ഒരു മയത്തിലൊക്കെ തള്ളണ്ടേ? രാജ്യ സുരക്ഷാ രഹസ്യം പുറത്തു പറയാമോ?

modi34
SHARE

പ്രധാനമന്തി പദത്തില്‍ എത്തിയപ്പോള്‍ താന്‍ അന്‍പത്തിയാറിഞ്ച് നെഞ്ചളവുള്ളവനാണെന്ന് പറഞ്ഞ നരേന്ദ്ര ദാമോദര്‍ദാസ്  മോദിയുടെ ഇപ്പോളത്തെ നെഞ്ചളവിനെക്കുറിച്ച് കൃത്യമായ കണക്ക് നമ്മുടെ കൈവശമില്ല. പക്ഷേ ഒന്നറിയാം ഭരണത്തില്‍  അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇക്കാലയളവില്‍ ഒരു വാര്‍ത്താ സമ്മേളനം വിളിക്കാന്‍  ഈ വിരിഞ്ഞ നെഞ്ചുകാരന് പക്ഷേ ധൈര്യം വന്നില്ലെന്ന്. മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തതില്‍ പരാതി ഉയര്‍ത്തിയവരെല്ലാം ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് പിന്നോക്കം പോയിട്ടുണ്ട്. കാരണം എന്താണെന്നല്ലേ. ഇടക്കിടക്ക് താന്‍ എഴുതിനല്‍കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രമുഖരെ ഇടപാടാക്കിയ ശേഷം നിഷ്കളങ്കമായി അഭിമുഖം നല്‍കുന്ന ഒരു ശീലം നമ്മുടെ പ്രധാനിക്കുണ്ട്. ഇങ്ങനെ നല്‍കിയ മുഴുവന്‍ അഭിമുഖങ്ങളും ചേര്‍ത്തുവച്ചാല്‍ മണ്ടൂസ് ചിത്രകഥയെ വെല്ലുന്ന ഒരു കോമിക് ബുക്ക് ഇറക്കാന്‍ കഴിയും. അപ്പോള്‍പിന്നെ സ്ഥിരമായി വാര്‍ത്താ സമ്മേളനം വല്ലതും നടത്തിയിരുന്നെങ്കില്‍ പൊട്ടിച്ചിരിക്കുള്ള വകകള്‍ ഖാണ്ഡഖാണ്ഡമിറക്കി മടുത്തേനേ. പുതിയ ഐറ്റം എന്താണെന്ന് വിശദീകരിക്കേണ്ട കാര്യമേയില്ലെന്നറിയാം. ആ തമാശ മിസൈല്‍ റെഡിയാണ്. കേട്ട് ചിരിക്കാന്‍ ഭാഷയറിയണമെന്നേയില്ല എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് രാജ്യത്തിന്‍റെയും സൈന്യത്തിന്‍റെയും ഭാഗ്യം. ശത്രുരാജ്യങ്ങളുടെ കഷ്ടകാലവും. പക്ഷേ മനസിലാകാത്തത് സൈന്യത്തിന് ഇത്തരം ബുദ്ധിപരമായ ഉപദേശങ്ങള്‍ ഈ ഭരണത്തിന്‍റെ അവസാന നാളുകളില്‍ മാത്രം നല്‍കിയത് എന്തുകൊണ്ടാവും. ആ അതില്‍ അല്‍ഭുതമില്ല. ബാക്കി നാലരവര്‍ഷം രാജ്യത്തിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കക്ഷി നാട്ടില്‍ ഉണ്ടാകാറില്ലായിരുന്നല്ലോ. പണ്ട് അധികാരത്തിലിരുന്ന സമയത്ത് സൈന്യത്തിനൊപ്പം നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയതായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് പട്ടാളം മുഷറഫ് പണ്ട് വെളിപ്പെടുത്തിയിരുന്നു. ആ ഗീര്‍വാണത്തെയാണ് അനേകം ഗീര്‍വാണങ്ങള്‍കൊണ്ട് മോദി നിഷ്പ്രഭമാക്കിയത്. റഡാറുകള്‍ കാണാതെ അയാള്‍ ആകാശത്തിന്‍റെ അനന്തതയില്‍ തത്തിക്കളികുകയാണ് സുഹൃത്തുക്കളേ.

മണ്ടന്മാരായ റഡാറുകളെ അതിര്‍ത്തിയില്‍ വിന്യസിച്ചതിന് പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായാണ് പുറത്തുവരുന്ന വിവരം. മോഘാവൃതമായ ദിവസങ്ങളില്‍ തീവ്രവാദികളെ തിരഞ്ഞിറങ്ങാതിരുന്ന സേനക്ക് അമേരിക്ക മെമ്മോ നല്‍കിയതായും പറയപ്പെടുന്നു.  രാജ്യത്തിന്‍റെ സുരക്ഷാ രഹസ്യം മോദി ഇങ്ങനെ പുറത്തു പറയാന്‍ പാടില്ലായിരുന്നു. ഇനിയും ആക്രമണങ്ങള്‍ വേണ്ടിവന്നാല്‍ മഴക്കാറുകള്‍ക്കിടയിലൂടെ നമുക്ക് പമ്മി പമ്മി പോകാമായിരുന്നല്ലോ. ഇനിയിപ്പോ ശത്രുരാജ്യങ്ങള്‍ എല്ലാ മഴക്കാറുകള്‍ക്കിടയിലും പരിശോധന കര്‍ശനമാക്കും. 

