പാര്‍ട്ടി ചെറുതാണെങ്കിലും കണക്കുകൂട്ടലുകള്‍ വലുതാണ്; ജോസുമോന്‍റെ യാത്ര

jose-k-mani-kerala-yatra
SHARE

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം മുതല്‍ മൈക്രോ ഫൈനാന്‍സ് അഴിമതിക്കാരന്‍ എന്നായിരുന്നു വെള്ളാപ്പള്ളി നടേശനെ പിണറായിയും സംഘവും വിളിച്ചിരുന്നത്. ഇന്നിപ്പോള്‍ ഇതേ നടേശേട്ടന്‍ പ്രസിഡിന്‍റായ കണിച്ചികുളങ്ങര ക്ഷേത്രത്തിന് മാക്രോ ലെവലില്‍ മൂന്നരക്കോടി രൂപ അനുവദിച്ചാണ് ആ പഴയ വിളി സര്‍ക്കാര്‍ മായിച്ചിരിക്കുന്നത്.  

****************************

ഇന്നു മുഴുവന്‍ യാത്ര പറച്ചിലുകളാണ്. എന്നുവച്ചാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവിധ യാത്രകളെക്കുറിച്ചുള്ള പറച്ചില്‍. വടക്കുനിന്ന് തെക്കോട്ടും തെക്കുനിന്ന് വടക്കോട്ടുമൊക്കെ വിവിധ പാര്‍ട്ടികള്‍ വിവിധ പേരുകളില്‍ അങ്ങനെ നീങ്ങുകയാണ്. ഇതൊക്കെകണ്ടുമടുത്ത് പടിഞ്ഞാറ് കടലില്‍ ചാടണോ എന്നാണ് ജനം ആലോചിക്കുന്നതെന്നുമാത്രം. കൊടിയുടെ നിറവും യാത്രയുടെ പേരും പലതാണെങ്കിലും കണ്ണ് വോട്ടര്‍മാരുടെ മേലാണെന്നതില്‍ തെല്ലും സംശയംവേണ്ട. പരസ്പരം ചെളിവാരിയെറിഞ്ഞാണ് കോടിയേരി ഡ്രൈവറായുള്ള ഇടത് യാത്രയും മുല്ലപ്പള്ളി ഡ്രൈവറായുള്ള വലത് യാത്രയും പോകുന്നത്. ജനമഹായാത്ര എന്നാണ് യുഡിഎഫ് വണ്ടിയുടെ പേര്. ആ പേര് കോടിയേരിക്ക് തെല്ലും ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ തന്‍റെ യാത്രയുടെ ആദ്യ ദിനം കോടിയേരി വിനിയോഗിച്ചത് എതിരാളികളുടെ യാത്രയെ താറടിക്കാനായിരുന്നു

****************************

മുല്ലപ്പള്ളിയുടെ യാത്ര തൃശൂര്‍ പിന്നിട്ട് മധ്യകേരളത്തിലേക്കെത്തി. പാര്‍ട്ടിആസ്ഥാനം വിട്ട് കളിയില്ലെന്ന് പ്രഖ്യാപിച്ച കോടിയേരി തലസ്ഥാനത്തുനിന്ന് തുടങ്ങുകയും ചെയ്തു. പണം പിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി പതിയെയാണ് മുല്ലപ്പള്ളിയുടെ പോക്ക്. വണ്ടി തീരെയങ്ങ് സ്ലോ ആകാതിരിക്കാന്‍ കൈകൊണ്ടല്ല കാശ് എണ്ണുന്നത്. അതിനായി യാത്രയെ യന്ത്രവത്കരിച്ചു. ട്രാക്ടര്‍ വന്നപ്പോളും കമ്പ്യൂട്ടര്‍ വന്നപ്പോളുമെല്ലാം ആദ്യം കുറ്റംപറഞ്ഞിട്ടുള്ള ഇടത് സ്വഭാവം നോട്ടെണ്ണല്‍ യന്ത്രത്തോടും കോടിയേരി കാണിച്ചു. ഇന്ത്യയെ കണ്ടെത്താനുള്ള മുല്ലപ്പള്ളിയുടെ ഉദ്ദേശ ശുദ്ധിയെ കോടിയേരി പരിഹസിക്കുകയാണ്. അപ്പോ  ഇടത് യാത്രയുടെ പേരറിയാന്‍ ആര്‍ക്കുമൊരു കൗതുകം തോന്നും തോന്നും . പറഞ്ഞുതരാം. കേരള സംരക്ഷണ യാത്ര. സ്വന്തം മുന്നണി കേരളം ഭരിക്കുമ്പോള്‍ കോടിയേരി അതേ കേരളത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. എന്നിട്ടാണ് ഇന്ത്യയെ കണ്ടെത്താനിറങ്ങിയ മുല്ലപ്പള്ളിയെ കളിയാക്കുന്നത്.  ആദ്യം നീ നന്നാക് എന്നിട്ട് സ്വയം നന്നാക്കാന്‍ നോക്ക്. വെള്ളമടിസീനിലാണെങ്കിലും തെങ്കാശിപ്പട്ടണത്തില്‍ ലാല്‍ പറഞ്ഞത് കറക്ടാണ്.

