ധൈര്യസമേതം ഹസൻ

thiruva-hassan-t
SHARE

കെ കരുണാകരന്‍ ലോകത്തിലെ നല്ലവനായിരുന്നുവെന്ന് എ ഗ്രൂപ്പും തിരുത്തല്‍ വാദികളും കരുണാകരനെ കുത്താനും മറിക്കാനും പറപ്പിക്കാനും അഘോരാത്രം നിന്നവരും മിനക്കെടുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. ലീഡറുടെ നൂറാം ജന്മദിനത്തിലാണ് ഇത്രയധികം കരുണാകര സ്നേഹികള്‍ കോണ്‍ഗ്രസില്‍ ഉണ്ട് എന്ന് മനസിലായത്. ഭാഗ്യത്തിന് ഇതര സംസ്ഥാന തൊഴിലാളിയാകേണ്ടിവന്ന ഉമ്മന്‍ ചാണ്ടിക്ക് അനുസ്മരണ യോഗങ്ങളിലൊന്നും പങ്കെടുക്കേണ്ടിവന്നില്ല. പക്ഷേ എംഎം ഹസന്‍ എകെ ആന്‍റണി തുടങ്ങിയ എണ്ണംപറഞ്ഞ ലീഡര്‍ സ്നേഹികള്‍ കത്തിക്കയറുന്നുണ്ട്. കുമ്പസാരങ്ങള്‍ വിവാദമാകുന്ന കാലമായതിനാലാകണം കരുണാകരന്‍റെ ഓര്‍മദിനത്തില്‍ കെപിസിസിയുടെ കാവല്‍ മാലാഖ എംഎം ഹസന്‍ മനസിലെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു. 

എല്ലാം മറന്ന് വെറുതെ അടങ്ങിയിരിക്കുന്ന കെ മുരളീധരന്‍റെ ചെകിടില്‍ കുത്തി പലതും ഓര്‍മിപ്പിക്കുന്ന കലാപരിപാടിയാണ് ഹസന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നാമതെ തന്നെ വിളിക്കാതെ പാര്‍ട്ടി യോഗെ ചോര്‍ന്നതിന്‍റെ കലിപ്പ് മുരളിക്ക് ഹസനോടുണ്ട്. അതിനിടെയാണ് അപ്പനിട്ട പണിതതിന്‍റെ പഴങ്കതകള്‍ ഇങ്ങനെ കെട്ടഴിച്ച് തട്ടുന്നത്. 

ഇതിന് മുമ്പും ഹസന്‍ ഇതുപൊലെ ഒരു കുമ്പസാരം കരുണാകരനെക്കുറിച്ച് നടത്തിയിരുന്നു.  ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ചാരം കഴിഞ്ഞ ഡിസംഹറില്‍ ഹസന്‍ വാരിയതിന്‍റെ ക്ഷീണം ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും ഒന്ന് മാറി വരുന്നതിനിടെയാണ് വീണ്ടും ഹസന്‍ കുമ്പസാരക്കൂട്ടില്‍ കയറിയിരിക്കുന്നത്.

എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം ഹസന്‍ കഴിഞ്ഞ ദിവസം വായിച്ചിരുന്നു. അപ്പോളാണ് ഈ സത്യം പറഞ്ഞാല്‍ കിട്ടുന്ന ചില സാധ്യതകള്‍ കക്ഷി മനസിലാക്കിയത്. ധൈര്യശാലി എന്ന പദവി അതിലൂടെ കൈവരുമത്രേ. അതിനാണ് ഈ സാഹസം. കെ കരുണാകരനിട്ട് പണിത പഴയ പണികള്‍ കെ മുരളീധരനെ വേദിയിലിരുത്തി വിളിച്ചുപറയാന്‍ കാട്ടുന്ന ആ ധൈര്യം രാഹുല്‍ ഗാന്ധി കണ്ടില്ലെന്നു നടിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഈ ഗഡ്സ് ഒക്കെത്തന്നെ ധാരാളം. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.