ഉഷാറ് പോയ തുഷാർ..

thiruva-thushar-t
SHARE

ചൈനയിലെ ഷീ ചിന്‍പിങ് ആണ് ഇന്ത്യയിലെ അമിത് ഷാ. ആഗ്രഹിക്കുന്നിടത്തോളം കാലം പ്രസിഡന്റ് പദവിയില്‍ തുടരാം. ഒരു പൂച്ചയും ചോദിക്കാനും പറയാനും വരില്ല.   പാര്‍ട്ടിയുടെ പ്രസിഡന്‍റ് പദവി എന്നാല്‍ മോദിക്കും മേലെയാണ്. ഏതുസിംഹാസനങ്ങള്‍ക്കും പിന്നില്‍ ഒരു ചതിയുടെ കഥ ചുരുണ്ടുകൂടിക്കിടക്കുമെന്നാണല്ലോ പ്രമാണം. അങ്ങനെയൊരു ചതിയുടെ കഥയാണ് കേരളത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്. വൈറല്‍ എന്നുപറഞ്ഞാല്‍ ആ കണ്ണിറുക്കിയ കുട്ടിയുടെ അത്രയും വരില്ല. കുറച്ച് ആലപ്പുഴേം കുറച്ച് കൊച്ചീലുമൊക്കെയായി ഉള്ളിടത്ത് വൈറലായി എന്നര്‍ഥം. ഉള്ള ജോലീം കൂലിയുമായി ചുമ്മാ ഉണ്ടുറങ്ങിയിരുന്ന ഒരു ചെറുപ്പക്കാരനെയും അയാളുടെ രക്ഷിതാവിനെയും പറഞ്ഞുപറ്റിച്ചാണ് അമിത് ഷാ ഞെളിഞ്ഞുനടക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ ചെറിയൊരു മന്ത്രിപ്പണി സ്വപ്നം കണ്ടതാണോ അവര്‍ ചെയ്ത തെറ്റ്. ഗഫൂര്‍ക്കാ ദോസ്ത് എന്ന് പറഞ്ഞ് അഭിമാനിച്ച ഒരു കാലമുണ്ടായിരുന്നു. അതാണ് ഇരുളടഞ്ഞുപോകുന്നത്.

മോഹപ്പൂങ്കുരുവികള്‍ കൂട്ടത്തോടെയാണ് പറന്നുപോയത്. മൊത്തത്തില്‍ കിളി പോയ അവസ്ഥ. ഇടതും വലതും ഇല്ലാതെ ജോലി നഷ്ടപ്പെട്ടിരിക്കുമ്പോള്‍ ആരായാലും ചതിയില്‍പ്പെടും. പക്ഷെ, ഇങ്ങനെ പറഞ്ഞുപറ്റിക്കുമെന്ന് ആരെങ്കിലും വിചാരിക്കുമോ ? ക്ഷമയുടെ നെല്ലിപ്പലകയിലാണ് കുറച്ചുകാലമായി നടപ്പും ഇരിപ്പും കിടത്തവും. സത്യത്തില്‍ മടുത്തു. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. അയ്യോ എനിക്കൊരു ജോലിയും വേണ്ട , എനിക്ക് വേറെ ജോലിയുണ്ട് എന്നാണ് പുറമെ ഇത്രനാളും പറഞ്ഞത്. അകത്തുപോയി കരഞ്ഞുകാലുപിടിച്ചുനോക്കിയിട്ടും കാര്യമില്ലെങ്കില്‍ പിന്നെന്ത് പറയാനാണ്.

