മൈക്ക് ചതിച്ചാശാനേ! പരിഭാഷ 'പണിഭാഷ'

rahul-satheesan
SHARE

ഡല്‍ഹിയില്‍നിന്ന് മുതിര്‍ന്ന നേതാക്കളാരെങ്കിലും കേരളത്തിലേക്ക് തിരിക്കുമ്പോള്‍ തന്നെ ഇവിടുത്തെ ഭാഷാ പണ്ഡിതരായ ചെറിയ നേതാക്കളുടെ മുട്ടിടിക്കും. ഭാഷയിലൊക്കെ എത്ര പ്രാവീണ്യമുണ്ടെങ്കിലും കാര്യമില്ല. പരിഭാഷ എന്നത്ത് പണിഭാഷയായി മാറുന്നത് പലതവണ കണ്ടിട്ടുള്ളതിനാല്‍ മുട്ടിടിക്കുന്നതില്‍ തെറ്റുപറയാനുമാവില്ല. ഇക്കുറി വി ഡി സതീശനായിരുന്നു ഇര. അപ്പോ കൊച്ചു കൊച്ചു തെറ്റുകളുമായി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വെറുതെ വന്നതല്ല. വലിയ ലക്ഷ്യമുണ്ട്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപതുമാര്‍ക്കും തരണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കാനായിരുന്നു വരവ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞെങ്കിലും ഇനിയങ്ങോട്ട് ഞാനായിരിക്കും പ്രധാനമന്ത്രിയെന്നുകൂടി മനസില്‍ പറഞ്ഞായിരുന്നു രാഹുലിന്‍റെ തുടക്കം. ആ മനസറിയുന്ന കൊടിക്കുന്നില്‍ സുരേഷ് ഒന്നും മനസില്‍ വയ്ക്കാതെ വിളിച്ചുപറയുകയും ചെയ്തു. മലയാളത്തില്‍ തുടങ്ങിയ സുരേഷ് ആ വാക്ക് മാത്രം ഇംഗ്ലീഷിലാക്കിയത് രാഹുലിന് തന്നെ നന്നായി മനസിലാകണം എന്ന ദുരുദ്ദേശത്തോടെയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇക്കുറി നേര്‍ച്ചക്കോഴി അല്ല പരിഭാഷകന്‍ വിഡി സതീശനായിരുന്നു. രാഹുല്‍ അമിട്ട് കത്തിച്ച് സതീശന്‍റെ കൈയ്യില്‍ നല്‍കും. സതീശന്‍ അത് നനച്ച് കെടുത്തും. എന്നിട്ട് വലിച്ചെറിയും. നാമമാത്രമായ ശബ്ദത്തോടെ അത് നിലത്ത് വീഴും. വേദിയിലെ മൈക്ക് ചതിച്ചാശാനേ. കേരളത്തിലെ ഏക ബുദ്ധിജീവിയായ തോമസ് ഐസകിനെപോലും മലര്‍ത്തിയടിച്ച സതീശന് ആദ്യമായിട്ടാണ് ഇങ്ങനെയൊരു പണി കിട്ടുന്നത്.

