സിധേ സെ സീതാറാം

PTI4_18_2018_000050B
SHARE

സിപിഎം പാര്‍ട്ടി, അങ്ങനെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉദാത്തമാതൃകയില്‍ പരസ്പരം ചെളിവാരിയെറിഞ്ഞു. തല്ലുകൊടുത്തു. അടിച്ചു താഴെയിട്ടു. ഒടുവില്‍ തോറ്റ് തുന്നംപാടുമെന്ന് കരുതിയ സീതാറാം യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായി. അതുമാത്രമല്ല യെച്ചൂരിയുടെ കരടിനെ അതൊരു കരടല്ലെന്നും നല്ലതാണെന്നും പറഞ്ഞ് പാസാക്കുകയും ചെയ്തു.  കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് കോണ്‍ഗ്രസ് പോലും ചര്‍ച്ച ചെയ്യാന്‍ മെനക്കെടാത്ത സാഹചര്യത്തിലാണ് സിപിഎം അതിന്റെ സംഘടനാസംവിധാനത്തിലെ ഏറ്റവും ഉന്നതമായ യോഗം വിളിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്തോണ്ടിരുന്നത്. ഇതിനുവേണ്ടിയാവണം പണ്ടുതൊട്ടേ പരിപാടിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് പേരിട്ടത്. അല്ലാതെ പിബി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നപോലെ ഒരു പേരിട്ടാല്‍ മതിയായിരുന്നല്ലോ. 

പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായി കുറെ ഇരുന്നതാണ്. കുറെ എന്നുവച്ചാല്‍ പാര്‍ട്ടിയുടെ നിയമാവലി അനുസരിച്ച് മൂന്നുടേം. അതിനുപ്പുറം ഇരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാത്രമാണ്. പാര്‍ട്ടി ഏതായാലും ഒരു കാലത്തും മാറാന്‍ പോകുന്നില്ല എന്നാല്‍ പിന്നെ ജനറല്‍ സെക്രട്ടറിയെങ്കിലും മാറിക്കോട്ടെ എന്നു കരുതിയാണ് അങ്ങനെ ഒരു ക്ലോസ് എഴുതിച്ചേര്‍ത്തത്. അതുകൊണ്ട് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസോടെ 

യെച്ചൂരി സെക്രട്ടറിയായി. ഇല്ലേല്‍ ഈ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസിലും കാരാട്ടിനെ തന്നെ കാണാമായിരുന്നു. എന്തൊക്കെയായാലും നന്ദിയുള്ളവനാണ് വി.എസ്. അച്യുതാനന്ദന്‍. പണ്ട് വിശാഖപട്ടണത്ത് വച്ച് കാണിച്ച യെച്ചൂരിസ്നേഹത്തിന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വന്നപ്പോഴും ഒരുമാറ്റവുമുണ്ടായില്ല. കേരള ഘടകം കാരാട്ടിനൊപ്പം എന്നു പറയുമ്പോഴും വി.എസ്. സീതാറാമിന്‍റെ പിന്നില്‍ ഉറച്ച് നിന്നു. സീതാറാം യെച്ചൂരി വീണ്ടും സെക്രട്ടറിയായി.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും കേട്ട തെറിയും ഒറ്റപ്പെടുത്തലും നന്നായി അറിയാവുന്നതുകൊണ്ടാവണം സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം യെച്ചൂരി പ്രധാനമായും പറഞ്ഞ വാക്ക് യൂനിറ്റി എന്നായിരുന്നു. ദേശീയ തലത്തില്‍ ഒത്തൊരുമയോടെ നിന്ന് ബിജെപിയെ തോല്‍പിക്കാനാണ് പറഞ്ഞതെങ്കിലും ആ യൂണിറ്റി അല്ലെങ്കിലും ഒരുമ സ്വന്തം പാര്‍ട്ടിക്കാരെക്കൂടി ഓര്‍മിപ്പിക്കാനാവണം പത്തുമിനിറ്റില്‍ താഴെ മാത്രം നീണ്ടുനിന്ന പ്രസംഗത്തില്‍ 12 തവണ യൂണിറ്റിയെന്നൊക്കെ യെച്ചൂരി സഖാവ് ആവര്‍ത്തിച്ചുപറഞ്ഞോണ്ടിരുന്നത്. 

ധാരണ, സഖ്യം ഈ രണ്ടു വാക്കുകളിലായിരുന്നു പാര്‍ട്ടികോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച .  കോണ്‍ഗ്രസുമായി ധാരണ മതിയോ അതോ സഖ്യം വേണോ എന്ന്. 

അടവ്, ബന്ധം, കൂട്ട് എന്നിവയായിരുന്നു പ്രശ്നങ്ങള്‍ സൃഷ്ടിച്ച മറ്റ് വാക്കുകള്‍. ഇതൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളല്ലേ എന്നൊക്കെ തോന്നും. പക്ഷേ അത്ര സിംപിളല്ല പാര്‍ട്ടിക്ക്. കേന്ദ്രകമ്മിറ്റിയില്‍ തന്നെ സഖ്യം വെട്ടി മാറ്റി ധാരണ എന്നാക്കിയിരുന്നെങ്കില്‍ ഈ പാര്‍ട്ടി കോണ‍്ഗ്രസില്‍ വേറെ എന്തൊക്കെ ചര്‍ച്ചചെയ്യാമായിരുന്നു. അതിന്റെ പേരില്‍ മാത്രം നഷ്ടപ്പെടുത്തിയ സമരപ്രക്ഷോഭങ്ങള്‍ ഏത് കണക്കില്‍ പെടുത്തും. എടോ യെച്ചൂരി നമുക്ക് സഖ്യം എന്ന വാക്ക് മാറ്റി ധാരണ എന്നാക്കിയാല്‍ പോരേ എന്ന് കാരാട്ടിന് ഒന്നു ഫോണില്‍ വിളിച്ചെങ്കിലും ചോദിച്ചാല്‍ മതിയായിരുന്നു. ഓ മതി എന്ന് യെച്ചൂരിയും പറഞ്ഞിരുന്നെങ്കില്‍ സംഗതി എന്നേ ഡബിള്‍ ഓക്കെ ആവുമായിരുന്നു. ഇതിപ്പോ തര്‍ക്കമായി, പക്ഷങ്ങളായി കരട് രേഖ കണ്ണിലെ കരടായി ഹോ. ഈ പാര്‍ട്ടിയെ സമ്മതിക്കണം. 

കോണ്‍ഗ്രസിനെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഇത്രയേറെ ചര്‍ച്ച ചെയ്തതുകൊണ്ട് രാഹുല്‍ ഗാന്ധിയും കൂട്ടരും യെച്ചൂരിയെ അങ്ങോട്ട് ചെന്ന് കൈക്കൊടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലിരിക്കുന്നപോലത്തെ മൈലേജ് അല്ലേ സിപിഎമ്മിന്റെ ചര്‍ച്ച കൊണ്ട് കിട്ടിയത്. രാജ്യത്തെ ജനങ്ങള്‍ പോലും മറന്നു തുടങ്ങിയ നേരത്താണ് സിപിഎം വക ഇത്തരത്തിലൊരു സഹായം.  പക്ഷേ അതിന്റെ അഹങ്കാരമൊന്നും കാണിക്കരുത് ട്ടോ കോണ്‍ഗ്രസ്കാരാ.

MORE IN THIRUVA ETHIRVA
SHOW MORE