മതിലിനു ആപ്പ് വെച്ച് വിഎസ്; നടേശേൻ വക നാടകം; പിള്ളപ്പോര്; വിഡിയോ

thiruva-eathirva-2
SHARE

മതിലുപണിയാന്‍ പിണറായി കല്ലും കട്ടയും ഇറക്കിയ അന്നുമുതല്‍ അതിന്‍റെ അടിത്തറ തോണ്ടാന്‍ ശ്രമിക്കുകയാണ് വിഎസ് അച്യുതാനന്ദന്‍. കക്ഷി നവോദ്ധാനത്തിന് എതിരാണ് എന്നു കരുതരുത്. പുറംപണിക്കാരെ വച്ച് മതില്‍ പണിയുന്നതിനോടാണ് വിഎസിന് എതിര്‍പ്പ്. മതിലിന്‍റെ നിറം ചുവപ്പാകണം എന്നതില്‍ വിഎസിന് കടുംപിടുത്തമുണ്ട്. എന്നാല്‍ ആദ്യം മതിലില്‍ വെള്ള പൂശാമെന്നും പിന്നീട് തരംപോലെ കളറിടാമെന്നുമാണ് പിണറായി പക്ഷം. തന്‍റെ ശത്രുവായ ആര്‍ ബാലകൃഷ്ണപിള്ള മതിലുപണിക്കുള്ള മേസ്തിരിയായി വരുന്നതാണ് ഇപ്പോള്‍ വിഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടിനെതിരെ ഈ വര്‍ഷം വിഎസ് ഉയര്‍ത്തുന്ന രണ്ടാമത്തെ വിമത ശബ്ദമാണിത്. ഭരണപരിഷ്കാരത്തിന്‍റെ തിരക്കിലായതിനാല്‍ പഴയതുപോലെ ശബ്ദമുയര്‍ത്താന്‍ നേരമില്ലാത്തതാണ് എല്ലാത്തിനും കാരണം.

ശ്രീധരന്‍പിള്ള വക്കീല്‍ വല്ലാത്ത ഊരാക്കുടിക്കിലാണെന്ന് വെളിപ്പെടുത്താനും വിഎസ് സമയം കണ്ടെത്തി. ഊരാക്കുടുക്കുകള്‍ കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ളതായതിനാല്‍ പറയുന്നത് വിശ്വസിച്ചേ മതിയാവൂ.

കഴിഞ്ഞ കുറച്ചുനാളുകളായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. അതില്‍ പലര്‍ക്കും പരാതി ഉണ്ടായിരുന്നുതാനും. എന്നാലിപ്പോള്‍ ദിവസവും കക്ഷി സംസാരമാണ്. അതും ഒന്നൊന്നര സംസാരം. ഇടതുമുന്നണിയില്‍ മെമ്പര്‍ഷിപ്പ് കിട്ടിയ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരായായണ് പെരുന്നയില്‍ നിന്ന് ഇന്ന് ശബ്ദമുയര്‍ന്നത്. മതിലുപണിക്ക് കാലേകൂട്ടി എത്തണമെന്ന നിര്‍ദേശം നല്‍കിക്കൊണ്ടാണ് പിള്ളയെ സിപിഎം കൂടക്കൂട്ടിയത്. ഒരു കാല്‍ പെരുന്നയിലെ വള്ളത്തില്‍ വച്ച ബാലകൃഷ്ണപിള്ള നായന്മാര്‍ക്കുവേണ്ടിയുള്ള നവോത്ഥാനം താന്‍ ഏല്‍ക്കുന്നു എന്ന ലൈനില്‍ സംസാരിച്ചതാണ് വെനയായത്. പണ്ട് നവോത്ഥാനത്തിനായി ഇറങ്ങിത്തിരിച്ച മന്നത്ത് പത്മനാഭന്‍റെ പിന്മുറക്കാരനാകാനുള്ള പിള്ളയുടെ ശ്രമം സുകുമാരന്‍ ചേട്ടന്‍ മുളയിലേ നുള്ളി. ആ പരിപ്പ് പെരുന്നയിലെ കലത്തിലെ വെള്ളത്തില്‍ ഇടേണ്ട എന്നാണ് ഉത്തരവ്