വീണിടം വിദ്യയാക്കാന്‍ രാഹുലിന് അറിയാവുന്നകൊണ്ട് വലിയൊരു നാണക്കേട് ഒഴിഞ്ഞെന്ന് സതീശന് ആശ്വസിക്കാം. ഇന്നിനി രാത്രി മൈക്ക് സ്വപ്നം കണ്ട് കിടന്ന് കരയാതിരുന്നാ മതിയാരുന്നു. എന്തെങ്കിലുമാകട്ടെ. കേരളമാണിത് . അതിനാല്‍ കോണ്‍ഗ്രസിനേക്കാള്‍ ഇത്തരവാദിത്തത്തോടെ നമ്മള്‍ കേരള കോണ്‍ഗ്രസിനെപ്പറ്റി ചിന്തിക്കണം. ജോസ് കെ മാണിയുടെ കേരള യാത്ര പാലായിലെ വീട്ടില്‍ അപ്പനും മകനും ചേര്‍ന്ന് തീരുമാനിച്ച കുടുംബയാത്രയാണെന്ന ധ്വനിയില്‍ പിജെ ജോസഫ് അങ്ങ് കാച്ചി. കേരളത്തിലെ എല്ലാ രാഷ്ടീയപ്പാര്‍ട്ടിക്കുള്ളിലും ഗ്രൂപ്പുകളുള്ളതിനാല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുള്ളിലെ ജോസഫ് ഗ്രൂപ്പിനെ വലിയ സംഭവമായി കാണേണ്ടതില്ല. ജോസഫ് എന്ന സിനിമ അടുത്തിടെ ഹിറ്റായ വിവരം പിജെ അറിഞ്ഞത് ഈ ഇടക്കാണ്. ആ പേരിന് ഒരു സാധ്യതയുണ്ടെന്ന് തിരിച്ചറിവിലാകണം ഈ വെടിപൊട്ടിക്കല്‍

ലയനത്തിന്‍റെ ഗുണം തന്‍റെ കൂടെ വന്നവര്‍ക്കില്ലെന്നതാണ് ജോസഫിന്‍റെ പരാതി. അതിപ്പോ കേരള കോണ്‍ഗ്രസുകള്‍ ലയിക്കുമ്പോളും പിളരുമ്പോളും നേതാക്കള്‍ക്കല്ലാതെ അണികള്‍ക്ക് എന്തെങ്കിലും ഗുണംകിട്ടിയതായി കേരള ചരിത്രത്തിലെങ്ങും പറയുന്നില്ല. അപ്പോ പിന്നെ ഈ ലയനം മാത്രം ഇങ്ങനെ ഒരു വിഷയമാക്കേണ്ടതുണ്ടോ ആവോ

അങ്ങനെ ഒടുവില്‍ ജോസഫ് തിരുത്തി. കൊടി വീശിയത് താനാണെന്ന് വെളിപ്പെടുത്തി. ജോസ് കെ മാണിയെന്ന ജോസുമോന് എതിരായി നിന്നവരുടെ അവസ്ഥ പിജെ ഓര്‍ക്കാന്‍ വൈകിയതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. കോട്ടയം പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ്. അവിടെ നിന്നിരുന്ന ജോസുമോന്‍ പക്ഷേ രാജ്യസഭവഴി ഡല്‍ഹിക്ക് മുങ്ങിയാരുന്നു. ഒരു രക്ഷപെടല്‍. തിരഞ്ഞെടുപ്പ് ചൂട് വരുന്നു എന്നറഞ്ഞപ്പോള്‍തന്നെ രണ്ട് സീറ്റ് എന്നൊരു ഡയലോഗ് മാണി വക. അപ്പോ കോണ്‍ഗ്രസ് മറ്റൊരു വെടി പൊട്ടിച്ചു. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മല്‍സരിച്ചക്കുമത്രേ. പണി വരുന്നതറിഞ്ഞ മാണി ഒന്ന് പമ്മി. പിന്നെ പിജെ ജോസഫിനെ ചൂണ്ടയില്‍ കോര്‍ത്ത് ദാ ഇങ്ങനെ കുളത്തിലേക്ക് അല്ല കളത്തിലേക്ക് ഇട്ടു

ഇനി കോട്ടയം കിട്ടി എന്നു വയ്ക്കുക. ആര് നില്‍ക്കും. അടുത്തകാലത്തൊന്നും ആ സീറ്റിലേക്ക്  ഒരു പുറം സ്ഥാനാര്‍ഥിയെ തപ്പേിയ ശീലവുമില്ലല്ലോ. അതുകൊണ്ട് ചോദിച്ചതാ