****************************

ഹല ഹല ഹലോ ഒരു മിനിട്ട്. എത്രനാള്‍ മുമ്പ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാരാ.

****************************

ഒറ്റത്തവണകൂടി ഒന്ന് പറയുവാരുന്നേല്‍ ക്ലിയറായേനേ

****************************

ഞങ്ങള്‍ക്കും ഒന്നും മനസിലാകുന്നില്ല. അതാണ് പ്രശ്നം. പ്രത്യേകിച്ച് ഭാഷയുടെയും ഉച്ചാരണത്തിന്‍റെയും വാക് പ്രയോഗിത്തിന്‍റെയും കാര്യത്തില്‍ മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ കോടിയേരിക്കോ ഇടത്പക്ഷത്തിന്‍റെ ഈ യാത്രക്കോ കഴിയില്ല. കടുകട്ടി പ്രയോഗത്തിലൂടെ മുല്ലപ്പള്ളി നനച്ചുവച്ചിരിക്കുന്ന മൈക്കുകളാണ് ഈ സഞ്ചാരത്തിലുടനീളം ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്

****************************

യാത്ര ഒന്നുരണ്ടു സ്റ്റോപ്പ് പിന്നിട്ടപ്പോള്‍ മുല്ലപ്പള്ളിയെ പറയുന്നത് കോടിയേരിയും നിര്‍ത്തി. ഇനിയങ്ങോട്ട് ഏതുനിമിഷവും ഇരുവരും തമ്മില്‍ കണ്ടുമുട്ടാം. അതുകൊണ്ടാവണം. പിന്നെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പാണല്ലോ ഇതിന്‍റെയൊക്കെ ഒരു അടിസ്ഥാനം. അതുകൊണ്ട് ബിജെപിയെ പറയാതിരിക്കാനാവില്ല. മുല്ലപ്പള്ളി അണികളുടെ പോക്കറ്റാണ് തപ്പുന്നതെങ്കില്‍ കോടിയേരി നാട്ടാരുടെ ബാങ്ക് അകൗണ്ടാണ് പരിശോദിക്കുന്നത്. വോട്ട് നേടാന്‍ ആര്‍ക്കെങ്കിലും പണ്ട് നല്‍കാമെന്നുപറഞ്ഞ പതിനഞ്ചുലക്ഷം മോദി നല്‍കിയോ എന്ന സംശയമാണ് ഈ പരിശോധനയുടെ പിന്നിലുള്ളത്

****************************

ഇടതുപക്ഷത്തിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ മറ്റുള്ളവര്‍ പറയുന്നത് പൊതുവേ വിശ്വസിക്കാറില്ല. പ്രത്യേകിച്ച് തങ്ങള്‍ക്ക് എതിരായ വര്‍ത്തമാനങ്ങളെ. എക്സിറ്റ് പോളുകളെയോ സര്‍വെകളെയോ പാര്‍ട്ടി അംഗീകരിക്കും, പക്ഷേ അത് അവര്‍തന്നെ നടത്തുമ്പോളാണെന്നുമാത്രം. ബ്രാഞ്ച് കമ്മറ്റികളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലോക്കല്‍കമ്മിറ്റി വീണ്ടും പരിശോധിക്കുകയും പിന്നീട് ഏരിയാകമ്മറ്റിക്ക് നല്‍കുകയും ചെയ്യും. അവരത് ജില്ലാക്കമ്മിറ്റിവഴി എകെജി സെന്‍ററിലെത്തിക്കും. അങ്ങനെ എത്തുന്നതല്ലാത്ത ഒരു റിപ്പോര്‍ട്ടും അംഗീകരിക്കരുത് എന്നത് പാര്‍ട്ടി നയമാണ്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെയാണ് സര്‍വെകാട്ടി പേടിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

