കാക്കി പാന്റും ചരിഞ്ഞ തൊപ്പിയും കണ്ടാലറിയില്ലേ, പാർട്ടി പൊലീസാണെന്ന്

pk-sasi3
SHARE

പ്രളയക്കെടുതിയില്‍ നാട് ഒന്നു നെടുവീര്‍പ്പൊക്കെ ഇട്ട് അന്തം വിട്ട് നില്‍ക്കുമ്പോഴാണ് ഇടുത്തീ പോലെ ആ വാര്‍ത്ത എത്തുന്നത്. എന്തൊരു ദുരന്തമാണെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീസുരക്ഷയെക്കുറിച്ച് നെടുങ്കന്‍ ഫെയ്സ് ബുക്ക് പോസ്റ്റൊക്കെ ഇട്ടപ്പോള്‍ നമ്ള്‍ കരുതിയത് എന്തൊരു ഭാഗ്യമാണ് പിണറായി ഭരണകാലത്തെ സ്ത്രീകള്‍ ചെയ്തെന്നതാണ്. മാവേലിയെക്കുറിച്ചൊക്കെ നമ്മള്‍ ഇപ്പോള്‌ പാടി നടക്കുന്ന പാട്ടുപോലെ വെറൈറ്റിയായി കുറെ പാട്ടുകള്‍ ഭാവിയില്‍ പാടാനായി ഭക്തര്‍ ഇപ്പോഴേ കുറിച്ചുവച്ചിരുന്നതാണ്. ആ നേരത്ത് മുഖ്യനൊന്നും നാടുവിട്ടപ്പോള്‍ ദാ കഥയും മാറി. സ്വന്തം പാര്‍ട്ടിക്കാരനെതിരെ അതേ പാര്‍ട്ടിയില്‍ പെട്ട യുവതി പീഡനപരാതിയുമായി പാര്‍ട്ടിയെ സമീപിക്കുന്നു. പാര്‍ട്ടി തന്നെ വേറിട്ടൊരു പാര്‍ട്ടിയായതുകൊണ്ട് കേസൊക്കെ സ്വന്തം നിലയ്ക്കാണ് അന്വേഷിക്കുന്നത്. വെറുതെ പൊലീസിനെ ബുദ്ധിമുട്ടിക്കില്ല. പറഞ്ഞില്ലേ ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തോണ്ടാണ് പൊലീസിനെ വിളിക്ക് എന്നൊക്കെ നിങ്ങള്‍ പറഞ്ഞോണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല ആസ്ഥാനത്തിനും ജനറല്‍ ആശുപത്രിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സ്വയം ഭരണ നാട്ടു രാജ്യമാണ് എകെജി സെന്‍റര്‍.

ഒന്നാമത് ഇതൊരു വേറിട്ട പാര്‍ട്ടിയായതുകൊണ്ട് സ്വന്തമായി എല്ലാം ഉള്ള കൂട്ടത്തിലാണ് അവര്‍. നിയമം വരെ സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് അതുമാത്രം നോക്കിയാല്‍ മതി. ബാക്കി പ്രശ്നമൊക്കെ നാട്ടുകാരുടെ മാത്രമാണ്. ഒന്നാമത് പ്രളയം ഒക്കെ വന്ന സാഹചര്യത്തില്‍ കടുത്ത ചിലവുചുരുക്കല്‍ നടപടിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ സര്‍ക്കാര്‍. അതുകൊണ്ട് വെറുതെ ഈ പരാതിയൊക്കെ പൊലീസിനെ ഏല്‍പ്പിച്ച് അതിന്‍റെ അന്വേഷണ ചിലവ് കൂടി കൂട്ടണ്ട എന്നുകരുതിയാവണം സ്വന്തം നിലയ്ക്ക് അന്വേഷിക്കാന്‍ തീരുമാനിച്ചത്. പ്രളയബാധിതരെങ്കിലും സിപിഎമ്മിന്‍റെ ഈ ഉദ്ദേശ്യ ശുദ്ധി മനസിലാക്കണം. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പാര്‍ട്ടി കാണുന്ന ഓരോ പരിഹാര നടപടികള്‍ മാത്രമാണിത്.

