കാന്‍സറിന് ഒറ്റമൂലിയെന്ന വ്യാജേന മരുന്നുകള്‍ നല്കി ആളുകളെ വഞ്ചിച്ചിരുന്ന വ്യാജ ഡോക്ടര്‍ തൃശൂരില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ വിക്ടര്‍ ജോണാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി കുടുങ്ങിയത്. തമിഴ്നാട്ടില്‍ കൂലിപ്പണി ചെയ്തുവരികയായിരുന്നു ഇയാള്‍.
കാന്‍സറിന്റെ ഒറ്റമൂലിയെന്ന് കേട്ടാണ് വിക്ടര്‍ ജോണിനെ തൃശൂര്‍ പേരാമംഗലം സ്വദേശി ഫോണില്‍ ബന്ധപ്പെട്ടത്. കേള്‍ക്കേണ്ട താമസം, മരുന്നുമായി ഡോക്ടര്‍ വീട്ടുപടിക്കലെത്തി. സഞ്ചരിക്കുന്ന ഡോക്ടറെ കണ്ടതോടെ വീട്ടുകാരും ഞെട്ടി. 2500 രൂപയ്ക്കു കാന്‍സറിന്റെ മരുന്ന്. പതിനായിരങ്ങള്‍ ചെലവഴിക്കേണ്ട കാര്യം ഓര്‍ത്തപ്പോള്‍ മരുന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഡോക്ടര്‍ വ്യാജനല്ല എന്നുറപ്പിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചു. ഒരു സര്‍ട്ടിഫിക്കറ്റില്‍ പന്ത്രണ്ടു ഡിഗ്രികള്‍ ഒന്നിച്ച്.
ഇതു കണ്ടപ്പോള്‍ പന്തികേടു തോന്നിയ വീട്ടുകാര്‍ ഉടനെ പേരാമംഗലം എസ്.ഐ: ലാല്‍കുമാറിനെ ഫോണില്‍ വിളിച്ചു. കസ്റ്റഡിയിലെടുത്ത് ചോദിക്കുമ്പോഴാണ് വ്യാജ ഡോക്ടറുടെ യഥാര്‍ഥമുഖം പൊലീസ് തിരിച്ചറിയുന്നത്. തമിഴ്നാട്ടിലെ കൂലിപണിക്കാരനാണ്. മേലനങ്ങി പണിയെടുക്കാന്‍ വയ്യാതെയായപ്പോള്‍ വ്യാജ ഡോക്ടറുടെ വേഷമണിഞ്ഞു. പേരിന് ചില ആയുര്‍വേദ മരുന്നുകളും കൈക്കലാക്കി. പ്രതിദിനം അയ്യായിരം രൂപ വരെ വരുമാനം കിട്ടാറുണ്ട്. ആര്‍ക്കും പിടികൊടുക്കാതെ വ്യാജ ചികില്‍സയുമായി ചുറ്റിക്കറങ്ങുമ്പോഴാണ് പിടിവീണത്. ഡോക്ടറാണെന്ന് തെളിയിക്കാന്‍ വേണ്ട പരിശോധന ഉപകരണങ്ങളും വിക്ടറിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു.