സിസിടിവി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു; രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് തന്നെ സിസിടിവിയാണ്

THIRUVA-EATHIRVA
SHARE

അങ്ങനെ രണ്ടുദിവസത്തെ അവധിയൊക്കെ കഴിഴാന്‍ പോവുകയാണ്, സോറി പണിമുടക്കൊക്കെ. രണ്ടായാലും ഈ പരിപാടിക്ക് മുടക്കം ഒന്നും ഇല്ല.

രാജ്യം മൊത്തത്തില്‍ സ്തംഭിപ്പിക്കാനായിരുന്നു പരിപാടി. പക്ഷേ സ്തംഭിച്ചത് കേരളമാണെന്നു മാത്രം. പണിമുടക്കായാലും ഹര്‍ത്താലായാലും മലയാളിക്ക് അവധി മൂഡാണ്. ഇനി ആവശ്യത്തിന് പുറത്തിറങ്ങുന്നവന്‍റെ സഞ്ചാരസ്വാതന്ത്ര്യത്തിന് യാതൊരു വിലയും കിട്ടുകയും ഇല്ല. 

കലണ്ടറിലെ ചുവപ്പന്‍ അക്കങ്ങളെ തോല്‍പ്പിക്കും വിധം ഹര്‍ത്താലുകള്‍ വന്നപ്പോഴാണ് കടകള്‍ തുറക്കാന്‍ വ്യാപാരിസമൂഹം തീരുമാനിച്ചത്. നാട്ടുകാര് വല്യ പിന്തുണയൊക്കെ കൊടുത്തതിന്‍റെ ബലത്തിലാണ് പുതുവര്‍ഷത്തിലെ ആദ്യഹര്‍ത്താല്‍ പൊളിക്കുമെന്ന് വിചാരിച്ചത്. അന്നു മുടങ്ങിയപോലെ ദേശീയ പണിമുടക്കില്‍ മുടക്കമുണ്ടാവില്ലെന്ന് വീണ്ടും വ്യാപാരി സമൂഹം പറഞ്ഞു.

പണിമുടക്കിന്‍റെ സംഘാടകര്‍ കടകള്‍ അടപ്പിക്കില്ലാന്നും സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കില്ല എന്നൊക്കെയാണ് തട്ടിവിട്ടത്. എല്ലാം വെറും വിടലുകളായിരുന്നു. പക്ഷേ കോടിയരി സഖാവിനും കൂട്ടര്‍ക്കും ഇത് മാതൃകാപരമായ സമരമാണ്.

ലേശം ഉളുപ്പ് എന്നൊന്നും ചോദിക്കാനുള്ള സമയം അല്ലിത്. മലയാളികളില്‍ വലിയൊരു കൂട്ടത്തിന് ഇത്തരം പണിമുടക്കൊക്കെ ഒരു കണക്കിന് ഇഷ്ടമാണ്. ചിക്കനൊക്കെ വാങ്ങി വീട്ടില്‍ കുത്തിയിരിക്കാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ക്ക് മുതലാളിത്തവും കോര്‍പറേറ്റുകളും ഒക്കെ ഒരു കോമഡിയാണ്. അവരാണ് പണിമുടക്കിനും ഹര്‍ത്താലിനും ഒരു മുതല്‍ക്കൂട്ട്.  

സമാധാനപരവും ആളുകളെ ബുദ്ധിമുട്ടിക്കാതെയും ഉള്ള പണിമുടക്കുകളാണ് ഭാവിയുടെ പണിമുടക്കുകളെന്നും അതിന് ആളെക്കൂട്ടാന്‍ വഴി അന്വേഷിക്കുകയും ചെയ്യുന്ന ഇടതുബുദ്ധി നല്ലതാണ്. എന്നുവച്ച് ഇപ്പോള്‍ കഴിഞ്ഞ പണിമുടക്ക് മാതൃകയാണെന്നൊക്കെ പറ​ഞ്ഞാല്‍ വിശ്വസിക്കാന്‍ മലയാളി അത്രമാത്രം പൊട്ടനാവേണ്ടി വരും. 

ഈ സിസിടിവി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ആനുകാലിക കേരള രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് തന്നെ സിസിടിവി ദൃശ്യങ്ങളാണ്. അതുകൊണ്ടാവും സഖാവ് ശിവന്‍കുട്ടിചേട്ടന്‍ ചാടിക്കേറി സിസിടിവിയുടെ കാര്യം പറഞ്ഞത്. ഇനി അതുപോയി അന്വേഷിക്കുമ്പോഴേ അറിയാന്‍ പറ്റൂ സംഗതി ഓഫായി കിടന്നിരുന്നതാണോ അതോ റെക്കോര്‍ഡിങ് കംപ്ലയിന്‍റ് ആണോ എന്നൊക്കെ. അതവിടെ നില്‍ക്കട്ടെ. 

ബിജെപിയുടെ കേരളസംഘം കുറച്ച് ഡല്‍ഹി സംഘത്തെയും കൂട്ടി രാഷ്ട്രപതിയെ കാണാന്‍ പോയിരുന്നു. ഈ ഗവര്‍ണര്‍, രാഷ്ട്രപതി എന്നിവരെ ഇവര്‍ കാണാന്‍ പോകുന്ന സാഹചര്യം അറിയാലോ ലേ. അതായത് കേരളത്തിലെ ക്രമസമാധാനം പോയി എന്നും ബിജെപിക്കാര്‍ക്ക് മനസമാധാനം കിട്ടുന്നില്ലെന്നും പരാതി പറയാനാണ്. ഏതെങ്കിലും വഴിക്ക് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പറ്റിയാലോ എന്നൊക്കെ മനസില്‍ ആഗ്രഹം തോന്നും. 

നീതിക്കുവേണ്ടിയുള്ള ആ പ്രയാണത്തിന് പിള്ളവക്കീലിനും കൂട്ടര്‍ക്കും കൂട്ടാവുന്നത് ഇന്ത്യന്‍ ഭരണഘടനയാണല്ലോ എന്നു കേള്‍ക്കുമ്പോ ഒരു സുഖമൊക്കെയുണ്ട്. ഇതേ ഭരണഘടന വച്ചാണല്ലോ ശബരിമലയില്‍ സ്ത്രീപ്രവേശം സാധ്യമായതെന്നുകൂടി മറന്നുപോകുമ്പോഴേ ആ സുഖം അതിന്‍റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ പറ്റുകയുള്ളു. 

അത് നാട്ടിലെ ബിജെപിക്കാരും സംഘപരിവാരവും ആവോളം അനുഭവിച്ച് സുഖിക്കുന്നത് ആ മറവി വച്ചാണ്. സംഭവം സംഗതി സീരിയസാണെങ്കിലും ആ നേരത്തും ചിരിപ്പിക്കാന്‍ കഴിയുന്നത് ഈ പാര്‍ട്ടിയുടെ പ്രത്യേകത.

ലോക്സഭാ തിരഞ്ഞെടുപ്പിനെ ഇത്രമാത്രം ആഗ്രഹിക്കുന്ന കേരളത്തിലെ ഒരു പാര്‍ട്ടി ബിജെപിയാണ്. അതിപ്പോ നാളെ തന്നെ നടത്തിയാല്‍ അത്രയും സന്തോഷം എന്നതാണ് അവസ്ഥ. കാരണം മറ്റൊന്നല്ല, ശബരിമലയൊക്കെയായി കേരളത്തില്‍ കുറച്ച് സീറ്റുകള്‍ കിട്ടിയാലോ എന്നൊരു തോന്നലൊക്കെ ഉണ്ട്. 

വോട്ട് ഷെയറെങ്കിലും കൂടിയാല്‍ അത് പറഞ്ഞായാലും അമിത് ഷായുടെ മുന്നില്‍ കുനിയാതെ നില്‍ക്കാമല്ലോ എന്നാണ് ശ്രീധരന്‍ പിള്ള പോലും വിചാരിക്കുന്നത്. ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി എന്നൊക്കെ വളരെ നിഷ്കളങ്കമായി വിളിച്ചുപറയുന്നതിലെ സന്തോഷമൊക്കെ നാട്ടുകാര്‍ കണ്ടതാണല്ലോ. 

അതുകൊണ്ട് ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍ഡിഎ യോഗം ചേര്‍ന്നു. ഉദേശിച്ച കാര്യങ്ങളെല്ലാം വെടിപ്പായി നടപ്പാക്കിയാല്‍ കേരളം തൂത്തുവാരുമെന്നാണ് കണ്ടെത്തല്‍. വല്ലോ നടന്നാമതിയായിരുന്നു.

എന്‍ഡിഎ യോഗശേഷമായിരുന്നു വാര്‍ത്താസമ്മേളനം. പക്ഷേ യോഗത്തില്‍ ഘടകകക്ഷി നേതാവ് പി.സി.തോമസ് പങ്കെടുത്തതായി മിനുട്സില്‍ രേഖപ്പെടുത്താനാണ് തീരുമാനം. സംഗതി അദ്ദേഹം വാര്‍ത്താസമ്മേളന സമയത്തുപോലും എത്തിയില്ലെങ്കിലും.

ഇത്തരം അഡ്ജസ്റ്റ്മെന്‍റുകള്‍ എന്തുകൊണ്ടും നല്ലതാണ്. അത് തുറന്നുപറയാനുള്ള ആ ആര്‍ജവത്തെ പിള്ളയുടെ മനസിലെ കളങ്കമില്ലായ്മ എന്നു പറയാം. മസ്സില്‍ ഒട്ടും കള്ളമില്ലാത്തതുകൊണ്ടാണല്ലോ ആ സുവര്‍ണാവസരപ്രയോഗം അദ്ദേഹം തന്നെ ഓര്‍ത്തെടുത്ത് വീണ്ടും പറയാതെ പറയുന്നതും.

ഇതിലധികം താങ്കള്‍ ഇനിയൊന്നും പറയേണ്ടതില്ല. എല്ലാം എല്ലാവര്‍ക്കും നല്ലവണ്ണം പിടികിട്ടിയിട്ടുണ്ട്. പിടികിട്ടാത്ത വേറെ ചില തമാശകള്‍ കണ്ടുവരാം. അതായത് കൊല്ലം ബൈപാസ് ഉദ്ഘാടനമാണ് വിഷയം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന മേല്‍പാലം പ്രധാനമന്ത്രി തന്നെ നേരിട്ട് വന്ന് നടപ്പാക്കും. 

നേരത്തെ പറഞ്ഞപോലെ എല്ലാം കൊണ്ടും ഒരു സുവര്‍ണാവസരം വന്ന നേരമാണിത്. അതെന്തിന് പാഴാക്കണം. പക്ഷേ സ്ഥലം എംപിയായ എന്‍.കെ. പ്രേമചന്ദ്രന് ഇതിലെന്ത് കാര്യം എന്നാണ് കേരളനാട്ടിലെ പൊതുമരാമത്ത് മഹാരാജാവ് ജി.സുധാകരന്‍ ചോദിക്കുന്നത്. 

ആരെങ്കിലും വരട്ടെ. നാട്ടുകാര്‍ക്ക് പാലമൊന്ന് തുറന്നുകിട്ടിയാല്‍ മതി. പറഞ്ഞുവരുമ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിയും എം.പിയുമൊക്കെ ജനപ്രതിനിധികളാണല്ലോ. ആ നിലയ്ക്ക് കണ്ടാമതി. പാലത്തിലൂടെ വണ്ടി ഓടിക്കാനാവുമോ ഇല്ലയോ എന്നു മാത്രമേ തല്‍ക്കാലം ജനങ്ങള്‍ ആലോചിക്കേണ്ടതുള്ളു. വലിയ തര്‍ക്കത്തിനില്ല, നമ്മള്‍ പിന്‍‌വാങ്ങുന്നു.

MORE IN THIRUVA ETHIRVA
SHOW MORE