കോൺ’’ക്രൈസ് ആസ്ഥാനം

thiruva-kpcc-t
SHARE

പഴമ കൈവിടാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിപ്പോ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും അങ്ങനെ തന്നെ. എന്നുവച്ചാല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് തോറ്റുകഴിഞ്ഞാല്‍ അതുവരെ പിന്നാമ്പുറത്ത് നടന്ന തമ്മിലടി കര്‍ട്ടന്‍ പൊക്കി താനേ പുറത്ത് വരും എന്നര്‍ഥം. അല്ലെങ്കില്‍ പിന്നെ എന്തു രസമാണുള്ളത്. ആ പാരമ്പര്യം പിന്തുടരുകയും ഒരിഞ്ചുപോലും മാറ്റമില്ലാതെ നടുപ്പില്‍ വരുത്തുന്നതിലും കോണ്‍ഗ്രസുകാരെ സമ്മതിക്കണം. പൂരം കഴിഞ്ഞ പൂരപ്പുറമ്പുപൊലെയൊന്നും അല്ല, പൂരം കഴിഞ്ഞാലും വേറെ പൂരം അരങ്ങേറുന്ന പൂരപ്പറമ്പാണ് കെപിസിസി. പിന്നെ പഴിചാരലായി. സംഘടനാസംവിധാനം പോരെന്നായി. ഒത്തൊരുമയില്ലാതായി. യുവത്വത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല  എന്നൊക്കെ വിമര്‍ശിച്ചും തിരുത്താന്‍ കൊതിച്ചും അവര്‍ പരസ്പരം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. അടുത്ത തിരഞ്ഞെടുപ്പുകഴിഞ്ഞാലും ഇതേ കാരണങ്ങളൊക്കെ തന്നെ പറയാനുള്ളതുകൊണ്ട് ഭാഗ്യത്തിന് ഈ തിരുത്തലുകളൊന്നും നടപ്പില്‍ വരുത്താറുമില്ല. അതുകൊണ്ട് തോറ്റുകഴിഞ്ഞാല്‍ തിരഞ്ഞെടുപ്പിന് മുമ്പത്തേക്കാളും സജീവമാകുന്ന ഒരു പാര്‍ട്ടിയേ ഈ രാജ്യത്തുള്ളു. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന അന്നു തന്നെ തോല്‍ക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് തോന്നിയതായി എ.കെ.ആന്‍റണിജി ഇപ്പോഴാണ് പറഞ്ഞത്. അത് അന്നേ പറഞ്ഞിരുന്നെങ്കില്‍ പത്തിരുന്നൂറു വോട്ടെങ്കിലും അധികം കിട്ടുന്ന പണി നോക്കാമായിരുന്നു പാര്‍ട്ടിക്ക്. അല്ലെങ്കിലും തോല്‍ക്കുമ്പോള്‍ പറയാനെന്തെങ്കിലും കരുതി വച്ചല്ലേ പറ്റൂ. അങ്ങനെയിരിക്കുമ്പോഴാണ് ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പ് നേതാവ് വി.എം.സുധീരന്‍ ആ വഴിക്ക് വരുന്നത്. സുധീരനാണെങ്കില്‍ എ, ഐ വിശാല ഐ എന്നൊക്കെയുള്ള പേരുകളോട് പണ്ടേ കലിപ്പാണ്. പേരില്ലാത്ത ഗ്രൂപ്പിനുടമയാണ് സുധീരന്‍. അതുകൊണ്ട് പേരുള്ളവരോട് പോരാണ്. അങ്ങനെ പോര് നടത്തി പാര്‍ട്ടിക്കകത്ത് അദൃശ്യഗ്രൂപ്പുണ്ടാക്കിയ മഹാനാണ് കക്ഷി. കെപിസിസി പ്രസിഡന്റൊക്കെ ആയി നോക്കിയതാണ്. പക്ഷേ ഗ്രൂപ്പില്ലാത്തതുകൊണ്ട് ആരും വേണ്ടത്ര ഗൗനിച്ചില്ല. താന്‍ പാര്‍ട്ടിക്കകത്ത് നേരിട്ട ഒറ്റപ്പെടല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി നേരിടുന്നു എന്നു തിരിച്ചറിയാനും അതുകൊണ്ട് സുധീരനേ സാധിക്കൂ.

രാഹുല്‍ ഗാന്ധി ഇനി ചെയ്യേണ്ടത്, ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് വണ്ടികയറ്റിവിട്ടതുപോലെ രാജ്യത്തെ പലയിടങ്ങളിലായി പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കി ബാക്കിനേതാക്കളെക്കൂടി ഇവിടുന്ന് കൊണ്ടുപോണം. പുറത്തുനിന്ന് ആരെങ്കിലും വന്ന് ഇവിടെ നന്നാക്കാമെന്നൊന്നും കരുതിയിട്ടല്ല, ഇവിടുള്ളതിനെ ഒന്ന് ശുദ്ധീകരിച്ചെടുക്കാലോ. അല്ലാതെ ഹിന്ദി അറിയാം, എഐസിസി മെംബറായിരുന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ബൈബിളില്‍ ഒരു ചൊല്ലുണ്ട്, ലോകം മുഴുവന്‍ നേടിയാലും നിന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്താണ് പ്രയോജനം എന്ന്. ആ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. ആള് ഈ നാടിന്‍റെ മൊത്തം പ്രതിപക്ഷനേതാവൊക്കെ തന്നെയാണ്. പക്ഷേ സ്വന്തം നാട്ടില്‍ ബൂത്തില്‍ വിലയില്ലാതായാല്‍ എന്തുചെയ്യാനാണ്. പടയൊരുക്കത്തിലൂടെ കാസര്‍കോട് തൊട്ട് തിരുവനന്തപുരം വരെ പടയോട്ടം നടത്തിയിട്ടെന്തുപ്രയോജനമാണുണ്ടായത്. നാടു കണ്ടു എന്നല്ലാതെ. ഇതിപ്പോ കൂടുക്കിടക്കുന്നവര്‍ക്കേ  രാപ്പനി അറിയൂ എന്നുപറയുമ്പോലെ നാട്ടുകാര്‍ക്കേ അവരവരെക്കുറിച്ച് മികച്ച ധാരണയൊക്കെ ഉണ്ടാവൂ എന്നാണല്ലോ. സത്യത്തില്‍ ഈ പടയൊരുക്കമൊക്കെ പാര്‍ട്ടിക്കകത്താണോ പുറത്താണോ ചെന്നിത്തല നടത്തിയത്. ആര്‍ക്കറിയാം.

സ്കൂള്‍ പ്രവേശനോല്‍സവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാരോപദേശം രമേശ് ചെന്നിത്തലയ്ക്ക് കൂടി ബാധമാക്കാവുന്നതാണ്.

ജനരക്ഷായാത്ര നടത്തിയ എം.എം.ഹസന് സ്വരക്ഷപോലുമുണ്ടാവാന്‍ വഴിയില്ല ഇനി. അതുകൊണ്ട് അദ്ദേഹത്തെ എവിടേയും കാണാനേയില്ല. അതുവിടുന്നു. പക്ഷേ യൂത്തന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്. പതിവുപോലെ. നേരത്തെ പറഞ്ഞ ആ പഴമ കാക്കാന്‍. അവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കെഎസ് യുക്കാര്‍. സ്കൂള്‍ പ്രവേശനോല്‍സവദിനത്തില്‍ കെപിസിസിയില്‍ പോയി എഐസിസിക്ക് കത്തെഴുതി പഠിക്കുകയായിരുന്നു പൈതങ്ങള്‍. ബൂത്തുതലം തൊട്ട് അടിമുടി മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള അലമുറകള്‍ ഈ അധ്യയനവര്‍ഷം മുഴുവന്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.