മൊത്തത്തിൽ അലങ്കോലമായ യോഗങ്ങൾ| തിരുവാ എതിർവാ

Thumb Image
SHARE

നായകനില്ലാത്ത ബിജെപി കേരള സംസ്ഥാന ഘടകത്തെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് വെറുതെ പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

********************************

പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിളിച്ച യോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ ദിവസങ്ങള്‍ കേരളത്തിലെ കാഴ്ച. അതിപ്പോ അമ്മ യോഗമാണെങ്കിലും കെപിസിസി യോഗമാണെങ്കിലും . ലേഡീസ് ഫസ്റ്റ് എന്നാണ്. എങ്കിലും അമ്മയെക്കുറിച്ച് ആദ്യം പറയുന്നില്ല. ആണ്‍കോയ്മ മൂത്തുനില്‍ക്കുന്നതിനാല്‍ ജന്‍റ്സ് സെക്കന്‍ഡ് എന്ന തത്വപ്രകാരം ആ കഥ സെക്കന്‍റ് ഹാഫിലേക്ക് മാറ്റിവയ്ക്കുകയാണ്. ആദ്യം പറയുന്നത് കെപിസിസി യോഗത്തിലെ മഞ്ഞക്കാര്‍ഡിനെയും ചുമലക്കാര്‍ഡിനെയും കുറിച്ചാണ്. വിഎം സുധാരനെയും കെ മുരളീധരനെയും ഒഴിവാക്കി ഇന്ദിരാഭവനില്‍ എംഎം ഹസന്‍ കോണ്‍ഗ്രസ് യോഗം വിളിച്ചു. മുന്‍ അധ്യക്ഷന്മാരെ യോഗത്തിന് വിളിക്കേണ്ട എന്ന തീരുമാനം ഹസന്‍ സ്വയം എടുത്തതാകാന്‍ വഴിയില്ലെങ്കിലും നിലവില്‍ ആ പാപഭാരം ആ തലയിലും തോളിലുമാണ്. സുധീരന്‍റെ കലപില ശബ്ദം യോഗത്തില്‍ മുഴങ്ങുന്നത് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ആദ്യം  നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു. അവര്‍ നല്‍കിയ ഉപദേശപ്രകാരമാണ് മുന്‍ അധ്യക്ഷന്മാരില്ലാത്ത, എന്ന ക്ലോസോടെ യോഗം വിളിച്ചത്. സുധീരനെ ഒഴിവാക്കിയത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുകയും അരിപ്പശ മുക്കിയ ഖദര്‍ ഇടുകയും ചെയ്യുന്ന എല്ലാവര്‍ക്കും മനസിലായി. പക്ഷേ എന്തിന് മുരളീധരനെ. പാവം രാവിലെ കുളിചൊരുങ്ങി ഉള്ളതില്‍ വച്ച് ഏറ്റവും വെണ്മയുള്ള ഉടുപ്പൊക്കെയിട്ട് റെഡിയായതാരുന്നു. അധ്യക്ഷനായിരുന്ന കാലത്ത് കെ മുരളീധരന്‍ പണി കഴിപ്പിച്ച കെപിസിസി ആസ്ഥാനത്ത് മുരളിയെ മറന്ന് ഹസനാദികള്‍ പലതും അവലോകിച്ചു

********************************

ഫുട്ബോള്‍ കാലമാണല്ലോ. അപ്പോ കളികള്‍ക്ക് പ്രാധാന്യമുള്ള സമയം. അതാണ് ഈ കെപിസിസി യോഗം കാണുമ്പോള്‍‌ ഓര്‍മവരുന്നത്. പാര്‍ട്ടി യോഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഎം സുധീരന്‍ ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുമ്പോളാണ് അതാ കെ മുരളീധരന്‍ ഹെഡ്‍ലൈനില്‍ പോകുന്നു. രണ്ടാമത് ആഞ്ഞടിച്ചിട്ട് കാര്യമില്ലല്ലോ. അത് ഏശുകയുമില്ല, പോരാത്തതിന് ആരും കൈയ്യടിക്കുകയുമില്ല. കളിക്കളത്തില്‍ സ്വന്തം പോസ്റ്റിലേക്ക് എപ്പോഴും പന്തുമായി പാഞ്ഞടുക്കുന്ന എതിര്‍ടീം താരത്തെ മാര്‍ക്ക് ചെയ്യുകയും പിന്നെ ഇടം വലം അനങ്ങാതെ പൂട്ടുകയും ചെയ്യുന്ന തന്ത്രം. ബോള്‍ തന്‍റെ കാലിലേക്ക് ഇപ്പോ വരും എന്നുകരുതി സുധാരന്‍ തയ്യാറായി നിന്നു. പക്ഷേ എവിടെനിന്നോ പറന്നെത്തിയ മുരളി ആ ബോളുമായി പാഞ്ഞു. ആഹാ അധ്വാനിക്കാതെ ഇവിടെ  നിന്ന് ഓന്‍ ഗോളടിക്കുന്നത് കാണാമെന്ന് സുധാരനും കരുതി. പോസ്റ്റിലെത്തിയ മുരളി കുറച്ച് ട്രിബിളിങ്ങ് ഒക്കെ കാട്ടി. പിന്നെ ഗോളിക്ക് തട്ടിയകറ്റാവുന്ന മാതിരി ഒരു ഷൂട്ട് നടത്തി. കാണികളുടെ കൈയ്യടി കിട്ടുകയും ചെയ്തു. ബോള്‍ നാശം വിതച്ചുമില്ല. 

