അന്‍വറിനു പറ്റിയ തരക്കാരല്ല എഐവൈഎഫ് പിള്ളേര്‍

anvar-thiruva2
SHARE

സിപിഎമ്മും സിപിഐയ്യും തമ്മില്‍  ഇടക്കിടക്ക് പൊട്ടലും ചീറ്റലും പതിവുള്ളതാണ്. പണ്ട് വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായിരുന്ന കാലം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലം സിപിഐക്ക് നല്‍കില്ലെന്ന് സിപിഎം നിലപാടെടുത്തു. ഉടന്‍തന്നെ എംഎന്‍ സ്മാരകത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് സിപിഐ ഇടതുമുന്നണി വിടുകയാണെന്ന് വെളിയം പ്രഖ്യാപിച്ചു. പതിനെട്ടുസീറ്റില്‍ ഒറ്റക്കു മല്‍സരിക്കുമെന്ന് എഴുതിയ വാര്‍ത്താ കുറിപ്പും ആശാന്‍ മാധ്യമങ്ങള്‍ക്കു നല്‍കി. എന്നാല്‍ തൊട്ടടുത്ത ദിവസം ഒന്നും അറിഞ്ഞിട്ടില്ലാത്ത ഗംഗയെ കണക്കെ സിപിഐ സിപിഎമ്മിനൊപ്പം എല്‍ഡിഎഫ് യോഗത്തിലിരുന്നു. മുന്നണി പിളരുന്നതു കാണാന്‍ പുലര്‍ച്ചെ ഉണര്‍ന്നവര്‍ മണ്ടന്മാരായി. പറഞ്ഞുവന്നത് സിപിഎമ്മും സിപിഐയ്യും തമ്മിലുള്ളത് സത്യന്‍ അന്തിക്കാടിന്‍റെ സിനിമയിലെ കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതുമാതിരി പിണക്കമാണ്. ഇണങ്ങാന്‍ വേണ്ടിയാണ് അവര്‍ പിണങ്ങുന്നത്. ഇക്കുറി സംസ്ഥാന തലത്തിലല്ല മറിച്ച് മലപ്പുറം ജില്ലാ തലത്തിലാണ് പിണക്കം അരങ്ങേറുന്നത്. പൊന്നാനിതന്നെയാണ് വില്ലന്‍. പിവി അന്‍വറെന്ന ഇടത് മുതലാളി കുടുംബത്തിലെ സമാധാനം കളഞ്ഞുകൊണ്ടിരിക്കുകയാണ്. കാനം കളത്തിലിറങ്ങിയിട്ടില്ല. അതുകൊണ്ട് സിപിഐ കുടുംബത്തിലെ ഇളംതലമുറയെവച്ച് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്യുന്നു. 

അന്‍വറിനു പറ്റിയ തരക്കാരല്ല എഐവൈഎഫ് പിള്ളേര്‍ എന്നറിയാം. അതറിഞ്ഞുതന്നെയാണെന്നു തോന്നുന്നു കാനം മൗനീവാവ ആയിരിക്കുന്നതും. നല്ല പുളിച്ചതും വളിച്ചതുമായ മുദ്രാവാക്യമാണ് അന്‍വറിനെതിരെ പിള്ളേര്‍ വെച്ചുകാച്ചുന്നത്. പത്തുദിവസം മുമ്പ് ഇടത് മുതലാളി സ്ഥാനാര്‍ഥിക്കുവേണ്ടി മുദ്രാവാക്യം വിളിച്ച ഒരു തലമുറയെക്കൊണ്ട് ഇത്തരത്തില്‍ മാറ്റിവിളിപ്പിക്കാന്‍ കഴിഞ്ഞതില്‍ അന്‍വറിന് അഭിമാനിക്കാം. വാട്ടര്‍ തീംപാര്‍ക്കിലെ പൂളിലെ വെള്ളം മാറുന്ന ലാഘവത്തില്‍ കൂടെനിന്ന സിപിഐക്കാരെ തേച്ചത് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുന്നണികള്‍ അവലോകനത്തിരക്കിലാണ്. പതിനേഴ് സീറ്റൊക്കെയാണ് ഇടതും വലതും അവകാശപ്പെട്ടത്. എന്നാല്‍ രണ്ടുപടി കൂട്ടിയാണ് ബിജെപിയുടെ അവലോകന റിപ്പോര്‍ട്ട്. അല്ലെങ്കിലും ലേറ്റായി വരുമ്പോള്‍ ലേറ്റസ്റ്റായി വരണം എന്നാണല്ലോ. ഈ ലോക്സഭാ തിരഞ്ഞെടുപ്പു മാത്രമല്ല രണ്ടരവര്‍ഷം കഴിഞ്ഞു വരാനുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മുഴുവന്‍ സീറ്റിലും ജയിക്കുമെന്നാണ് താമരപ്പാര്‍ട്ടിയുടെ വിലയിരുത്തല്‍. കള്ളം പറഞ്ഞ് മടുത്തതുകൊണ്ടാണെന്നു തോന്നുന്നു വക്കീല്‍ ശ്രീധരന്‍ പിള്ളയല്ല വാര്‍ത്താ സമ്മേളനം നടത്തിയത്. തര്‍ക്ക ശാസ്ത്രത്തില്‍ വിരുതനായ ബി ഗോപാലകൃഷ്ണനെയാണ് ഇതിനായി നിയോഗിച്ചത്. കക്ഷി നല്ല വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ അങ്ങ് അവതരിപ്പിച്ചു.

സാക്ഷാല്‍ അമിത്ഷാക്കുപോലുമില്ലാത്ത ആത്മവിശ്വാസമാണ് ഗോപാലകൃഷ്ണനുള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീജെപി അധികാരത്തിലെത്തുമെന്നത് മുന്നില്‍ കണ്ടാണല്ലോ പണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ പ്ലാനില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി മുറിക്ക് ഇടം നീക്കിയത്. ഇത്രക്ക് ദീര്‍ഘവീക്ഷണമുള്ള നേതാക്കളെ മറ്റൊരു പാര്‍ട്ടിയിലും കാണാന്‍  കഴിയില്ല.

കള്ളവോട്ടും നല്ലവോട്ടും എങ്ങനെ തിരിച്ചറിയാമെന്നാണ് ഇനി പഠിപ്പിക്കാന്‍ പോകുന്നത്. ശബ്ദതാരാവലിയിലെ പദങ്ങള്‍ പരിഷ്കരിക്കാന്‍ സിപിഎം നിയോഗിച്ചിരിക്കുന്ന കമ്മിറ്റിയുടെ തലവനാണ് എഎന്‍ ഷംസീര്‍. മുമ്പ് എംവി ജയരാജനൊക്കെയിരുന്ന പോസ്്റ്റാണ്. മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. പാര്‍ട്ടിയുടെ ട്രോള്‍ വിഭാഗം കണ്‍വീനറായും ഷംസീറിനെ നിയമിക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ ഇപി ജയരാജനാണ് ഈ പദവിയിലുള്ളത്. ഷംസീര്‍ എട്ടുമണിക്ക് കൗണ്ടര്‍പോയിന്‍റിലുണ്ടെങ്കില്‍  ഒന്‍പതരയുടെ സറ്റയര്‍ കാണേണ്ടതില്ല പകരം ചര്‍ച്ച കണ്ട് ചിരിച്ച ഉളുക്കുതെറ്റി ടിവി ഓഫ് ആക്കാമെന്ന് തിരുവാ എതിര്‍വാ പ്രേക്ഷകര്‍ തീരുമാനിക്കുമോ എന്ന എളിയ പേടി നമുക്കുണ്ട്. എന്തായാലും എട്ടുമണി ചര്‍ച്ചക്ക് ഷംസീറിനുണ്ടായിരുന്ന ചാനല്‍ റേറ്റിങ്ങ് കൂടിയിട്ടുണ്ട്. 

കൗണ്ടര്‍പോയിന്‍റുകാരായ പ്രമോദ് രാമനും ഷാനിക്കും അയ്യപ്പദാസിനും നിഷക്കുമൊക്കെ എങ്ങനെ ഇങ്ങനെ ചിരിക്കാതിരിക്കാനാകുന്നുവെന്നതാണ് പഠനവിഷയം. കള്ളവോട്ടുചെയ്തവര്‍വരെ ഷംസീറിന്‍റെ മറുപടികള്‍ കേട്ട് സ്തംബ്ദരായത്രേ. ഇങ്ങനെ അപമാനിക്കാനാണെങ്കില്‍ പാര്‍ട്ടിക്കായി ഇനി കള്ളവോട്ട് ചെയ്യില്ലെന്നാണ് അക്കൂട്ടരുടെ തീരുമാനം.

കണ്ണൂരിലൊക്കെ പോളിങ് ദിവസം സിസിടിവി ക്യാമറക്കു മുന്നിലും അല്ലാതെയും അരങ്ങേറിയ ആ കലാപരിപാടിക്കു പറ്റിയ പേര് കണ്ടുപിടിക്കാന്‍ കഴിയുന്നവര്‍ ദയവുചെയ്ത് അത് ഷംസീറിനെ എഴുതി അറിയിക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് ഇന്നത്തെ കാഴ്ചകള്‍ അവസാനിപ്പിക്കുകയാണ്. തിരുവാ എതിര്‍വാ മുന്‍ എപ്പിസോഡുകള്‍ മനോരമ ന്യൂസ് ഡോട്കോമിലും യുട്യൂബിലും നിങ്ങളെകാത്തിരിപ്പുണ്ട്. റഫര്‍ ചെയ്യാവുന്നതാണ്.

MORE IN THIRUVA ETHIRVA
SHOW MORE