ഇങ്ങനെപൊയാല്‍ കോണ്‍ഗ്രസും ബിജെപിയും സ്വന്തം നിലയ്ക്ക് നിയമവും കോടതിയും പൊലീസും ഒക്കെ ഉണ്ടാക്കണം. എന്നിട്ട് രാജ്യത്തെ മുഴുവന്‍ പൊലീസുകാരേയും   കോടതിയേയുമൊക്കെ അങ്ങ് പിരിച്ചുവിടണം. സമുദായ ഗ്രൂപ്പുകള്‍ അവരവരുടെ സമുദായസംഘടനകളിലും, സംവിധാനത്തിലും  കേസ് കൊടുക്കട്ടെ. എന്തിനാണ് വെറുതെ പൊലീസ്. ഒന്നാമത് രാജ്യത്തെ സംവിധാനങ്ങളോട് സിപിഎമ്മിന് അത്രവിശ്വാസം പോര. ഭൂരിപക്ഷം കാര്യങ്ങളും സംവിധാനവും പാര്‍ട്ടിയെ സംബന്ധിച്ച് ബൂര്‍ഷ്വാ ഇടപാടാണ്. എന്തിന് ജനാധിപത്യം പോലും ഒരു അടവുനയമല്ലേ. അധികാരത്തിലെത്താന്‍ മാത്രം സ്വീകരിച്ച ഒരു നയം മാത്രമാണത്. പിന്നെയാണോ ഇത്തരം ചീളുകേസുകള്‍

വനിതാ കമ്മിഷന്‍ അധ്യക്ഷയാണ് ഈ വന്നത് കെട്ടോ. ഉത്തരവാദിത്തക്കുറിച്ചൊക്കെ സംസാരിച്ചത് കേട്ടുകാണും. പീഡനപരാതി എവിടുന്നെങ്കിലും ഒരശരീരി പോലെ കേട്ടാല്‍ സ്വമേധയാ കേസെടുക്കുന്ന കൂട്ടമായിരുന്നു, കെ.പി. ശശിയുടെ കാര്യം വരുന്നതിന് തൊട്ടുമുമ്പുവരെ. പിന്നെ വേറെ എന്തോ സംഭവിച്ചു

സംഗതിയുടെ കിടപ്പ് മനസിലായിക്കാണുമല്ലോ അല്ലേ. ഇങ്ങനെപോയാല്‍ പരിസ്ഥിതി സംരക്ഷണ പ്രശ്നങ്ങളില്‍ നിയമസഭയില്‍ എസ്. രാജേന്ദ്രനും പി.വി.അന്‍വറും തോമസ് ചാണ്ടിയുമൊക്കെ സംസാരിച്ച കീഴ് വഴക്കമനുസരിച്ച് സ്ത്രീസുരക്ഷ സംബന്ധിച്ച് ചര്‍ച്ചകള്‍ വന്നാല്‍ ആ വിഷയത്തില്‍ ആധികാരികമായി സംസാരിക്കേണ്ട ആള്‍ പി.കെ..ശശി എംഎല്‍എ തന്നെയാണ്. സിപിഎം അനുഭാവപൂര്‍വം ഇക്കാര്യം പരിഗണിക്കുമെന്ന് കരുതുന്നു.

ഇങ്ങനെ പുതുമയില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പങ്ങളൊന്നും ഇല്ലെന്നാവും വനിത കമ്മിഷന്‍ അധ്യക്ഷ പറയുന്നത്. അതേതായാലും ഈ സമൂഹത്തിന് കിട്ടിയ പുതിയ ഒരു അറിവാണ്. ഒരു അര്‍ദ്ധ ജുഡീഷ്യറി സംവിധാനത്തിന്‍റെ തലപ്പത്തിരിക്കുന്നവരാണ് ഇവരെന്ന് മറന്നിട്ടൊന്നും ആവില്ലല്ലോ ഈ പറയുന്നത്. പക്ഷേ അത് മറന്നാലും പാര്‍ട്ടിയെ ഓര്‍ത്തു. അതുകൊണ്ടാണ്. 

വനിതാ കമ്മിഷനും പോലും സ്വമേധയ കേസ് എടുക്കാന്‍ പറ്റാത്തൊരു പീഡനമായിപ്പോയി ശശി സഖാവിന്‍റേത്.ഇതൊക്കെ കണ്ടും കേട്ടും ആ നടന്‍ കരയുന്നുണ്ടാവണം. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെങ്കില്‍ നടിയെ പീഡിപ്പിച്ച കേസ് എന്തുകൊണ്ടായാലും AMMA സംഘടനയാണ് അന്വേഷിക്കേണ്ടത്. വാദിയും പ്രതിയും ഒക്കെ ഒരേ സംഘടനയില്‍ പെട്ടവരാണല്ലോ.  വെറുതെ പൊലീസിനെക്കൊണ്ടൊക്കെ അന്വേഷിപ്പിച്ചു. ജയിലിലുമാക്കി. അതൊക്കെ ഒഴിവാക്കാമായിരുന്നു.  ശശിയുടെ തലയില്‍ വരച്ച വരപോലും നടന്‍റെ തലയില്‍ ഇല്ലാതായി അത്രതന്നെ.

