കൊച്ചി ∙ ഭൂമി ഇടപാടുകാരൻ അങ്കമാലി നായത്തോട് വീരൻപറമ്പിൽ രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ. സ്ഥിരതാമസക്കാരില്ലാത്ത ഈ അപ്പാർട്മെന്റിൽ കേസിലെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുൻപുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു.
സ്വന്തം മൊബൈൽ ഫോൺ അങ്കമാലിയിലെ വീട്ടിൽ ഉപേക്ഷിച്ചാണു ജോണി കൊച്ചിയിലെ അപ്പാർട്മെന്റിൽ എത്തിയിരുന്നത്. ഇക്കാലയളവിൽ 12 തവണ കൊച്ചിയിൽ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊബൈൽ ഫോൺ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെ കുറിച്ചുള്ള സൂചന പുറത്തുവരുന്നത്.
ഈ നാലു തവണയും ജോണിയുടെ മൊബൈൽ നമ്പർ അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡ് ടവർ ലൊക്കേഷനിൽ നിശ്ചലമായ അവസ്ഥയിലായിരുന്നു. പുറത്തുനിന്നുള്ള വിളികൾക്കൊന്നും ഈ സമയം ആരും മറുപടി പറഞ്ഞിട്ടില്ല. രാജീവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനുള്ള തീരുമാനം ആരുടേതാണെന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.
അപ്പാർട്മെന്റിൽ ജോണി എത്തുമ്പോൾ ആരെല്ലാമാണ് അവിടെയുണ്ടായിരുന്നതെന്ന അന്വേഷണം പൂർത്തിയാവുന്നതോടെ ഗൂഢാലോചനയിലെ പങ്കാളികളുടെ വിവരങ്ങൾ ലഭിക്കും. കേസിൽ കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ട്.രാജീവിനെ ശാരീരികമായി പീഡിപ്പിച്ച അക്രമി സംഘത്തിലുള്ളവർക്കു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ അറിയില്ല.