വാനനിരീക്ഷണത്തില്‍ മാത്രമാണ് മോദി അഗ്രഗണ്യന്‍ എന്നു ധരിക്കരുത്. മഹാഭാരതകാലത്ത് ഇന്‍റര്‍നെറ്റും മറ്റ് സാങ്കേതിക വിദ്യകളും ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്ന് തൃപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്‍റെ പ്രധാനമന്തി തന്നെ സാക്ഷ്യപ്പെടുത്തുകയാണ് ടെക്നോളജിയില്‍ രാജ്യം പണ്ടേ ജപ്പാനെക്കാളും ചൈനയേക്കാളും ഒരുപാട് മുന്നിലാണെന്ന്. ജപ്പാനില്‍ ഡിജിറ്റല്‍ ക്യാമറ ഇറങ്ങുന്നതിന് മുന്‍പ് താന്‍ അതുവച്ച് അമ്മാനമാടിയിട്ടുണ്ടെന്നും അദ്വാനിയുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നുമാണ് മോദിയുടെ വെളിപ്പെടുത്തല്‍. മോദി കാരണം ഏറക്കുരെ പടമാകാറായ അദ്വാനി ഇത് നിഷേധിക്കാന്‍ തരമില്ല. മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്തോ പ്രിയദര്‍ശന്‍ കിലുക്കം സിനിമയില്‍ നിശ്ചല്‍ എന്ന കഥാപാത്രം ഉണ്ടാക്കിയത്

രാജ്യത്തെ അല്ലെങ്കില്‍ ലോകത്തിനെ തന്നെ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസുകളാണ് മോദിയുടെ വീക്നെസുകള്‍. അതിപ്പോ ധരിക്കുന്ന കോട്ടില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യത്തിന്‍റെ പേരിലാണെങ്കിലും സൈന്യത്തിന് ഉപദേശം നല്‍കുന്ന കാര്യത്തിലായാലും ഹിമാലയത്തില്‍ ഹിമക്കരടിക്കുമുന്നേ എഴുന്നേറ്റ് മഞ്ഞില്‍ കുളിക്കുന്ന കാര്യത്തിലാണെങ്കിലും. തിരഞ്ഞെടുപ്പു ഫലം പടിവാതിലിലുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഇത്തരം വിഭ്രാന്തി വര്‍ത്തമാനങ്ങള്‍ പ്രതീക്ഷിക്കാം

എങ്ങനെയാണ് ഈ തലയില്‍ ഇക്കണ്ട ബുദ്ധിയൊക്കെ നിറഞ്ഞിരിക്കുന്നത്. യോഗക്കുപുറമെ ഭക്ഷണ ക്രമത്തിന് വരെ അതില്‍ പങ്കുണ്ടാകും. മാമ്പഴം തനിക്കിഷ്ടമായിരുന്നെന്നും ഇടക്കൊക്കെ മാവില്‍ വലിഞ്ഞുകയറി പറിച്ച് തിന്നാറുണ്ടായിരുന്നെന്നുമാണ് അക്ഷയ്കുമാറഇനോട് രണ്ടാഴ്ച മുമ്പ് പറഞ്ഞത്. ഇക്കുറി മെനു അല്‍പ്പംകൂടി വിശദമായി പറയുന്നുണ്ട്. 

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മോദിയെ കണ്ടുപടിക്കുകയാണെന്നു തോന്നുന്നു. പണ്ട് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പല രഹസ്യ ഫയലുകളും കണ്ടതായി അവകാശപ്പെട്ടപ്പോള്‍ ട്രോളര്‍മാര്‍ പഞ്ഞിക്കിട്ടതാണ്. അതിനുശേഷം അമ്മാതിരി സൈസൊന്നും പിടിക്കുക പതിവില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്. യുഡിഎഫ് ഇരുപതു സീറ്റും നേടുമെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. അതില്‍ അത്ര വിശ്വാസം പോരാഞ്ഞിട്ടാണെന്നു തോന്നുന്നു മുല്ലപ്പള്ളി വീണ്ടും ഒക്കെ ഒന്ന് അവലോകിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു. ഇരുപതും നമുക്കെന്ന്

മുഖ്യമന്ത്രിയെ പത്ത് പറയാതെ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ ഒരു ഗുമ്മാകില്ലെന്നും മുല്ലപ്പള്ളിക്കറിയാം. കോട്ടുമിട്ട് പിണറായി വിദേശത്തുകൂടി ചെത്തുന്നത് മൂപ്പര്‍ക്ക് തെല്ലും ഇഷ്ടമായില്ല. നവകേരളം പണിയാനുള്വ കാശെടുത്ത് ഈരുചുറ്റിയാല്‍ ആര്‍ക്കായാലും ദേഷ്യം വരും

മുഖ്യമന്ത്രിയുടെ സ്വന്തം ഷോ യാണ് നാം മുന്നോട്ട്. സിഡിറ്റായിരുന്നു ഇതുവരെ ഇതിന്‍റെ അണിയറക്കാര്‍. സംഗതിക്ക് റേറ്റിങ് പോരെന്നു കണ്ടിട്ടാവണം പാര്‍ട്ടി ചാനലായ കൈരളിക്ക് ഈ സര്‍ക്കാര്‍ ഷോ മറിച്ചു നല്‍കി. ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന പ്രയോഗം ഇപ്പോളാണ് അന്വര്‍ഥമായത്. ഇനിയിപ്പോ വല്യേട്ടന്‍ സിനിമയുടെ സിഡിക്ക് ചാനല്‍ പെന്‍ഷന്‍ നല്‍കുമായിരിക്കും. ശരിക്കും വല്യേട്ടന്‍ ലൈവായി ചാനലിലുള്ളപ്പോള്‍ ചെയര്‍മാന്‍റെ വല്യേട്ടനെ ആവശ്യമില്ലല്ലോ

MORE IN THIRUVA ETHIRVA
SHOW MORE