പോസ്റ്റാക്കുക എന്നാണ് നമ്മുടെ നാട്ടിലൊക്കെ ഇതിന് പറയുന്നത്. പക്ഷെ, ഒരു കാര്യം ഉറപ്പാണ്.  അമിത് ഷായാണ് ആള്. ചാണക്യന്‍ എന്നോ മറ്റോ ഇരട്ടപ്പേര് കൂടിയുണ്ട് കക്ഷിക്ക്. ചെങ്ങന്നൂരില്‍ ഇലക്ഷന്‍ അടുത്തുവരികയാണ്. നോക്കിക്കോ അമിത് ഷാ ഇങ്ങോട്ടുവരും. ഒന്നരവര്‍ഷം മുമ്പ് ആവശ്യപ്പെട്ട പതിനാലുപോസ്റ്റുകളും ഇതാ പിടിച്ചോ എന്നുംപറയും. പക്ഷെ, തരൂല. അതായത് തരും തരും എന്നുപറയും. ഇലക്ഷന്‍ കഴിഞ്ഞാല്‍ വീണ്ടും പോസ്റ്റാക്കും. പാലം കടക്കുവോളം തുഷാറേ തുഷാറെ എന്നുവിളിക്കും. എന്നാലേ അദ്ദേഹത്തിനൊരു ഉഷാറുണ്ടാവൂ.

തുഷാറിനെ കാണുമ്പോള്‍ അമിത് ഷാ മാറി നടക്കും. മോദി അറിയില്ലാന്നും പറയും. വെള്ളാപ്പള്ളി നടേശന്‍ ഇന്ന് മാധ്യമങ്ങളെ കാണുമ്പോള്‍ ആദ്യം വെറുംചിരിയായിരുന്നു. പിന്നീടാണ് ഫോമില്‍വന്നത്. ബിജെഡിഎസുമായി ഒരു ബന്ധവുമില്ല. എങ്കിലും അതൊരു സാമൂഹ്യനീതിയുടെ വിഷയമായതുകൊണ്ട് വെള്ളാപ്പള്ളിക്ക് മിണ്ടാതിരിക്കാനും കഴിയില്ല.

പറഞ്ഞസ്ഥിതിക്ക് ചോദിക്കാതിരിക്കുന്നില്ല. രാജ്യസഭാ എംപി സ്ഥാനം കിട്ടിയശേഷം ഉല്‍സവം പൊടിപൊടിക്കാനായിരുന്നല്ലോ പ്ലാന്‍. ഉല്‍സവമെത്തിയിട്ടും സീറ്റിന്റെ കാര്യത്തില്‍ നഹി നഹി എന്നാണ് ബിജെപി പറയുന്നത്. തുഷാറാകട്ടെ എന്‍ഡിഎ വിട്ടുപോകും എന്ന് പറയുന്നുമില്ല. നല്ല വാക്കില്‍ വലതും ഉപദേശിച്ച് നന്നാക്കിക്കൂടെ.

പോട്ടെ, സാരമില്ല. എന്‍ഡിഎ വിടാനും ഇടതുമുന്നണിയിലേക്ക് ട്രൈ ചെയ്യാനും മുമ്പ് ബിഡിജെസിനോട് പറഞ്ഞിരുന്നല്ലോ. എല്‍‍ഡിഎഫാകട്ടെ മൊത്തെ കണ്‍ഫ്യൂഷനിലാണ്. ക്യൂവില്‍ നില്‍ക്കുന്നവര്‍ പലരും സിപിഎമ്മിന്റെ സ്വന്തക്കാരാണെങ്കിലും സിപിഐക്ക് പിടിച്ചവരല്ല. അതുകൊണ്ട് എല്‍ഡിഎഫിന് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ...?