********************************

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പന്തുതട്ടുമ്പോള്‍ അവര്‍ക്കൊപ്പം അദൃശ്യനായി കളത്തിലുള്ള മൂന്നാമനാണ് കെ മുരളീധരന്‍. സൈഡ് ബഞ്ചിലുള്ള എംഎം ഹസന് ഇതില്‍ പരാതിയില്ല. അല്ല പരാതിപ്പെട്ടിട്ട് കാര്യമില്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് റോളില്ലാത്തതിനാല്‍ ഹസന്‍ യോഗത്തിന് ക്ഷണിച്ചില്ല എന്ന മുരളിയുടെ പ്രസ്ഥാവന അല്‍പ്പം കടന്നുപോയി. ഏതുനിമിഷവും ഒടിയാന്‍ സാധ്യതയുള്ള കസേരയിലിരിക്കുന്ന ഹസനെ അത് വേദനിപ്പിച്ചിട്ടുണ്ടാകും. നിലവിലെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും മനസിലാകും വരാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹസനും വലിയ റോള്‍ ഒന്നും ഉണ്ടാവില്ലെന്ന്.

********************************

ഈ നന്ദി മറ്റൊന്നിനുമല്ല. വലിയ പരുക്കേല്‍പ്പിക്കാതെ, നാശം വിതക്കാതെ പെയൊതൊഴിഞ്ഞതിനാണ്. എല്ലാം മനസിലാക്കി വിഎം സുധീരന്‍ കട അടച്ച് പോകണം. അതാണ് ഇടതുപക്ഷത്തെ നേരിടുന്നതിലും വലിയ അജണ്ടയായി കോണ്‍ഗ്രസിലെ അധികാരം കൈയ്യാളുന്ന നേതാക്കള്‍ കുറിച്ചു വച്ചിരിക്കുന്നത്. അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാത്ത തരക്കാരനാണ് വിഎം. ആ ഗുണമൊന്നുകൊണ്ടു മാത്രമാണ് സംസ്ഥാന അധ്യക്ഷന്‍ എന്ന പദവിയൊക്കെ നേടിയത്. പണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് സുധീരന്‍. അവഗണന മടുത്ത് കച്ചവടം നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് ഇക്കണ്ട സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ പറ്റില്ലാരുന്നല്ലോ

********************************

വാര്‍ത്താ സമ്മേളനത്തിലെ ഏത് കൂരമ്പു ചോദ്യങ്ങളും എംഎം ഹസന്‍ തടുക്കും. പക്ഷേ ഗള്‍ഫില്‍ നിന്ന് വരുന്നവനോട് സ്ഥിരം ചോദിക്കുന്ന ആ ചോദ്യമുണ്ടല്ലോ. എന്നാണ് മടക്കം എന്നത്.  അമ്മാതിരിയൊരണ്ണം കേട്ട് ചെവി തഴമ്പിച്ച ആളാണ് എംഎം.  ചോദ്യം ഏതെന്നല്ലേ, എന്നാ പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്‍റ് വരുക

********************************

ദേശാടനപക്ഷിയെന്ന ആ വിളിപ്പേര് ഹസന്‍ നിഷേധിച്ച സ്ഥിതിക്ക്. ഇടവേള എടുക്കുകയാണ്. ഇടവേളക്കു ശേഷം അമ്മക്കുവിളിയുമായി നാട്ടുകാരെത്തും

