വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് കണ്ണൂർ പയ്യാവൂരിൽ പിടിയിലായി. പൈസക്കരി സ്വദേശി കെ.ഷിജു മോനെയാണ് പയ്യാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പലരില്‍ നിന്നായി അമ്പതിനായിരം രൂപ മുതൽ ഒരുലക്ഷം രൂപ വരെ തട്ടിയെടുത്തായി പരാതി ലഭിച്ചിട്ടുണ്ട്.
പലരിൽനിന്നുമായി ലക്ഷങ്ങളാണ് ഷിജുമോൻ കൈക്കിലാക്കിയത്. സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വീസ നൽകാമെന്ന് വാഗദാനം നൽകിയായിരുന്നു തട്ടിപ്പ്. അമ്പതിനായിരംമുതൽ ഒരുലക്ഷം രൂപാവരെ മുൻകൂറായി കൈപ്പറ്റി. ഇങ്ങനെ ഇരുപതോളംപേരാണ് പണം നൽകിയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വീസ നൽകിയില്ല. ആളുകൾ ഷിജുമോനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇങ്ങനെയാണ് പറ്റിക്കപ്പെട്ടവരിൽ ചിലർ പയ്യാവൂർ പോലീസിൽ പരാതി നൽകിയത്. എസ്.ഐ. ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ കൈക്കിലാക്കിയ പണം പലവിധത്തിൽ ചിലവഴിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.