ലീഗിനോട് കടപ്പെട്ട് സിപിഎം; ഇല്ലെങ്കില്‍ ഒറ്റപ്പെട്ടുപോയേനെ; തിരുവാ എതിര്‍വാ

thiruva-ethirva-fake-vote
SHARE

കള്ളവോട്ട് ഒരു ആചാരം മാത്രമല്ല അതൊരു കലയാണെന്നു വരെ പ്രഖ്യാപിക്കപ്പെടേണ്ടത്.  അങ്ങനെ അതും സംഭവിച്ചു. കണ്ണൂര് കാസര്‍കോട് മേഖലയിലെ സിപിഎം കള്ളവോട്ടര്‍മാര്‍ക്ക് ഒരു കമ്പനിക്ക് സിപിഎം തന്നെ കുറച്ച് പേരെ കണ്ടെത്തി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലി ലീഗുകാരാണ് അപ്പറഞ്ഞവര്‍. കഴിഞ്ഞ ദിവസം തന്നെ സിപിഎം തെളിവുതേടിയുള്ള യാത്രയിലായിരുന്നു. കിട്ടിയ നിര്‍ണായ രേഖകള്‍ വച്ചാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മാധ്യമങ്ങളെ കണ്ടത്. ചില ദൃശ്യങ്ങളുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് ഏര്‍പ്പാട് ചെയ്തിരുന്നു. 

ഏതായാലും മുസ്്ലിം ലീഗിനോട് കടപ്പെട്ടിരിക്കണം സിപിഎം. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടുപോയേനെ. അതായത് കക്ഷി രാഷ്ട്രീയ ഭേദമന്യേ, മതസാമുദായിക വ്യത്യാസമില്ലാതെ ആളുകള്‍ ഒരുമിക്കുന്ന ഒരു സാംസ്കാരി പരിപാടിയാണ് ഈ കള്ളവോട്ടെന്ന് മനസിലായില്ലോ. അത് ഒരു ആചാരമാണ് സിപിഎമ്മിനെ സംബന്ധിച്ചെന്ന് കെപിസിസി പ്രസിഡന്‍റും കണ്ണൂരില്‍ നിന്ന് പലതവണ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ആ ആചാരം ഇത്രമാത്രം ഒത്തൊരുമയോടെയൊക്കെ ചെയ്യുന്ന സ്ഥിതിക്ക് അതിനെയൊന്നും ചുമ്മാ നിയമം പറഞ്ഞ് തെറ്റിക്കാന്‍നിക്കണ്ട. വിശ്വാസമാണല്ലോ നമുക്ക് പ്രധാനം. ആ നിലയ്ക്ക് സിപിഎമ്മിനെയൊക്കെ കള്ളവോട്ടില്‍ പ്രോല്‍സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്.

കള്ളവോട്ട് കൈയ്യോടെ പിടികൂടിയതൊന്നും പോരാ പോലും കോണ്‍ഗ്രസിന്. ഇനി വേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ വന്ന് രണ്ടു മിണ്ടണം പോലും. നടന്നത് തന്നെ. ഇതിലും എളുപ്പമുള്ള പരിപാടി ആ കള്ളവോട്ടുകാരോട് വോട്ടുചെയ്യാന്‍ പോകരുത് എന്ന് പറയലായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളെ വല്യഇഷ്ടമാണ്. വല്ലാതെ പ്രോല്‍സാഹിപ്പിച്ചുകളയും.  ഒരു കൂട്ടിന് കൂടെ വരാനും പറയും. ഇനിയിപ്പോ ലീഗുകാരുടെ കള്ളവോട്ടിന് പുറമേ കോണ്‍ഗ്രസുകാരുടെ കള്ളവോട്ടെങ്ങാനും പിടിക്കപ്പെട്ടാലും ഇതു പറയണം സാര്‍.

ശുദ്ധീകരണ കലശങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നു. ഒന്നുല്ലെങ്കിലും നവോത്ഥാന കാലത്തിലൂടെ പറന്നുകളിക്കുന്ന ഒരു ദേശമാണല്ലോ ഈ കേരളം. അതുകൊണ്ട് ഈ ആചാരവും തിരുത്തപ്പെടട്ടേ. അതിനിടയില്‍ മറ്റൊരു കാര്യം ചോദിക്കട്ടെ. എന്തായി താങ്കളും താങ്കളുടെ പാര്‍ട്ടിയും നേരിടുന്ന ദാരിദ്ര്യം. വല്ല ശമനവുമുണ്ടോ?

ആ അത് പിന്നേ ഈ കല്യാണങ്ങള്‍ക്കൊന്നും വിളിക്കാത്തതിന്‍റെ ചൊരുക്കുകൊണ്ടാണ് മുല്ലപ്പള്ളി ഇങ്ങനെ പറയുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. വേണമെങ്കില്‍ ഈ പറഞ്ഞ കോടീശ്വരന്‍മാരൊക്കെ ഒന്ന് പോയി മുല്ലപ്പള്ളിയെ കല്യാണങ്ങള്‍ക്ക് ക്ഷണിച്ചുനോക്ക്.. അപ്പോ കാണാം.

സിപിഎം അങ്ങനെയൊക്കെ പറയും. അവര്‍ക്കതും പറയാം. എത്രകോടി സംഭാവന വാങ്ങിയാലും അത് ബക്കറ്റിലേക്ക് ഇടീക്കുകയാണ് പതിവ്. അതുകൊണ്ട് അതിനൊരു തൊഴിലാളി വര്‍ഗ സ്വഭാവം കിട്ടും. ഏതു സമ്പന്നന്‍ തന്നാലും അതു ബക്കറ്റിലൂടെ വാങ്ങുമ്പോള്‍ അതിന് ബുര്‍ഷ്വാ സ്വഭാവം നഷ്ടപ്പെടുമെന്നുമാണ് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക തലത്തില്‍ നിന്ന് വിലയിരുത്തി കണ്ടുപിടിച്ചത്. അതുകൊണ്ട് കോണ്‍ഗ്രസിനും അക്കാര്യം പരീക്ഷിക്കാവുന്നതാണ്. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, കൈയ്യിട്ടുവാരിയാല്‍ എത്ര കോടി കിട്ടിയാലും ബക്കറ്റില്‍ കാണില്ല. 

MORE IN THIRUVA ETHIRVA
SHOW MORE