****************************

സര്‍വെ ഫലം കണ്ട് വിഭ്രംജിച്ച് നില്‍ക്കുന്ന സഖാക്കള്‍ ഇത് ഒരു മുന്നറിയിപ്പ് ശകാരമായി കരുതണമെന്ന് പറഞ്ഞുകൊണ്ട് എടുക്കുകയാണ് ഒരു ഇടവേള.

 ****************************

ഒരുവീട്ടില്‍ രണ്ടടുക്കള. സീരിയല്‍ കഥയോ പൈങ്കിളി നോവലോ അല്ല. കേരളകോണ്‍ഗ്രസ് മാണി കുടുബത്തിലെ കാര്യമാണ് പറയുന്നത്. ജോസ് കെ മാണിയുടെ പോക്കിനെ നാലാളറിയുന്ന യാത്രയാക്കിമാറ്റിയതില്‍ പിജെ ജോസഫിനുള്ള പങ്ക് ചെറുതല്ല. ഞാനറിയാത്ത യാത്ര എന്നുപറഞ്ഞ് ചുവപ്പുലൈറ്റ് കാട്ടിയ ജോസഫ് തൊട്ടുപിന്നാലെ കൊടിവീശി ജോസുമോന് മംഗളം നേര്‍ന്നു. യാത്ര സ്വന്തം നാടായ തൊടുപുഴയിലെത്തിയപ്പോള്‍ നൈസായി ഒന്ന് വലിപ്പിച്ച് ജോസുമോനെ ടെന്‍ഷനാക്കി. ഒടുവില്‍ സമാപനത്തിനെത്താതെ വിമാനം കയറി. എല്ലാം ഈ നാടിന് വേണ്ടിയാണ്. മാണിഗ്രൂപ്പ് പിളരാതിരിക്കാന്‍ റബര്‍ക്കറ ജാസ്തി തേച്ച് ഒട്ടിപ്പിടിപ്പിട്ടുനിര്‍ത്തുന്ന ഭഗീരഥ പ്രയത്നം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. രണ്ടുസീറ്റ്.. അതിലൊന്ന് അല്ലെങ്കില്‍ ആകെയുള്ളതൊന്ന്. അതാണ് ജോസഫ് മാനത്തുകാണുന്ന പോളിസി. എന്തിരാകുവോ എന്തോ

****************************

ജോസുമോന്‍റെ യാത്ര അവസാനിക്കുന്നതിന് മുമ്പേ സമാപനത്തിന് ആശംസകള്‍ ‍നേര്‍ന്ന് ജോസഫ് എത്തിയിരുന്നു. നമ്മള്‍ അഡ്വാന്‍സ് ബര്‍ത്ത് ‍ഡേ വിഷ് എന്നൊക്കെ പറയാറില്ലേ. അങ്ങനെ കരുതിയാ മതി

****************************

പാര്‍ട്ടി ചെറുതാണെങ്കിലും കണക്കുകൂട്ടലുകള്‍ വലുതാണ്. ആ ഒറ്റ സ്വഭാവമാണ് ഈ പാര്‍ട്ടിയെ ഇക്കാണുന്ന തരത്തില്‍ വളര്‍ത്തിയതും. ജോസഫ് അത്രകണ്ട് മനസ് തുറന്ന് പറയില്ലെങ്കിലും മോന്‍സ് ജോസഫ് അങ്ങനെയല്ല. മോന്‍സ് ആരാ മോന്‍

****************************

ചുക്കില്ലാത്ത കഷായംപോലെ എന്നമൊഴി കോട്ടയം സീറ്റില്ലാത്ത കേരള കോണ്‍ഗ്രസ് പോലെ എന്നാക്കിമാറ്റുമോ എന്നാണ് ഭാഷാ സ്നേഹികള്‍ കാത്തിരിക്കുന്നത്. അപ്പോ കാത്തിരിപ്പ് തുടരട്ടേ.

MORE IN THIRUVA ETHIRVA
SHOW MORE