മനസ്സിലായി. വാതില്‍തുറന്നുവച്ച് സ്ഥിക്ക് ഇടതുമുന്നണിയുടെ ഭാഗത്ത് പോയി ക്യൂനില്‍ക്കുന്നതാണ് ബുദ്ധി. കെ.എം മാണി എന്തായാലും സപ്പോര്‍ട്ട് ചെയ്യും. മാണിക്കും ബിഡിജെസിനും വേണമെങ്കില്‍ ഒരേദിവസം പ്രവേശനോല്‍സവം വരെ സംഘടിപ്പിക്കാം. പക്ഷെ, ആര്‍ ബാലകൃഷ്ള്ളയൊക്കെ എന്‍എസ്സ് എസിന്റെ പേരൊക്കെ പറഞ്ഞ് എല്‍ഡിഎഫിനെ ചുമിലില്‍ കൊണ്ടുനടക്കുന്ന സാഹചര്യത്തില്‍ ഇതൊക്ക പോസിബിളാണോ. ആദ്യം മാണിയെ ഗോവണി വഴി അകത്തുകയറ്റൂ. എന്നിട്ട് ശ്രമിക്കുന്നതാണ് ബിഡിജെസിന് നല്ലത്. കാരണം മുന്നണിയില്‍ കൈതരാന്‍ മാണിയോളം വലിയ ചങ്ങാതി ഉണ്ടാവുകയുമില്ല.

ഒരുപാട് കാര്യങ്ങള്‍ വെള്ളാപ്പള്ളിയെപ്പോലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും പറയാനുണ്ട്. സഭ കൊളമാക്കിക്കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനം പതിവാണ്. ഇത്തവണ മാധ്യമങ്ങളെ‍ ചെന്നിത്തലയെ പോസ്റ്റാക്കിക്കളഞ്ഞു. ഉപേദശം ചോദിച്ചതാണ് പറ്റിയത്.

പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിക്കുന്നതില്‍ പിണറായി വിജയനുള്ള താല്‍പര്യം ചെറുതല്ല. സംസ്ഥാനസമ്മേളനമോ മറ്റോ ആണെങ്കില്‍ പിണറായി ആവേശത്തിലുമാകും. സ്വന്തം ചിത്രം പതിപ്പിച്ച് കൊടിപിടിച്ച പ്രവര്‍ത്തകരുടെ ഉല്‍സാഹമാണ് തൃശൂരില്‍ അടുത്തിടെ വടിയായിപ്പോയത്. സ്വാഗതപ്രസംഗകരൊക്കെ ഇടയ്ക്കിടെ കേള്‍ക്കുന്നതുകൊണ്ട് ശീലമായിക്കഴിഞ്ഞു. പക്ഷെ, ചിലപ്പോഴൊക്കെ അത് പിണറായി ആസ്വദിക്കുന്നുമുണ്ട്. എങ്കിലും പിണറായിയെ അധ്യക്ഷന്‍ ക്ഷണിച്ചശേഷം പശ്ചാത്തലത്തില്‍ വീണ്ടും ക്ഷണിക്കുന്ന പരിപാടി നിര്‍ത്തുന്നതാണ് നല്ലത്. വല്ലാത്ത ബോറാണ്. പിണറായിക്കത് മനസ്സിലായോ എന്തോ...?

സകല ഭൂമിയിലും കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. കൃഷിമന്ത്രിയുടെ പാര്‍ട്ടിയായ സിപിഐയോടുള്ള കലിപ്പിന്റെ പുറത്താണ് ഈ കൃഷിയിറക്കലെന്ന് ആക്ഷേപിച്ചാലും കുറ്റമില്ല. യുഡിഎഫ് അക്ഷരം മാറ്റിയെഴുതിയ ഹരതികേരളം പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം. യന്ത്രം കൊണ്ടുവന്നായാലും തരിശുഭൂമിയൊക്കെ കൃഷിഭൂമിയാക്കും. കംപ്യൂട്ടര്‍ വരുമ്പോഴും ട്രാക്ടര്‍ വരുമ്പോഴും മാറാന്‍ തയ്യാറാകാത്ത ബൂര്‍ഷ്വമാരോടാണ് പിണറായിയുടെ യുദ്ധം. മാറ്റം അംഗീകരിക്കുന്നവര്‍ മാത്രം കൊയ്യാന്‍ ചെളിയിലിറങ്ങിയാമതി.

MORE IN THIRUVA ETHIRVA
SHOW MORE