പ്രധാനമന്ത്രിയായാല്‍ ഇങ്ങനെതന്നെ വേണം; കേരളം ഹിറ്റോട് ഹിറ്റ്

modi-thiruva
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ഇന്നാണ്. ഉത്തര്‍ പ്രദേശിലെ വാരാണസിയിലാണ് രണ്ടാം അങ്കത്തിന് മോദി ഇറങ്ങുന്നതെങ്കിലും ഇങ്ങ് ദക്ഷിണേന്ത്യയിലെ നമ്മുടെ മലയാളികളുടെ നാടായ കേരളത്തെ രണ്ടു പറഞ്ഞിട്ടാണ് വോട്ട് ചോദിച്ചു തുടങ്ങിയത്. അങ്ങനെ ബംഗാളിനൊപ്പം കേരളവും ഹിറ്റോട് ഹിറ്റ്. സൊമാലിയയെപ്പോലെ എന്നൊക്കെ ഉപമിച്ച് ദാരിദ്ര്യത്തിന്‍റെ നാടാക്കി മാറ്റിയ അതേ നാടിനെ പാക്കിസ്ഥാനെന്ന് വിളിച്ചതിനുശേഷമാണ് തനി ഗുണ്ടായിസത്തിന്‍റേയും അക്രമത്തിന്‍റേയും നാടുകൂടിയാക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാല്‍ ഇങ്ങനതന്നെ വേണം. ചുരുങ്ങിയത് മലയാളിക്കെങ്കിലും സ്വന്തം പ്രധാനമന്ത്രിയുടെ രാജ്യത്തെക്കുറിച്ചുള്ള കാര്യവിവരബോധത്തെക്കുറിച്ച് സംശയം തോന്നിയാല്‍ അതൊരു തെറ്റേയല്ല. വലിയ ശരിയുമാണ്. കേരളത്തിലെ ബിജെപിക്കാര്‍ വരെ സ്വയം ഒന്നു നുള്ളിനോക്കുന്നതും നന്നാവും.

*********************************

കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടൊക്കെയാണ് പത്രിക സമര്‍പ്പിക്കാന്‍ പോയത്. അതിനു തൊട്ടുമുന്‍പായിരുന്നു സമ്മേളനം. സംഗതി ഇതാണ്, കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ അവസ്ഥയാണ് മോദി വിശദീകരിച്ചത്. വോട്ടുചെയ്യാന്‍ പോകുന്ന കേരളത്തിലെ ബിജെപിക്കാരൊന്നും തിരിച്ച് വീട്ടില്‍ കയറിച്ചെല്ലുമെന്ന് ഉറപ്പില്ലാതെയാണത്രെ രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നത്. വളരെ കഷ്ടം തന്നെ. സ്വന്തം ജീവിതം പണയംവച്ച് കേരളത്തില്‍ പ്രവര്‍ത്തനത്തിനിറങ്ങുന്ന ബിജെപിക്കാരുടെ അവസ്ഥ നമ്മള്‍ കാണാതെ പോകരുത്. ഒന്നുമില്ലെങ്കിലും പ്രധാനമന്ത്രി മൈക്ക് കെട്ടി വിളിച്ചുപറഞ്ഞ കാര്യമാണ്. ഇനിയിപ്പോ ജീവന്‍ പണയം വച്ചും ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട പ്രവര്‍ത്തകരെക്കുറിച്ചാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. 

************************************

നീന്തല്‍ അറിയാതിരുന്നിട്ടും തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി നാലു വോട്ടുകിട്ടാന്‍ ചില ബിജെപി സ്ഥാനാര്‍ഥികള്‍ ആറ്റില്‍ ചാടുന്നതൊക്കെ കണ്ടിട്ടുണ്ട്. ഇനി ഇതിനെയാണോ ജീവന്‍ പണയം വച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനമെന്ന് മോദിജി ഉദ്ദേശിച്ചെന്ന് അറിയില്ല. സംഗതി എന്തായാലും ഉത്തരേന്ത്യയിലെൊക്കെ ചിലരെ കാണുമ്പോള്‍ നാട്ടുകാര്‍ക്കാണ് പേടിയെങ്കില്‍  ഇവിടെ ആ ചിലര്‍ക്ക് നാട്ടുകാരെയാണ് പേടി എന്ന കാര്യത്തില്‍  ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. അതുകൊണ്ട് മനസമാധാനമായി നടക്കാനും ഇഷ്ടഭക്ഷണമൊക്കെ കഴിക്കാനും ഇവിടെ പറ്റുന്നുണ്ട്. അതൊരു തെറ്റൊന്നും അല്ലല്ലോ.

