാര്‍ട്ടി ലീഡര്‍ പദവിയുമാണ് നിലവിലെ തര്‍ക്കവിഷയങ്ങള്‍. രണ്ടുപേരും രണ്ടു സാധനവും മുന്നിലുണ്ടെങ്കില്‍ ഓരോന്നുവീതം എടുക്കുക എന്ന നാട്ടുനടപ്പും മര്യാദയും ഈ പാര്‍ട്ടിക്കുള്ളില്‍ ദയവുചെയ്ത് പ്രതീക്ഷിക്കരുത്. പാര്‍ട്ടിചെയര്‍മാനായിരുന്ന കെ എം മാണിയുടെ മരണത്തില്‍ നിയമസഭ അനുശോചിച്ച ദിവസം അതേ സഭയില്‍ മാണിയുടെ ഒഴിഞ്ഞ കസേരയിലിരിക്കാനായിരുന്നു ഇക്കണ്ട ബഹളമെല്ലാം നടന്നത്. ഐക്യവും സ്നേഹവും നഷ്ടപ്പെടുത്താതെ കെഎം മാണി ആഗ്രഹിച്ച അതേരീതിയില്‍ മുന്നോട്ടുപോകുമെന്ന് തമ്മിലടിക്കിടയിലും വിളിച്ചുപറയാനും ഈ പാര്‍ട്ടിക്കാര്‍ക്കു മാത്രമേ പറ്റത്തൊള്ളന്നാണ് തോന്നുന്നത്. ഓ ഇതുങ്ങളെയൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നേ. 

രണ്ടില രണ്ടു നേതാക്കള്‍ രണ്ടു കത്ത്. അതാണിപ്പോ മാണി കോണ്‍ഗ്രസ്. നിയമസഭ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് സ്പീക്കര്‍ക്കായി മോന്‍സ് ജോസഫ്  കത്തെഴുതിയത്. പിജെ ജോസഫിനെ നിയമസഭയില്‍ മുന്‍ പന്തിയില്‍ ഇരുത്തണമെന്നതായിരുന്നു രത്നചുരുക്കം. എന്നാല്‍ മുന്നിലെ കസേരയിലിരിക്കുന്നവരെല്ലാം മുമ്പന്മാരല്ല എന്നുകാട്ടി ജോസ് കെ മാണിക്കുവേണ്ടി അനുയായി റോഷി ആഗസ്റ്റിനും സ്പീക്കര്‍ക്ക് കത്തയച്ചു. ഊമകത്തില്‍ തന്‍റെ പേര് വരാതിരിക്കാന്‍ ജോസുമോന്‍ പ്രത്യേകം ശ്രദ്ധിച്ചു. കത്തിന്‍റെ പേരില്‍ മോന്‍സും റോഷിയും പരസ്പരം കുത്താന്‍ നില്‍ക്കുന്നതാണ് ഇപ്പോള്‍ കാഴ്ച. രണ്ടുകൂട്ടരുടെയും കത്തുകള്‍ നിറഞ്ഞ മനസോടെ സ്വീകരിച്ച സ്പീക്കര്‍ രണ്ടിനും വെവ്വേറെ മറുപടി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കെഎം മാണി ഒഴിച്ചിട്ട മുന്‍നിരയിലിരുന്ന് മാണിസാറിനെ ജോസഫ് സഭയില്‍ അനുസ്മരിക്കുകയും ചെയ്തു. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ വരില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞവരാണ് കേരള കോണ്‍ഗ്രസുകാര്‍. അതുകൊണ്ടാണല്ലോ കോട്ടയം ലോക്സഭാ മണ്ഡലം ഉപേക്ഷിച്ച് ജോസ് കെ മാണി രാജ്യസഭയുടെ പടി കയറിയത്. കോട്ടയം ലോക്സഭാ പടവുവഴി ഡല്‍ഹിക്കുപോകാന്‍ ജോസഫ് കുറച്ചധികം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തതാണ്. അന്നത് കൊടുത്തില്ല. കൊടുത്തിരുന്നെങ്കില്‍ ഇന്ന് നിയമസഭയിലെ മുന്‍നിരയുടെ പേരില്‍ കത്തുയുദ്ധം നടത്തേണ്ടിവരില്ലായിരുന്നു. ഡല്‍ഹിക്ക് പോകാന്‍ പറ്റാഞ്ഞതുകൊണ്ടായിരിക്കും കിട്ടിയ സീറ്റില്‍ ആദ്യമിരിക്കാന്‍ ജോസഫും തീരുമാനിച്ചത്.

MORE IN THIRUVA ETHIRVA
SHOW MORE