അധോലോകത്തിന് വരെ പേടിസ്വപ്നം; പിസിയെ വേണ്ടത്ര മനസിലാകാതെ രവി പൂജാരി

pc-george-ravi-thiruva
SHARE

പി.സി.ജോര്‍ജ് ഇവിടെ ജനിക്കേണ്ട ആളേയല്ല. അല്ലെങ്കില്‍ പിന്നെ മുംബൈ അധോലോകത്തില്‍പെട്ട കുപ്രസിദ്ധ രാജ്യാന്തര അധോലോക നേതാവ് രവി പൂജാരിയൊക്കെ സ്വന്തം നിലയ്ക്ക് ക്വട്ടേഷന്‍ എടുക്കുക എന്നു വച്ചാല്‍ പി.സി. അങ്ങനെ നമ്മള്‍ കരുതുംപോലെയുള്ള ആളല്ലെന്ന് ചുരുക്കം. ആഫ്രിക്കന്‍ രാജ്യമായ സെനലഗലില്‍ ഇരുന്നൊക്കെയാണ് രവി പൂജാരി പി.സി. ജോര്‍ജിനിട്ട് ക്വട്ടേഷന്‍ എടുത്തത്.  വേണ്ടത്ര പരിശോധനകളോ അന്വേഷണങ്ങളോ നടത്താതെയാവണം ഈ തീരുമാനം. ഏല്ലെങ്കില്‍ പിന്നെ ചിലപ്പോ പൂജാരി ജീവിതം മടുത്തിട്ടുണ്ടാണം.

ഒരു അധോലോക കുറ്റവാളിയുടെ ഇമേജ് ഇല്ലാതായികിട്ടി എന്നതില്‍ കവിഞ്ഞ് പ്രസ്തുത ക്വട്ടേഷന്‍ വഴി രവി പൂജാരിക്ക് യാതൊരു ലാഭവും കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ഈ നാട്ടിലെ ലോക്കല്‍ ഗുണ്ടകള്‍ വരെ മാറിനിന്നിട്ടേയുള്ള പി.സിക്ക് മുന്നില്‍. പി.സി. ഇടപെടുന്ന വിഷയും പറയുന്ന കാര്യങ്ങളും കേട്ട് മലയാളി പോലും അങ്ങേരെ തിരിഞ്ഞുനോക്കാതായിട്ട് കാലം കുറച്ചായി. 

പിന്നെ നാടോടുമ്പോ നടുകേ ഓടാതിരിക്കുകയും പിന്തിരിഞ്ഞ് വേറെ വഴിക്ക് ഓടുകയും ചെയ്ത് തന്‍റെ നിറസാന്നിധ്യം അറിയിക്കുന്നതില്‍ വിരുതനായതുകൊണ്ടാണ് പി.സി. ജോര്‍ജ് ഇങ്ങനെ വിജയിച്ചുനില്‍ക്കുന്നത്. പക്ഷേ രവി പൂജാരിക്ക് ക്വട്ടേഷന്‍ ഒപ്പിടുന്നതിന് മുമ്പ് പി.സി.യെക്കുറിച്ച് ഒന്നന്വേഷിക്കാമായിരുന്നു.

അധോലോകത്ത് ഇന്‍റര്‍നെറ്റ് സൗകര്യമൊക്കെ വേണ്ടപോലെയുണ്ട്. ഒന്നാമത് പി.സിയെ വിളിച്ചത് തന്നെ ഇന്‍റര്‍നെറ്റ് കോളിലൂടെയാണ്. ആ നേരത്ത് ഗൂഗിളില്‍ കയറി ആരാ ഈ പി.സി.ജോര്‍ജ് എന്നൊന്ന് അന്വേഷിക്കാമായിരുന്നു. പോരാത്തതിന് യൂട്യൂബിലൊക്കെ നോക്കിയിരുന്നെങ്കില്‍ ഇഷ്ടംപോലെ വീഡിയോകളും കിട്ടിയേനെ.  പി.സി.ഇത്രേം കാലം വിളിച്ചുപറഞ്ഞ തെറികളും മറ്റും കണ്ടിരുന്നെങ്കില്‍ രവി പൂജാരി ഈ പണിക്ക് നില്‍ക്കുമായിരുന്നോ? ഏയ് ഒരു വഴിയുമില്ല.

