നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം; വില്‍പന ദൗത്യം ഏറ്റെടുത്ത് മലപ്പുറം കൃഷിവകുപ്പ്

ട്രിപ്പിള്‍ ലോക്ഡൗണില്‍പ്പെട്ട് വാഴക്കുല വില്‍ക്കാനാവാതെ പ്രയാസത്തിലായ മലപ്പുറത്തെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കൃഷിവകുപ്പ്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വാഴക്കുലകള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിപണി കണ്ടെത്തി വില്‍പനക്കെത്തിക്കുന്ന ദൗത്യം ആരംഭിച്ചു കഴിഞ്ഞു. 

ലോക്ഡൗണിനു പിന്നാലെ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കൂടി നീണ്ടു പോയതോടെയാണ് വാഴക്കര്‍ഷകരാകെ പ്രതിസന്ധിയിലായത്. മൂപ്പെത്തിയ വാഴക്കുലകള്‍ വെട്ടാന്‍ ഇനിയും വൈകിയാല്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നവരാണ് പല കര്‍ഷകരും. ഹോര്‍ട്ടികോര്‍പ്പിന്റെ കൂടി സഹായത്തോടെ കൃഷിഭൂമിയില്‍ നിന്ന് നേരിട്ടു ശേഖരിക്കുന്ന വാഴക്കുലകള്‍ നൂറും ഇരുനൂറും കിലോമീറ്റര്‍ അകലെയുളള  ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കൃഷിവകുപ്പ് തയാറായതോടെ ഇടനിലക്കാരില്ലാതെ ഉയര്‍ന്ന വിലയും ലഭിക്കും.

കിലോക്ക് 34 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. തെക്കന്‍ ജില്ലകളിലേക്കാണ് വാഴക്കുല കയറ്റി അയക്കുന്നത്.

ബാങ്കുവായ്പയെടുത്ത് കൃഷിയിറക്കിയ നൂറു കണക്കിനു നേന്ത്രവാഴ കര്‍ഷകരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.