അമ്മയുടെ ശരിക്കുള്ള മകന്‍ ആരാണ്? സ്റ്റാര്‍ സിങ്ങര്‍ ജഗദീഷോ, സ്നേഹനിധിയായ സിദ്ധിഖോ?

thiruva-eathirva
SHARE

രണ്ടേ രണ്ടു പ്രശ്നങ്ങളേ നിലവില്‍ കേരളത്തിലുള്ളൂ. ശബരിമല പ്രവേശനവും അമ്മ പ്രവേശനവും. അതുകൊണ്ടുതന്നെ അമ്മ പെങ്ങന്മാര്‍രെ ബാധിക്കുന്ന വിഷയങ്ങളുമായി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

കഴിഞ്ഞ ശനിയാഴ്ച താരസംഘടനയായ അമ്മക്ക് ശരിക്കും ശനി തന്നെയായിരുന്നു. സ്വന്തം സിനിമ റിലീസാകുന്ന വെള്ളിയാഴ്ചകളില്‍ പോലും ഒരു നടനും ഇത്രയും ടെന്‍ഷന്‍ അനുഭവിച്ചിട്ടുണ്ടാവില്ല. മി ടൂ എന്ന ചുഴലിക്കാറ്റ് ബോളിവുഡും കോളിവുഡും കടന്ന്  മോളിവുഡിലേക്കെത്തുന്നു എന്ന് നേരത്തേ സൂചനയുണ്ട്. അതിനിടക്കാണ് WCC എന്ന പെണ്‍പട എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനം തീരുമാനിച്ചത്. ഈ വിവരത്തിനുപിന്നാലെ  എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ സാഹിത്യം കുറിച്ചു. ഇതോടെ മലയാളത്തിലെ രാജാക്കന്മാരുടെ മുട്ടുവിറക്കാനും കിരീടങ്ങള്‍ കൂട്ടിമുട്ടാനും തുടങ്ങി. കറുത്ത വസ്ത്രമിട്ട് പ്രസ്ക്ലബിലേക്ക് നീങ്ങിയ നടിമാരെ താരങ്ങള്‍ രാമനാമ ജപ ടീംസിന് കാട്ടിക്കാടുത്ത് കുടുക്കാന്‍ വരെ ശ്രമിച്ചു. ശബരിമലക്കുപോകുന്ന സ്ത്രീകള്‍ എന്ന ബ്രാന്‍ഡില്‍ തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിലപ്പോയില്ല.WCC എന്നാല്‍ ആരുടെയൊക്കെ വിക്കറ്റെടുക്കും എന്നറിയാന്‍ സിനിമാ പ്രേമികള്‍ തീയറ്ററുകളില്‍പോലും പോകാതെ മിനി സ്ക്രീനിനു മുന്നിലിരുന്നു. 

വെടിക്കെട്ട് തല്‍ക്കാലം നടത്തുന്നില്ല. തീപ്പെട്ടി കൈയ്യിലുണ്ടെന്ന് ബോധിപ്പിച്ചു എന്നുമാത്രം. അതായിരുന്നു WCCുടെ വാര്‍ത്താ സമ്മേളനം. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞെന്നും ഇനി മുറിപ്പത്തലാണ് മറുപടിയെന്നും സാരം. സംവിധായകന്‍ പ്രിയദര്‍ശന്‍ കിലുക്കം എന്ന സിനിമ ഈ അടുത്തകാലത്തുവല്ലോം എടുത്തിരുന്നെങ്കില്‍ ഉറപ്പായും അതില്‍ കിട്ടുണ്ണി എന്ന ഇന്‍റസെന്‍റിന് ലോട്ടറി അടിച്ചേനേ.   അമ്മ പ്രസിഡന്‍റായി കുറെകാലം കഴിച്ചുകൂട്ടിയശേഷം വിവാദ കാണ്ഡത്തിന് മുന്നോടിയായി പടിയിറങ്ങാന്‍ ചെറുതല്ലാത്ത ഭാഗ്യംതന്നെ വേണം. WCC നിലവിലെ പ്രസിഡന്‍റായ ലാല്‍ ബ്രോയെ പോസ്റ്ററാക്കി മതിലില്‍ ഒട്ടിച്ചു. ഏട്ടനെയോ ഇക്കയെയോ ആരെങ്കിലും തല്ലിയാല്‍ അപ്പോ അവരേക്കാളേറം വേദനിക്കുക നടന്‍ സിദ്ധിഖിനാണ്. അതിന്‍റെ കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും അത് അങ്ങനെയാണ്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ധിഖ് സംഘടനക്കുവേണ്ടി ഔദ്യോഗികമായി  ആക്ഷന്‍ പറഞ്ഞു

ഇനി മായാമയൂരവും അഗ്നിദേവനും അദ്വൈതവുമൊക്കെ ടിവിയില്‍ വരുമ്പോള്‍ കണ്ണും പൂട്ടി ഇരുന്നേക്കണം. ഒരിക്കലും ആ ചിത്രങ്ങളിലെ നായികാ നായകന്മാര്‍ക്ക് ഒന്നിക്കാനാവില്ല. വന്ദനം സിനിമയുടെ ക്ലൈമാക്സ് പോലെ അവര്‍ രണ്ടുവഴിക്കായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ദേവാസുരം സിനിമയുടെ ആദ്യ ഭാഗവുമായി കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് നല്ല സാമ്യമുണ്ട്. നീലകണ്ഠന്‍റെ പിടിവാശികളെ  തോല്‍പ്പിക്കാന്‍ തനിക്ക് പ്രിയപ്പെട്ട ചിലങ്ക ഉപേക്ഷിക്കുന്ന ഭാനുമതിയുടെ കഥ ഈ വാര്‍ത്താ സമ്മേളനം വീണ്ടും ഓര്‍മിപ്പിക്കുന്നു. രാജാക്കന്മാരെ പിണക്കിയാല്‍ വിലക്കുവരും. പക്ഷേ ആ വിലക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ലെന്നുമാത്രം