**********************************

ബലമായ സംശയം മോദിജിക്ക് സ്വന്തം സര്‍ക്കാരിലെ ആഭ്യന്തരമന്ത്രാലയത്തേക്കാളും വിശ്വാസം കേരളത്തിലെ ബിജെപിക്കാരെയാവും. തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സീറ്റൊന്നും കിട്ടുന്നുമില്ല. ആ നേരത്ത് പിള്ളാജി, സുരേന്ദ്രജി, കുമ്മനംജി ഇത്യാദി ജീവികള്‍ ഡല്‍ഹിയില്‍ പോയി വല്ല സെന്‍റിയും അടിച്ചതാവാനാണ് സാധ്യത. അങ്ങനെയൊരു സെന്‍റിയില്‍ വീണ് വഴക്കില്‍ നിന്നും ഇംപോസിഷനില്‍ നിന്നും രക്ഷനേടാന്‍ പറ്റിയെങ്കില്‍ നല്ലത്. പക്ഷേ മോദിജി, അങ്ങ് പ്രധാനമന്ത്രിയാണല്ലോ, ഈ രാജ്യത്തിന്‍റെ....ആ രാജ്യത്തെ സംസ്ഥാനമാണല്ലോ കേരളം. അക്രമത്തിന്‍റേയും കൊലപാതകങ്ങളുടേയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കൊക്കെ ഒന്ന് പരിശോധിക്കാമായിരുന്നു. നുണകള്‍ പ്രചരിപ്പിക്കുന്നത് ഏതായാലും ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ച് ശരിയാണോ? ആണോ?

*******************************

രണ്ടുദിവസത്തെ തലപുകച്ച ആലോചനയ്ക്കും കണക്കുകൂട്ടലിനും ശേഷം സിപിഎം ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലെ പ്രതീക്ഷകള്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. അങ്ങനെ സെക്രട്ടറിയേറ്റ് കൂടി കൂട്ടലും കിഴിക്കലും നടത്തി കാര്യം പറയാന്‍ സെക്രട്ടറി കോടിയേരിയെ ചുമതലപ്പെടുത്തി. കോടിയേരി സഖാവ് ഉള്ളം നിറയ്ക്കുന്ന പ്രതീക്ഷകളുമായി വന്നിട്ടുണ്ട്. സ്വാഗതം ചെയ്യാം. ആദ്യം നന്ദിപ്രകടനമാണ്. അത് കഴിഞ്ഞ് കാര്യപരിപാടിയിലേക്ക് വരാം. 

******************************

സിപിഎം സെക്രട്ടറിയേറ്റ് ചേര്‍ന്ന് ഇത്തരത്തിലൊരു വിജയമാണ് ഇടതുമുന്നണി നേടാന്‍ പോകുന്നതെന്ന് തീരുമാനിക്കാന്‍ മൂന്നുദിവസം എടുത്തു. അത്രയേറെ സങ്കീര്‍ണമായിരുന്നു കണക്കുകള്‍. ഒരു പോയിന്‍റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ജയം തോല്‍വിയായിപ്പോവും. അപ്പോ പിന്നെ എങ്ങനെയെങ്കിലും ജയിക്കേണ്ടതിന്‍റെ സാധ്യതപഠനമാണ് ആദ്യം നടന്നത്. അതിലേക്ക് കിട്ടിയ കണക്കുകള്‍ യോജിപ്പിച്ചപ്പോള്‍ അതാ....18 സീറ്റ് ഈസിയായിങ്ങ് പോരുകയല്ലേ. 

******************************

ഭൂരിപക്ഷ ധ്രുവീകരണം നടന്നോ എന്ന് ചോദിച്ചാല്‍ ഏയ് നടന്നിട്ടില്ല. എന്നാ പിന്നെ ന്യൂനപക്ഷ ഏകീകരണം നടന്നോ എന്നു ചോദിച്ചാല്‍ അതുണ്ട്. ബിജെപി കോണ്‍ഗ്രസിന് വോട്ടും മറിച്ചിട്ടുണ്ട്. എന്നിട്ടും 18ും അതില്‍ കൂടുതലും സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെങ്കില്‍ അതൊരു ഒന്നൊന്നര മാജിക്ക് ആയിരിക്കും. ഇത്തരത്തിലൊരു നിഗമനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ച സഖാക്കളെ എത്ര സമ്മതിച്ചാലും മതിയാവില്ല. രാഹുല്‍ ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും മാത്രമായിരിക്കും ആ മാജിക്കില്‍ നിന്ന് രക്ഷപ്പെട്ടുപോകുന്നവര്‍. 

ഇങ്ങനെയൊക്കെയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി സഖാവിന് മാധ്യമങ്ങളോട് പുഞ്ചിരി തൂകാമായിരുന്നു.

**********************************

മുല്ലപ്പള്ളി രാമചന്ദ്രന്‍ മലയാള ഭാഷപ്രയോഗത്തിലെ തന്നെ ഗംഭീര കക്ഷിയാണ്. സാധാരണ വാങ്മൊഴികള്‍ പറയുന്നതിലല്ല മുല്ലപ്പള്ളിയുടെ ശ്രദ്ധ. കടുകട്ടി വാക്കുകള്‍, സാഹ്യത്യസമാനമായ പ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ നടത്തിക്കളയും. ഇപ്പോ ഈയടുത്ത് ഉപമാ, ഉല്‍പ്രേക്ഷ അലങ്കാരങ്ങളും വാരിക്കോരി പ്രയോഗിച്ചുതുടങ്ങിയിട്ടുണ്ട്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനാണ് ഏറ്റവും ഒടുവിലായി മുല്ലപ്പള്ളിയുടെ അലങ്കാരപ്രയോഗത്തില്‍ സ്തംബ്ധനായിപ്പോയത്. പ്രേമചന്ദ്രന്‍ മാത്രമല്ല, ഈ മലയാള മണ്ണ് വരെ ഉലഞ്ഞുപോയില്ലേ മുല്ലപ്പള്ളിജീ.

MORE IN THIRUVA ETHIRVA
SHOW MORE