കൂടെക്കിടന്നവര്‍ക്കേ രാപ്പനി അറിയൂ എന്നാണല്ലോ. അപ്പോ മാണികോണ്‍ഗ്രസിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാന്‍ ഫ്രാന്‍സിസ് ജോര്‍ജിനോട് ചോദിക്കാം. ഇടത് പാളയത്തിലായതിനാലും പുണ്യാളന്‍റെ പേരുള്ളതിനാലും ഫ്രാന്‍സീസ് കള്ളം പറയാന്‍ സാധ്യതയില്ല

മാണിയുടെയും പിജെയുടെയുമെല്ലാം പോലെ കിട്ടിയാലും കിട്ടിയാലും കൊതി മാറാത്ത സ്വഭാവമായിരുന്നു പണ്ട് ഫ്രാന്‍സിസ് ജോര്‍ജിനും ഉണ്ടായിരുന്നത്. ഒരു മരുന്നു കഴിച്ചതോടെയാണ് ആ അസുഖം മാറിയത്. മരുന്നിന്‍റെ പേര് ഇടതുമുന്നണി പ്രവേശനം. ഇനി ആ കേരള കോണ്‍ഗ്രസ് കൊണം കാണിച്ചാല്‍ വിവരമറിയും. എന്നുവച്ചാല്‍ പിണറായി വിവരം അറിയിക്കും

ജോസ് കെ മാണിയെ വെല്ലുവിളിച്ച് പണ്ട് മൂവാറ്റുപുഴ മണ്ഡലത്തില്‍ എതിരാളിയായി മല്‍സരിക്കുകയും മാണിക്കുഞ്ഞിനെ നിര്‍ദാക്ഷിണ്യം തോല്‍പ്പിക്കുകയും ചെയ്ത പിസി തോമസ് അന്ന് ആ വിജയത്തിനു പിന്നാലെ താമരയിതളില്‍ ഒളിച്ചതാണ്. ഇടക്കിടക്ക് കേരള കോണ്‍ഗ്രസ് ലയനം എന്നുപറഞ്ഞ് കളത്തില്‍ പമ്മി പമ്മി ഇറങ്ങും. ഇക്കുറിയും പതിവ് തെറ്റിയില്ല. വന്നിട്ടുണ്ട് തോമാച്ചന്‍. 

കുറെ കാലമായി എം വി ജരാജന്‍ എന്ന പേര് പ്രസംഗ പീഡങ്ങളിലൊന്നും  കാണാറില്ലായിരുന്നു . മുഖ്യന്‍റെ ഓഫീസില്‍ പിടിപ്പതു പണിയുള്ള ആളാണല്ലോ. അവിടെ നിന്ന് പുറപ്പെടുന്ന പല യമണ്ടന്‍ തീരുമാനങ്ങളുടെയും ബുദ്ധികേന്ദ്രം ഈ ദേഹമാണെന്ന് അധികമാര്‍ക്കും അറിയുന്നതല്ലല്ലോ. മണ്ടന്‍ തീരുമാനങ്ങളെന്ന് പിണറായിയെ നോക്കി ആളുകള്‍അടക്കം പറയുമ്പോള്‍ മാടമ്പിയിലെ യധാര്‍ത്ഥ ബുദ്ധികേന്ദ്രം പമ്മിയിരിക്കുകയായികരുന്നു. മുഖ്യന്‍റെ ഓഫീസില്‍നിന്ന് ജയരാജന്‍ അല്‍പ്പം കാറ്റുകൊള്ളാന്‍ പുറത്തുവന്നതുകൊണ്ടുമാത്രമാണ് നമുക്ക് ഈ കാക്കി നിക്കറിന്‍റെ ചരിത്രം അറിയാന്‍ പറ്റിയത്

**

ഇനി അല്‍പ്പം നാറ്റക്കേസാണ്. ചാണകം ചാരിയാല്‍ ചാണകം മണക്കും. അത്രമാത്രമേ പറയുന്നുള്ളൂ.

MORE IN THIRUVA ETHIRVA
SHOW MORE