ഭാഷ പി.സി.ജോര്‌‍ജിന് ഒരു പ്രശ്നമേയല്ലെന്ന് ഈയടുത്ത് തെളിഞ്ഞതാണ്. തെറിയുടെ കാര്യത്തില്‍ പി.സി. ജോര്‍ജിനെ പിന്തിരിപ്പിക്കാന്‍ ഭാഷാ വ്യത്യാസം ഒരു തടസമ്മല്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസില്‍ ഇംഗ്ലീഷ് ചാനല്‍ ചര്‍ച്ചയില്‍ പി.സി.ജോര്‍ജ് തെറിവിളിച്ചത് ഓര്‍മയില്ലേ. അതൊക്കെ ഭാഷ അറിഞ്ഞിട്ടാ. അല്ലേയല്ല.

പൂജാരിയുടെ ഒറ്റകോളിലും മെസേജിലും പി.സി. ജോര്‍ജ് എടുക്കേണ്ട മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ഈ ഗുണ്ടായിസത്തിന്‍റേയും അധോലോകത്തിന്‍റെയും പ്രവര്‍ത്തന രീതി നല്ലവണ്ണം അറിയുന്ന ആളാണ് പി.സി.ജോര്‍ജ്. മുതലകളെ വളര്‍ത്താറില്ലാ എന്നേയുള്ളു. പൂഞ്ഞാറ്റിലെ കിരീടം വയ്ക്കാത്ത ഒരു ഒന്നൊന്നര ഡോണ്‍ ആണല്ലോ നമ്മുടെ ഈ പി.സി. അതുകൊണ്ട് ഒരു മുളം മുന്‍പേ എറിയാനുള്ളതൊക്കെ പി.സി. എറിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കാത്തിരിപ്പായിരുന്നു രവി പൂജാരിക്ക് വേണ്ടി.

ഇനിയെന്താലും രവി പൂജാരി ഇത്തരം അതിസാഹസികതകള്‍ക്ക് മുതിരാന്‍ വഴിയില്ല. മുംബൈ അധോലോകത്തിലെ പേരുകേട്ടവരെ വിറപ്പിക്കുന്നപോലെയല്ല ഈ പി.സി. ജോര്‍ജെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നല്ലത്. ഇല്ലെങ്കില്‍ രവി പൂജാരിയുടെ ഭാവി അവതാളത്തിലാവും. ഇനി സംഭവിക്കാന്‍ പോകുന്നത് ഇതാണ്. ഈ പൊലീസ് സ്റ്റേഷനില്‍ കുപ്രസിദ്ധ കുറ്റവാളികളുടെ ഫോട്ടോ വയ്ച്ചിട്ട് ഇവരെ സൂക്ഷിക്കുക എന്നെഴുതി തൂക്കുന്നപോലെ അധോലകക്കാരുടെ ഓഫിസ് മുറികളില്‍ പി.സി.ജോര്‍ജിന്‍റെ പടം വച്ചിട്ട് ഇവനെ സൂക്ഷിക്കുക എന്നും റോങ് നമ്പറായിപോലും പി.സി.യുടെ ഫോണിലേക്ക് വിളിച്ചുപോവരുതെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒന്നാമത് ഏത് കോള്‍ വന്നാലും അറ്റന്‍ഡ് ചെയ്ത് സംസാരിക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ് ഈ  പി.സി.ജോര്‍ജ്.

ഇന്ത്യയില്‍ നിന്ന് ഭാഷയുടെ പേരില്‍ ലോകപ്രശസ്തിയിലെത്തിയ രാഷ്ട്രീയക്കാരന്‍ ശശി തരൂരാണ്. അദ്ദേഹത്തിന് പലപല ഭാഷകള്‍ അറിയാം. പക്ഷേ ഒരൊറ്റ ഭാഷവച്ച് ലോകത്തിലെ പലരേയും ഞെട്ടിച്ച് കുത്തുവാളെടുപ്പിച്ച ആളാണ് നമ്മുടെ ഈ പി.സി.ജോര്‍ജ്. നാട്ടിലെ ലോക്കല്‍േ എസ്എന്‍ഡിപി നേതാവടക്കം, കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുതല്‍ക്ക് ഇംഗ്ലീഷ് ചാനലിലെ വാര്‍ത്ത അവതാരകയും കഴിഞ്ഞ് ഇതാ രാജ്യാന്തര ഗുണ്ടാതലവനെ വരെ തന്‍റെ തെറിമഹാത്മ്യംകൊണ്ട് ജയിച്ചവനായിരിക്കുന്നു പി.സി. ജോര്‍ജ്. പി.സിയെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം രവി പൂജാരിയുടെ അവസ്ഥ പാടേ മാറിക്കാണണം. മൊത്തം റിലേ പോയിരിക്കാനാണ് സാധ്യത. 

