തെന്നല്‍ ആകാശവാണിയുടെ പടിയിറങ്ങുന്നു

26 വര്‍ഷക്കാലം ആകാശവാണിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ശ്രോതാക്കളുടെ പ്രിയങ്കരിയായ അനൗണ്‍സര്‍ തെന്നല്‍ ആകാശവാണിയുടെ പടിയിറങ്ങുന്നു. ശബ്ദമാസ്മരികത കൊണ്ട് ജന ഹൃദയങ്ങളില്‍ ഇടം നേടിയ തെന്നൽ ആകാശവാണിയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

‘പ്രിയപ്പെട്ട ശ്രോതാക്കളേ..’ എന്ന ആകാശവാണിയുടെ പതിവുപടി തെന്നൽ ഒന്നു മാറ്റിപ്പിടിച്ചു. പകരം ‘പ്രിയപ്പെട്ട സ്നേഹിതരേ..’ എന്നാക്കി. അതങ്ങേറ്റു. ഉദ്ഘാടന പ്രക്ഷേപണം മുതൽ ആകാശവാണി തുടർന്നുവരുന്ന ശൈലിയിൽ നിന്ന് ഒരിഞ്ച് ഇടത്തോ വലത്തോ മാറാൻ അനുവാദമില്ലാതിരുന്ന കാലത്താണ് ഈ സംബോധനാ വിപ്ലവം. 

ടിവിയുടെ വരവോടെ റേഡിയോയുടെ പ്രതാപം മങ്ങിത്തുടങ്ങിയ 1990 കളുടെ തുടക്കത്തിലാണു തെന്നലിന്റെ അരങ്ങേറ്റം. അതുവരെ പാട്ടുകാരിയായിരുന്നു. കലാഭവൻ, കൊച്ചിൻ ആർട്സ് സൊസൈറ്റി സമിതികൾക്കുവേണ്ടി പാടി.‘‘ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ’ എന്ന പാട്ട് അമ്മയ്ക്ക് ഇഷ്ടമായിരുന്നു. എന്റെ പേര് അങ്ങനെ വന്നതാണ്. - തെന്നൽ പറയുന്നു.