********************************

ഇടവേള കഴിഞ്ഞെങ്കിലും ഇടവേള ബാബു ഉള്‍പ്പെടുന്ന അമ്മ സംഘടനക്കെതിരായുള്ള കഥകള്‍ നമ്മള്‍ പറഞ്ഞിരുന്നില്ലല്ലോ. ദിലീപ് ഇന്നസെന്‍റ് മുകേഷ് തുടങ്ങിയവര്‍ ഇത്തവണത്തെ അമ്മ യോഗത്തിന് ശേഷം വലിയ പരുക്കുകളില്ലാതെ രക്ഷ പെട്ടു. എന്നാല്‍ കഴിഞ്ഞ തവണത്തെ യോഗത്തില്‍ ഊമയായി അബിനയിച്ച ലാലേട്ടന് ഇക്കുറി കട്ടപ്പണികിട്ടി. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഒരക്ഷരം നാട്ടുകാരോട് മൊഴിഞ്ഞിട്ടില്ല. പക്ഷേ ആ തിരിച്ചെടുക്കലിനെ വലിയ പാപമായി പ്രഖ്യാപിച്ച പൊതുജനം ആ പാപത്തിനന്‍റെ ഭാരം ലാലേട്ടന്‍റെ ചുമരുകളില്‍ വയ്ക്കുകയും ചെയ്തു. അതിന്‍റെ പരിണിതഫലമായി  ആ ഇടംതോള്‍ അല്‍പ്പംകൂടി താന്നു എന്നാണ് ബോക്സ്ഒഫീസില്‍ നിന്നു കിട്ടുന്ന വിവരം

********************************

മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ ഇന്നസെന്‍റ് അഭിനയിച്ചിട്ടുണ്ട്. പിന്‍ഗാമിയില്‍ ലാല്‍ ഇന്നസെന്‍റിനെ തുടലില്‍ കെട്ടിവലിച്ചു നടന്നു. ചന്ദ്രലേഖയില്‍ ഇല്ലാത്ത കോണ്‍ണ്ടസയുടെ പേരില്‍ പീഡിപ്പിച്ചു. വിയറ്റ്നാം കോളനിയില്‍ പച്ചക്കറി ഭക്ഷണം മാത്രം നല്‍കി മടുപ്പിച്ചു. ഇപ്പോ എല്ലാത്തിനും ചേര്‍ത്ത് ഇന്നസെന്‍റ് ഒരു പണി അങ്ങ് പണിതു. തളികയില്‍ വച്ചുനല്‍കിയ പ്രസിഡന്‍റ് പദവി. ആരാധനകൊണ്ട് ലാലേട്ടന്‍ എന്ന് തികച്ചുവിളിക്കാന്‍ മടിച്ചിരുന്നവര്‍ ഇപ്പോ വിളിക്കുന്നതൊന്നും പുറത്തു പറയാന്‍ കൊള്ളില്ല

********************************

സൂപ്പര്‍ താരത്തെ പത്ത് പറയാനുള്ള അവസരം ആരും പാഴാക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസും എഐവൈഎഫുമെല്ലാം ലാല്‍ കോലവുമായി ഓടിനടന്ന് തീവയ്പ്പാണ്. അവര്‍ക്ക് എളുപ്പമാണല്ലോ കാര്യങ്ങള്‍ . ആവശ്യത്തിന് കോലങ്ങള്‍ ഫാന്‍സുകാര്‍ സകല തിയറ്ററുകള്‍ക്കുമുന്നിലും നാല്‍ക്കവലകളിലും സ്ഥാപിച്ചിട്ടുണ്ട്. അതെടുക്കുക പെട്രോള്‍ ഒഴിക്കുക. കൈയ്യടി നേടുക. വല്യ അധ്വാനമില്ലാതെ കാര്യം നടക്കും

********************************

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മടികാണിച്ചും ചിലര്‍ എത്തിയിട്ടുണ്ട്. മുന്‍നിര നായികമാരോ WCC അംഗങ്ങളോ അല്ലാത്തത് ഭാഗ്യം. അവര്‍ വരും ദിവസങ്ങളില്‍ ഇങ്ങനെയൊക്കെ പറയുമോ എന്തോ

********************************

ആരൊക്കെ കൈവിട്ടാലും ഫാന്‍സുകാര്‍ കട്ടക്ക് കൂടെയുണ്ട്. പാലഭിഷേകവും പഞ്ചാമൃതവിതരണവുമൊക്കെയായി നടന്ന പാവങ്ങള്‍ക്ക് ഇപ്പോളാണ് അധ്വാനിക്കാന്‍ അവസരം കൈവന്നത്. ലാലേട്ടന്‍റെ എട്ടുനിലയില്‍ പൊട്ടുന്ന പടത്തിന് വരെ ചെണ്ടയുമായി ഇറങ്ങുന്ന ടീംസിനെ ഇത്തവണ എന്തായാലും കുറ്റം പറയുന്നില്ല. അവരുടെ ചങ്കിന്‍റെ ചങ്കില്‍ കൊള്ളുന്നത് ആരും പറയരുത് പ്ലീസ്

MORE IN THIRUVA ETHIRVA
SHOW MORE