ഇങ്ങനെയൊക്കെ വിറപ്പിക്കുന്ന ഈ പി.സി.ജോര്‍ജിനെതിരെയാണല്ലോ ഈ ട്രോളമാര്‍ ഇങ്ങനെ ട്രോളുകള്‍ ഇറക്കിയത്. രവി പൂജാരി വിളിച്ചു എന്ന് പ്രസംഗിച്ചതുമുതല്‍ കളിയാക്കലായിരുന്നു. അല്ലെങ്കിലും പി.സി. മുറ്റത്തെ മുല്ലക്ക് മണമുണ്ടാവാറില്ലല്ലോ. അങ്ങനെ കരുതി സമാധാനിക്കാം.

ശബരിമലയിലെ യുവതീ പ്രവേശ വിധി വന്നതുമുതല്‍ നില്‍ക്കക്കള്ളിയില്ലാതായ ഒരാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറാണ്. വിശ്വാസിയായി നില്‍ക്കുകയും വേണം പക്ഷേ സര്‍ക്കാര്‍ നിലപാട് നടപ്പാക്കുകയും വേണം. ഞാന്‍ ആരാണ് എന്ന് നാഴികക്ക് നാല്‍പതുവട്ടം സ്വയം ചോദിച്ചാണ് പത്മകുമാര്‍ ഈ കണ്ട മാസങ്ങളൊക്കെ ജീവിച്ചത്. ദേവസ്വം പ്രസിഡന്‍റായി എന്തെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ മുഖ്യമന്ത്രി അതിനെ തിരുത്തും. അതൊക്കെ കഴിഞ്ഞപ്പോള്‍ ഇതാ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് എടുത്ത നിലപാട് മാധ്യമങ്ങളില്‍ കണ്ടപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. ഇതാണ് പറയുന്നത് മാധ്യമങ്ങളുടെ വില നിങ്ങള്‍ ഒരുനാള്‍ മനസിലാക്കും.

ദേവസ്വം ബോര്‍ഡിന്‍റെ നിലപാടിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായ സ്ഥിതിക്ക് പത്മകുമാറിനെന്താ ഈ വീട്ടില്‍ കാര്യമെന്നാണല്ലോ അടുത്ത ചോദ്യം. ആ ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ന്നുകഴിഞ്ഞെന്ന് കരക്കമ്പിയും ഇറങ്ങിയിട്ടുണ്ട്. 

അതിപ്പോ കാലത്തിന് വിടേണ്ട കാര്യമൊക്കെ ഉണ്ടോ? സാമാന്യബോധത്തില്‍ അങ്ങ് ചിന്തിച്ചാല്‍ പോരേ. ഉത്തരം കിട്ടുമല്ലോ. അല്ലെങ്കിലും സര്‍ക്കാര്‍ നിലപാടും ദേവസ്വം ബോര്‍ഡ് നിലപാടും ഒന്നായ സ്ഥിതിക്ക് അതിലൊക്കെ ഇനിയെന്ത് തെളിയാനാണ്. ആ നിലപാടിന് ഒപ്പമല്ലെങ്കില്‍ താങ്കള്‍ക്കവിടെ പിന്നെന്തു കാര്യം. സംഗതി സോ സിംപിള്‍. 

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപിത ശത്രു സ്വന്തം പിതാവാണെന്ന് പറയേണ്ടിവരും. ബിഡിജെഎസിനെ പ്രഖ്യാപിച്ച് കൊടിയൊക്കെ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയെ നിരന്തരം തള്ളിപ്പറഞ്ഞാണ് അച്ഛന്‍ വെള്ളാപ്പള്ളി നടക്കുന്നത്. പാര്‍ട്ടിയെ പറഞ്ഞോട്ടെ ഇപ്പോ ഇതാ മകന്‍ തുഷാര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ല എന്നുവരെ നടേശന്‍ ചേട്ടന്‍ പറഞ്ഞു കഴിഞ്ഞു. തുഷാര്‍ വിഷമിക്കുകയൊന്നും വേണ്ട. നാട്ടുകാരേയും രാഷ്ട്രീയത്തേയും മകനേക്കാള്‍ അറിയുന്നത് അപ്പനാണെന്നങ്ങ് വിചാരിച്ചാ മതി. ഈ സന്ദര്‍ഭത്തില്‍ തുഷാറിനെ ഒരു പഴഞ്ചൊല്ല് ഓര്‍മിപ്പിക്കുകയാണ്. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും.

MORE IN THIRUVA ETHIRVA
SHOW MORE