എന്നാലും നാട്ടിലെ നിയമം എന്നൊന്ന് ഉണ്ടെന്ന് തോന്നുന്നു. അത് നമ്മുടെ ആസ്ഥാന വക്കീലും ബിജെപി സംസ്ഥാന പ്രസിഡന്‍റുമൊക്കെയായ ശ്രീധരന്‍ പിള്ളയോട് ചോദിക്കും. പിള്ളചേട്ടന്‍ വകുപ്പും ഉപവകുപ്പും ഒക്കും പറഞ്ഞ് കാര്യങ്ങളൊന്ന് കൊഴിപ്പിക്കും.

മോഹന്‍ലാല്‍ ബിജെപിയിലേക്ക് വരുമോ ഇല്ലയോ ?

ലാലേട്ടനെയും കാത്തിരിക്കാണ് കേരളത്തിലെ സംഘപരിവാരം. ഒരു സൂപ്പര്‍ സ്റ്റാറിനെ രാജ്യസഭയില്‍ കൊണ്ടിരിത്തിയിട്ടും വല്യ കാര്യമൊന്നും ഇല്ലെന്നുതോന്നിയിട്ടാവണം എന്നാ പിന്നെ ഒരു മെഗാ താരത്തെ ഇറക്കിയാലോ എന്നൊന്ന് ആലോചിച്ചത്. പണ്ട് സുരേഷ് ഗോപി പോയതുപോലെ തന്നെ ആദ്യം നരേന്ദ്രമോദിയ അവിടെ ചെന്ന് കണ്ടിട്ടാണ് ലാലേട്ടന്‍റേയും വരവ്. ബിജെപിയില്‍ വല്യ വല്യ ആള്‍ക്കാര്‍ അങ്ങനെയാണ്. ആദ്യം മോദിയെ കാണും. മോദിക്ക് ഇഷ്ടപ്പെട്ടാല്‍ കേരളത്തിലെ നേതാക്കളും ഇഷ്ടപ്പെട്ടോണം. അതാണ് നാട്ടുനടപ്പ്. 

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മല്‍സരിപ്പിക്കാനൊക്കെയാണ് ബിജെപിക്ക് ആഗ്രഹം. അവിടെ മല്‍സരിച്ച് മല്‍സരിച്ച് ഒരു വഴിക്കായ രാജഗോപാല്‍ ജി ഇപ്പോ നിയമസഭയിലാണല്ലോ. പിന്നെയുള്ള കുമ്മനംജിയായിരുന്നു. അദ്ദേഹമിപ്പോള്‍ ഗവര്‍ണറാണ്. പിന്നെ ഇങ്ങനെ ആരെയെങ്കിലും കിട്ടിയാലേ കാര്യമുള്ളു. ലാലേട്ടനാണെങ്കില്‍ രാവിലെ പിണറായി സഖാവിനെ കണ്ട് ഒപ്പം നില്‍ക്കുന്ന പടം ഫെസ് ബുക്കില്‍ പോസ്റ്റും. വൈകീട്ട് മോദിയ്ക്കൊപ്പം നിക്കണ പടവും ഇടും. ആ രാഹുല്‍ ഗാന്ധിയുടെ കൂടെ കൂടി നിന്ന് ഒരു ഫോട്ടം ഉച്ചസമയത്ത് ഇട്ടാല്‍ അതും നന്നായിരുന്നു. 

ബ്ലോഗൊക്കെ വായിച്ചാല്‍ ലാലേട്ടന്‍ ഇന്‍റര്‍നെറ്റ് ലോകത്തെ ഒരു സേവാഭാരതിക്കാരന്‍ തന്നെയാണ്. പിന്നെ പരസ്യമായി മൈക്കിനു മുന്നില്‍ നേരേചൊവ്വേ കാര്യങ്ങള്‍ പറയാത്തതുകൊണ്ട് ഒന്നും പിടികിട്ടില്ല. ഈ രാഷ്ട്രീയം തന്നെ ഒരു രാജ്യത്തെ പൗരനെന്ന നിലയില്‍ തനിക്കുണ്ടാകാമാല്ലോ, അത്തരത്തില്‍ ഉണ്ടാകാമായിരുന്ന ഒരു കാര്യത്തില്‍ താന്‍ നിന്നുകൊടുക്കുന്നു എന്നുകരുതി ഞാന്‍ ഈ നിമിഷം അതാവാം. അടുത്ത നിമിഷം വേറെ ആളാവും എന്നൊക്കെയാണ് ലാലേട്ടന്‍ ഇതിനെപ്പറ്റി ചോദിച്ചാല്‍ പറയുക.  ഏട്ടനുപൊലും മനസിലാവാത്ത കാര്യങ്ങളാണ്. പിന്നെയാണോ പാവം നമുക്ക്. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.