മിടൂ വെളിപ്പെടുത്തല്‍ WCC യോഗത്തില്‍ വലുതായി ഉണ്ടായില്ലെങ്കിലും അമ്മയില്‍ ഓഹരി തര്‍ക്കം ഉണ്ടാക്കാന്‍ അതിന് കഴിഞ്ഞു.  അമ്മയുടെ മക്കളില്‍ ഓഹരിമേല്‍ അവകാശമുള്ള മകന്‍ താനാണെന്ന് പ്രഖ്യാപിച്ച സിദ്ധിഖ് നടിമാര്‍ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി. കറുത്ത വസ്ത്രം ധരിച്ചെത്തിയ WCC കാരെ വെല്ലുവിളിക്കാന്‍ വെളുത്ത ഉടുപ്പിലാണ് താരം എത്തിയത്. എന്നാല്‍ നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളെയും അറിയിച്ച് പരസ്യമായാണ് കറുപ്പു ധാരികള്‍ എത്തിയതെങ്കില്‍ അധികം പബ്ലിസിറ്റി കൊടുക്കാതായിരുന്നു വെളുത്ത കരുക്കളുടെ നീക്കം. എന്നാല്‍ പരാതിയുള്ളവരുമായി ചര്‍ച്ചക്ക് തയ്യാറെന്ന ലൈനില്‍ അമ്മയുടെ ട്രഷറായ സ്റ്റാര്‍ സിങ്ങര്‍ ജഗദീഷ് ഇതിനിടക്ക് ഒരു കുറിമാനം പുറത്തിറക്കിയിരുന്നു. രണ്ടുപേരും പറയുന്നത് പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞിട്ടാണ് പ്രതികരണമെന്നാണ്. നമ്മുടെ അറിവില്‍ മോഹന്‍ലാല്‍ ഒന്നേ ഉള്ളൂ. ഇനി ഒടിയന്‍റ് പശ്ചാത്തലത്തില്‍ വല്ല വിദ്യകളും നടന്നിട്ടുണ്ടോ എന്നറിയില്ല. അല്ലെങ്കില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ വല്ല കോട്ടയം നസീറോ മറ്റോ ജഗദീഷിനെയും സിദ്ധിഖിനെയും പറ്റിച്ചതാകാനും മതി. അമ്മയുടെ ശരിക്കുള്ള മകന്‍ ഏതെന്ന കാര്യം വെളിപ്പെടുന്നതോടെ ശുഭം എന്ന് എഴുതിക്കാട്ടുന്നതായിരിക്കും

പണ്ട് കല്ലും മുള്ളും താണ്ടാനുള്ള  ഭക്തിയും ക്ഷമയുമായിരുന്നു ശബരിമലക്കു പോകുന്നതിനുള്ള ഭക്തരുടെ ക്യാപ്പിറ്റല്‍. ഇന്ന് പക്ഷേ കെഎസ്ആര്‍ടിയിയില്‍ നാമജപക്കാരുടെ തട്ടുകൊള്ളാതെ യാത്ര ചെയ്യാനും പഠിക്കണം.  സുപ്രീം കോടതി വിധിക്കു മുമ്പുവരെ പമ്പ വരെ ഏത് സ്ത്രീകള്‍ക്കും എത്താനാകുമായിരുന്നു.  ഇപ്പോ നിലക്കലാണത്രേ ബോര്‍ഡര്‍. ദേവസ്വത്തിന്‍റെ തീരുമാനമോ അയ്യപ്പന്‍റെ അരുളപ്പാടോ അല്ല. കാര്യങ്ങള്‍ മുന്‍ ദേവസ്വം പ്രയാര്‍ ഗോലൃപാലകൃഷ്ണന്‍ പറഞ്ഞതുപോലെയാണ് മുന്നോട്ടു പോകുന്നത്. ആചാരം ലംഘിക്കുന്ന സ്ത്രീകളെ ഒന്നെങ്കില്‍ പുലിപിടിക്കും അല്ലെങ്കില്‍ മനുഷ്യന്‍ പിടിക്കും എന്ന് പറഞ്ഞത് അച്ചട്ടായിരിക്കുന്നു. പമ്പവഴി പോലും വെറുതേ പോകാന്‍ വയ്യ. പുലിയൊക്കെ എത്രയോ ഭേദം. പക്ഷേ നരഭോജികളായവര്‍ക്ക് സാക്ഷാല്‍ മുഖ്യന്‍ പിണറായിയുടെ അന്ത്യശാസനം വന്നിട്ടുണ്ട്

ഇങ്ങനെയൊരു നിയമഞ്ജനെ തലവനായി കിട്ടാന്‍ കേരളത്തിലെ ബിജെപി എന്തുപുണ്ടയമാണ് ചെയ്തത് എന്നറിയില്ല. വാദിച്ചു ജയിക്കാന്‍ തക്ക ഒരുത്തനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവന്ന മോദി അമിത്ഷാ തലച്ചോര്‍ വല്യ സംഭവം തന്നെ. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ആര്‍ക്കെങ്കിലും ബാക്കി നില്‍പ്പുണ്ടെങ്കില്‍ ദാ ഇതു കേട്ടാ മതി. മാറിക്കോളും

അപ്പോ ഇന്നത്തെ മി ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുകയാണ്. തോക്കെടുത്ത അലന്‍സിയര്‍ക്ക് സ്വയം വെടിയേറ്റ ദിവസമായതിനാല്‍ ആയുധം വച്ചുള്ള കളി അപകടമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് പോവുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE