മുഖ്യമന്ത്രി ക്രീസിലിറങ്ങിയില്ലെങ്കിലും പ്രതിപക്ഷ നേതാവ് ബൗളിംഗ് തുടരുകയാണ്

thiruva-eathirva
SHARE

രമേശ് ചെന്നിത്തല കലിപ്പിലാണ്. കലിപ്പ് ആരോടാണെന്ന കാര്യത്തില്‍ സ്വാഭാവികമായും സംശയമുണ്ട്. രണ്ടുശത്രുക്കളാണ് ചെന്നിത്തലയ്ക്ക്. ഒന്നും സ്വാഭാവികമായും പിണറായി സര്‍ക്കാരിനോട്.  പ്രതിപക്ഷം പോരാ പ്രതിപക്ഷം പോരാ എന്ന് പറഞ്ഞുനടക്കുന്ന ചിലരുണ്ട്. അവരാണ് ചെന്നിത്തലയുടെ രണ്ടാമത്തെ എതിരാളികള്‍. യഥാര്‍ഥ യുദ്ധം ആരോടാണെന്ന് ഇതുവരെ മനസ്സിലാക്കിയില്ലെങ്കിലും രമേശേട്ടന്‍ സൂപ്പറാണ്. എന്തോരം ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അടുത്ത കളിക്ക് ഗവര്‍ണറുടെ പിന്തുണ നേടാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. പിണറായി പ്രതിരോധത്തിലായതുകൊണ്ടാണോ എന്നറിയില്ല മിണ്ടാട്ടമില്ല. കിന്‍ഫ്ര ഭൂമിയുമായി നടക്കുന്ന ഇ.പി.ജയരാജനും ബ്രൂവറി പാക്കേജുമായി നടക്കുന്ന ടി.പി.രാമകൃഷ്ണനും മിണ്ടുന്നുണ്ട്. പക്ഷെ, സംസാരത്തിലൊരു നുരയും പതയുമില്ല.

മുഖ്യമന്ത്രിയുടെ ക്ലീന്‍ ഇമേജ് എറിഞ്ഞുതകര്‍ക്കാന്‍ തന്നെയാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. ‍1998ന്റെയും 2003ന്റെയും പേരില്‍ ഇ.പിയും ചെന്നിത്തലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. നായനാരെ സംരക്ഷിക്കാന്‍ ഇപിയും ആന്റണിയെ സംരക്ഷിക്കാന്‍ ചെന്നിത്തലയും. രേഖകളൊക്കെ പൊക്കിപ്പിടിച്ചുള്ള കളിയായതുകൊണ്ട് ചെന്നിത്തലയാണ് മുന്നില്‍. കാണികള്‍ക്ക് മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്.

എങ്കിലും ലോജിക്കിന്റെ പുറത്ത് ആ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനോടാണല്ലോ ആദ്യം ചോദിക്കേണ്ടത്. ചോദിച്ചു. ചെന്നിത്തല 10 ചോദ്യങ്ങള്‍. പത്രക്കാരാവട്ടെ ഒരു നൂറ് ചോദ്യങ്ങളും. ഏത് സ്റ്റെപ്പില്‍നിന്നും നിഷ്കളങ്കനായി സംസാരിക്കാന്‍ ടീപിക്ക് നന്നായി അറിയാം. പുതിയ വിവാദത്തെകുറിച്ച് മന്ത്രി പത്രത്തില്‍കണ്ടിരുന്നു. ബ്രൂവറി എന്നൊക്കെ കേട്ടപ്പോ മനസ്സിലായതുപോലുമില്ല, ആദ്യമായികേള്‍ക്കുന്നതല്ലേ. പാവം. അതെ, കൂടുതല്‍ ക്ലിയറായി വരുന്നുണ്ട്. അതാണ് നാട്ടുകാരുടെ സമാധാനം. ചെന്നിത്തല ചോദ്യങ്ങളുമായി ഏത് ഘടോല്‍ക്കചനെ ഇറക്കിയാലും യാതോരു ഗുണവുമില്ല. കാരണം ഒരു വാര്‍ത്താസമ്മേളനത്തില്‍  ഒരു വിഷയം മാത്രം. അതാണ് ടി.പി.രാമകൃഷ്ണന്റെ പോളിസി. ബിയറിനും പൈന്‍റിനും വെവ്വേറെ ബോട്ടിലാണല്ലോ. അതുപോലെ. അതുകൊണ്ട് ചോദ്യം ചോദിക്കുന്നവര്‍ ശ്രദ്ധിക്കണം. വെറുതെ ചമ്മിപ്പോവും.

എന്നാല്‍ പോട്ടെ. പലരും പ്രതീക്ഷിക്കും. ഈ ആരോപണവും വിവാദവുമൊക്കെ പാര്‍ട്ടി ചര്‍ച്ച ചെയ്യുമമെന്ന്.. അങ്ങനെയെങ്കില്‍ പി.കെ.ശശിയുടെ കേസുപോലെ രണ്ടുപേരെ അന്വേഷണത്തിനൊക്കെ വിടും. സംഭവം അടിപൊളിയായിരിക്കും. സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റുമൊക്കെ ചര്‍ച്ച ചെയ്യുമായിരിക്കും അല്ലേ മിനിസ്റ്ററേ. ടി.പി. പഠിക്കേണ്ടത് ഇ.പിയില്‍നിന്നാണ്. രാഷ്ട്രീയത്തില്‍ കൂളായി കളിക്കണം. ബോക്സിങ് റിംഗിലായാല്‍പ്പോലും പതറാതെ നില്‍ക്കണം. ബ്രൂവറിക്കല്ല, ഇനി ചൊവ്വയിലേക്ക് പോകാന്‍ അനുമതികൊടുത്താല്‍പ്പോലും ചോദ്യങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കണം. അതില്‍ തെറ്റില്ല എന്ന് വാദിക്കണം. ഇതിലൊന്നും ഒരു തെറ്റുമില്ല. പക്ഷെ, അപേക്ഷ വാങ്ങണം. പെട്ടിക്കടയ്്ക്കായാലും ചായക്കടയ്ക്കായാലും ഭൂമി തരും. പക്ഷെ, അപേക്ഷ. അത് മസ്റ്റാണ്. വാട്സാപ്പിലിട്ടാലും മതി.

സര്‍ക്കാരിനെ തിരുത്താനും നേര്‍വഴിക്കുനയിക്കാനും സംസ്ഥാനത്ത് രണ്ട് പ്രസ്ഥാനങ്ങളുണ്ടല്ലോ. ഒന്ന് വി.എസ്. മറ്റൊന്ന് സിപിഐ... കുടിവെള്ളം മുട്ടുന്നതുകൊണ്ട്  ബീയറൊന്നും ഉല്‍പ്പാദിപ്പിക്കേണ്ട എന്ന നിലപാടുമായി വി.എസ് രംഗത്തുണ്ട്. പക്ഷെ, പണ്ടത്തെപ്പോലെ അങ്ങ് ഏശിയിട്ടില്ല. എന്നാല്‍ സിപിഐയുടെ പടനായകന്‍ കാനം രാജേന്ദ്രനാണ് അത്ഭുതപ്പെടുത്തിയത്. സകലമാനദണ്‌ഡങ്ങളും പാലിച്ചാണത്രെ നടപടികളൊക്കെയും. എന്താണ്  ഈ മാനദണ്ഡം എന്ന് ചോദിക്കരുത്. ഇക്കാര്യത്തില്‍ കാനം സഖാവിന് തെല്ലും ദണ്ഡമില്ല. സ്വന്തം അഭിപ്രായം തിരുത്തിക്കൊണ്ടാണ് കാനം രാജേന്ദ്രന്‍ ഇത്തവണ തിരുത്തല്‍ ശക്തിയായത്. അതിന് കെ.മുരളീധരന്‍ കാരണം കണ്ടെത്തിയിട്ടുണ്ട്. ഇലക്ഷന്‍ വരുമ്പോള്‍ വല്യേട്ടനോട് കളിക്കാന്‍ നില്‍ക്കേണ്ട എന്ന് സിപിഐ കരുതിപോലും. 

നിങ്ങള് വെറുതെ ചിരിപ്പിച്ച് കൊല്ലരുത്. കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് നിങ്ങള് ഗള്‍ഫിലായിരുന്നോ. സോളര്‍ സോളര്‍ എന്നുകേട്ടിട്ടുണ്ടാ. ഉണ്ടാവില്ല പോട്ടെ. പിണറായിയേയും മോദിയേയും ഒരേ ത്രാസില്‍ തൂക്കാന്‍ നോക്കുകയാണല്ലോ ചെന്നിത്തല. ആ ത്രാസ് തൂക്കിപ്പിടിച്ചുനില്‍ക്കുന്നത് കെ.മുരളീധരനാണ്. റഫേല്‍ അഴിമതിയില്‍ കള്ളന്‍വിളി കുറച്ചുദിവസമായി കേള്‍ക്കുകയാണ്. ഇപ്പോഴിതാ ബ്രൂവറി പുറത്തായതോടെ പിണറായി വിജയനേയും അതേ വിളി വിളിച്ചിരിക്കുകയാണ് മുരളി. ഒപ്പം ഹിന്ദിത്തെറിയുമായി ചെന്നിത്തലയും.

ഇതേ പോക്കുപോയാല്‍ ഷുഗറുപിടിച്ച് ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സൈഡാകുന്ന ലക്ഷണമാണ്. മുല്ലപ്പള്ള രാമചന്ദ്രന്റെ പേരില്‍ ലഡ്ഡുതിന്നുന്നതിന് കയ്യും കണക്കുമില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഔദ്യോഗികയാത്ര തുടങ്ങ, അധ്യക്ഷനെന്ന നിലയില്‍. സത്യത്തില്‍ സെന്റിെമന്റല്‍ അറ്റാച്ച്മെന്റുള്ള ഓഫീസാണെന്നൊക്കെയാണ് മുല്ലപ്പള്ളി അയവിറക്കുന്നത്. സത്യത്തില്‍ ലഡുവിനോടും ഇതേ അറ്റാച്ചമെന്റാണെന്ന് തോന്നും കോണ്‍ഗ്രസുകാരുടെ ബഹളം കേട്ടാല്‍.

നമ്മളൊക്കെ ഉണര്‍ന്നിട്ടും കോണ്‍ഗ്രസുമാത്രം ഉണര്‍ന്നില്ല എന്നായിരുന്നു യുഡിഎഫിലെ മറ്റുചങ്ങായിമാരുടെ പരാതി. ഇപ്പോഴിതാ കോണ്‍ഗ്രസ് ശരിക്കും ഉണര്‍ന്നിരിക്കുന്നു. അതിന്റെ ക്രഡിറ്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയാലും തെറ്റില്ല. ചെന്നിത്തലയെ ഫോമിലാക്കിയത് മുല്ലപ്പള്ളിയാണ്. ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസുകാരൊക്കെ തലപ്പൊക്കിത്തുടങ്ങി. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയാണ് പ്രതിഷേധം. പുനഃസംഘടയും സ്ഥാനാര്‍ഥി നിര്‍ണയവും മുന്നില്‍ക്കണ്ടുകൊണ്ടല്ല  ഈ പ്രകടനമെന്ന്  അറിയിച്ചുകൊള്ളുന്നു എന്നൊരു ബോര്‍ഡ് കയ്യില്‍പ്പിടിക്കാമായിരുന്നു.

ശ്രീധരന്‍ പിള്ള ചില കാര്യങ്ങളില്‍ നിലപാടുമാറ്റിയെങ്കിലും സിനിമാതാരങ്ങളെ ബീജേപ്പിയിലേക്കുകൊണ്ടുവരുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മോഹന്‍ലാലുപോരാ മമ്മൂട്ടിയും വേണമെന്നാണ് പിള്ളമനസ്സിലെ ആഗ്രഹം. പോരാത്തതിന് ചില മാധ്യമപ്രവര്‍ത്തരെയും ലക്ഷ്യം വയ്ക്കുന്നുണ്ടുപോലും. രാത്രി ചാനല്‍ ചര്‍ച്ചയ്ക്ക് പോകാതെ ബീജേപ്പി ഓഫീസില്‍തന്നെ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ. വളരെ നല്ലതാണ്. ബീജേപ്പി സ്ഥാനാര്‍ഥിയാവാന്‍ പാര്‍ട്ടിയിലെ ആര്‍ക്കും ഇത്തവണ ഭാഗ്യമില്ലെന്ന ദുഃഖസത്യം പങ്കുവെച്ചുകൊണ്ട് നിര്‍ത്തുന്നു.

MORE IN THIRUVA ETHIRVA
SHOW MORE