യൂറോപ്യന്‍ ടൂര്‍ കഴിയും വരെ പാര്‍ട്ടി നിലപാട് സര്‍ക്കാര്‍ നിലപാടല്ല; തിരുവാ എതിർവാ

thiruva-ethirva-2-05-09
SHARE

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ കള്ളവോട്ട് പരിപാടിയില്‍ സിപിഎം എടുത്ത നിലപാടൊക്കെ വെറും പാര്‍ട്ടി നിലപാടാണ്.  ആ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അങ്ങനെ ഒരു നിലപാടില്ല. അതുകൊണ്ട് ഇ.പി.ജയരാജനും കോടിയേരിയും എം.വി.ജയരാജനുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നന്നാവും. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ നിലപാടെടുക്കേണ്ടിവരും. അതിപ്പോ പിണറായി സഖാവിന് അത്രയ്ക്കങ്ങട്ട് രസിക്കണമെന്നില്ല. ആര് എന്തൊക്കെ പറഞ്ഞാലും മീണ പിണറായിക്ക് പ്രിയപ്പെട്ടവനായിരിക്കും. 

എന്താണിപ്പോ ഇത്രേം സ്നേഹം എന്നന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ യൂറോപ്യന്‍ പര്യടനത്തിന് പോവുന്നു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്‍, നോര്‍വേ ഇത്യാദി രാജ്യങ്ങളൊക്കെ കറങ്ങി തിരിച്ചെത്തും. ഈ തിരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടങ്ങളുടെ കാലത്ത് എങ്ങനെ ഇങ്ങനെയൊരു യാത്രയ്ക്ക് അനുമതി തരമാക്കാന്‍ പറ്റി എന്നാലോചിച്ചപ്പോഴാണ് ടിക്കാറാം മീണയെ മുത്താക്കിമാറ്റുന്ന ജാലവിദ്യയുടെ സൂത്രം പിടികിട്ടിയത്. 

സംഗതി പിടികിട്ടിയല്ലോ. ഇത്രേ ഉള്ളു. പാര്‍ട്ടി നിലപാട് തല്‍ക്കാലം സര്‍ക്കാര്‍ നിലപാടായി തുടരില്ല. ചുരുങ്ങിയ പക്ഷം യൂറോപ്യന്‍ ടൂര്‍ കഴിഞ്ഞ് വരുന്നത് വരെയെങ്കിലും.

********************************

ശ്രീനിവാസന്‍ പഴയ ശ്രീനിവാസനല്ല. പുകവലിയൊക്കെ നിര്‍ത്തി നല്ലവനായിട്ടുണ്ട്. മാത്രമവുമല്ല ജൈവപച്ചക്കറി മാത്രമേ കഴിക്കാറുള്ളു. പ്രകൃതി ചികില്‍സയോടാണ് താല്‍പര്യവും. പ്രകൃതിയോട് ഇണങ്ങിജിവിക്കുന്നതിന്‍റെ ഭാഗമായി സ്ത്രീ പുരുഷ സമത്വത്തിന്‍റെ കാര്യത്തിലും പ്രകൃതി പറയുന്നപോലെയാണ് കാര്യങ്ങള്‍ കാണുന്നത്. ഈ കാഴ്ചപ്പാട് പ്രകൃതിവിരുദ്ധമാണോയെന്ന് പതിയെ മനസിലാകും.

ശ്രീനിവാസന്‍ പറയുന്നകേട്ടാല്‍ തോന്നും നാടൊട്ടുക്കും സ്ത്രീയും പുരുഷനും ഓട്ടമല്‍സരം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്. പറഞ്ഞതില്‍ കാര്യമുണ്ട്. ഇല്ലന്നല്ല. പക്ഷേ അത് അക്കാദമിക് ആണെന്നു മാത്രം. ജൈവശാസ്ത്രപരമായി ഓട്ടത്തിന്‍റെ കാര്യത്തിലും പ്രസവത്തിന്‍റെ കാര്യത്തിലും സ്ത്രീയും പുരുഷനുമൊക്കെ രണ്ടുതന്നെയാണ്. പക്ഷേ സാമൂഹ്യനീതി എന്നൊന്നിനെ സോഷ്യല്‍ സയന്‍സിന്‍റെ ഭാഗമായി ഒന്ന് മനസിലാക്കിയാല്‍ കാര്യങ്ങളെ പെട്ടെന്ന് തിരിയേണ്ടതാണ്. തുല്യജോലിക്ക് തുല്യവേതനം കൊടുത്താല്‍ പൈസ എണ്ണുന്ന കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരേ കണക്കാണല്ലോ. അതൊന്നും മറന്നേക്കരുത്.  ഇത്രയൊക്കെ ആയ സ്ഥിതിക്ക് ദിലീപിനുള്ള പിന്തുണകൂടി ഉറക്കെ പ്രഖ്യാപിക്കാം. അതാണല്ലോ അതിന്‍റെ ഒരു കാവ്യനീതി.

MORE IN THIRUVA ETHIRVA
SHOW MORE