വീട് ജപ്തിയിലെന്നത് വ്യക്തിപരം; 5 വർഷം കഴിഞ്ഞും ഞാനിങ്ങനെ: സി.ആർ.മഹേഷ്

നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എന്റെ കൈയിൽ എന്തുണ്ടോ, കടമാണെങ്കിലും മിച്ചമാണെങ്കിലും ഞാൻ ഇറങ്ങുമ്പോഴും അതുതന്നെയായിരിക്കും എന്റെ കൈയിലുണ്ടാവുകയെന്ന് സി.ആർ.മഹേഷ്. വീട് ജപ്തിയിലാണെന്ന വാർത്ത സംബന്ധിച്ച ചോദ്യത്തിന് മനോരമ ന്യൂസ് പുലർവേളയിൽ മറുപടി പറയുകയായിരുന്നു സി.ആർ. മഹേഷ്. അതൊരു സ്വകാര്യതയാണ്. അതും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. പൊതുപ്രവർത്തകന്റെ ജീവിതം സുതാര്യമായിരിക്കണം. കടം വ്യക്തിപരമാണ്. അതിന് വലിയ പ്രാധാന്യമില്ല.  ആഗ്രഹങ്ങൾ കുറയ്ക്കുക, ജീവിതം ലളിതമാക്കുക എന്നതാണ് പ്രധാനം. ബാധ്യതകൾ ഇല്ലാത്തത് ആർക്കാണ്. എല്ലാ മനുഷ്യർക്കുമുണ്ട്. ബാധ്യതകളും പൊതുപ്രവർത്തനവും തമ്മിൽ കൂട്ടികുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു പൊതുപ്രവർത്തകന്റെ ജീവിതം സുതാര്യമായിരിക്കണം. വിഡിയോ  കാണാം. 

ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതിന്റെ ഒരു പരിചയക്കുറവുണ്ട്. പൊതു പ്രവർത്തനവും സാധാരണക്കാരെ സഹായിക്കാനാണ്. എല്ലാവർക്കും സർക്കാരിന്റെ സഹായം ലഭിക്കുന്നതിന് വേണ്ടി പ്രവർത്തിക്കും. സർക്കാർ സഹായം ഒരാൾക്ക് പോലും നിഷേധിക്കപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്നും സി.ആർ.മഹേഷ് പറഞ്ഞു. 

മണ്ഡലത്തിന്റെ വികസനത്തിനായി പരമാവധി പ്രവർത്തിക്കും. വ്യക്തിപരമായി ആരെയും ആക്ഷേപിക്കില്ല. നല്ലൊരു നിയമസഭാ അംഗമായി മാറണമെന്നതാണ് ആഗ്രഹം.  കൊല്ലം ജില്ലയിൽ കോൺഗ്രസിന് അതിശക്തമായി തിരിച്ചുവരാൻ സാധിക്കും. താഴെ തട്ടിൽ സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കിയാൽ കൊല്ലത്ത് വലിയ സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നും സി.ആർ. മഹേഷ് പറഞ്ഞു.