ശബരിമല നട അടച്ചു. എന്നാല്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് കര്‍ട്ടനിട്ടിട്ടില്ല. ബിജെപി അയ്യപ്പ ജ്യോതി കൊളുത്തിക്കഴിഞ്ഞു. ഇടതുപക്ഷമാകട്ടെ മതിലിന്‍റെ പണിസാധനങ്ങള്‍ ഇറക്കുന്ന തിരക്കിലും. അപ്പോള്‍ വലതന്മാര്‍ മാറിനില്‍ക്കാന്‍ പാടില്ലല്ലോ. യുഡിഎഫിന്‍റെ ഏര്‍പ്പാട് ഇന്‍സ്റ്റന്‍റ് പായസം കണക്കെ ആണ്. അല്ലെങ്കില്‍ രണ്ടുമിനിട്ടില്‍ തയ്യാറാക്കാവുന്ന ന്യൂഡില്‍സ് മാതിരി ഏര്‍പ്പാട്. പെട്ടെന്നാണ് സംഘാടനം. വനിതാ സംഗമം മുന്നണി തീരുമാനിച്ചത് യുഡിഎഫിലെ എല്ലാ കക്ഷികളും അറിഞ്ഞു കാണുമോ എന്നുപോലും സംശയമാണ്. അത്രക്ക് വേഗമാണ് കാര്യങ്ങള്‍ക്ക്. ലതികാ സുഭാഷാണ് നായിക. പതിനാല് ജില്ലകളിലും ചടങ്ങുണ്ടാകും. ഭാഗ്യത്തിന് ഒരു ജില്ലയില്‍ മാത്രം സംഗമം ഉദ്ഘാടനം ചെയ്യുന്നതിന് ഒരു വനിതക്ക് അവസരം നല്‍കിയിട്ടുണ്ട്. ബാക്കി പതിമൂന്നിടത്തും വനിതാ മതിലിനെതിരെ പുരിഷ കേസരികള്‍ ഘോര ഘോരം പറയും

വെള്ളാപ്പള്ളി നടേശന്‍ ഇപ്പോ ആര്‍ക്കൊപ്പമാണെന്ന് സാക്ഷാല്‍ വെള്ളാപ്പള്ളിക്കുപോലും അത്ര ന്ശ്ചയമുണ്ടാവില്ല. വനിതാ മതിലിനുമേല്‍ നമുക്ക് അയ്യപ്പ ജോയ്തി തെളിയിച്ചാലോ എന്ന മട്ടിലുള്ള സംസാരമാണ് നടേശേട്ടന്‍ നടത്തുന്നത്.  ആ വീട് ചെറിയ ഒരു സമസ്യയേ അല്ല. ബിജെപിക്കൊപ്പമുണ്ട് പക്ഷേ അയ്യപ്പ ജ്യോതിക്കൊപ്പമില്ല. സിപിഎമ്മിനൊപ്പമില്ല എന്നാല്‍ വനിതാമതില്‍ പണിയാനുണ്ട്. ഇതാണ് വെള്ളാപ്പള്ളിയുടെ നിലവിലെ വാട്സ്ആപ് സ്റ്റാറ്റസ്.

വെള്ളാപ്പള്ളിയുടെ ശരിക്കുള്ള മുഖം ജോയ്തിയുടെ വെട്ടത്തില്‍ ബിജെപി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്തായാലും ഈ മതിലും ജ്യോതിയുമെന്നും വെറുതെ ആയില്ല. അവയുടെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞ് തിരിയുകയാണ്. അപ്പോ ഇന്നത്തെ നവോത്ഥാനം ഇവിടെ പൂര്‍ത്തിയാക്കുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE