എറണാകുളം ഗോതുരുത്തില്‍ വഴിത്തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല. പ്രതികള്‍ക്കു വേണ്ടിയുളള അന്വേഷണം ഊര്‍ജിതമാണെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം കൊല്ലപ്പെട്ട ജില്‍സണെ പ്രതികള്‍ മുമ്പ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഗോതുരുത്ത് കല്ലറയ്ക്കല്‍ ജില്‍സണ്‍ എന്ന നാല്പ്പത്തിരണ്ടുകാരന് കൊല്ലപ്പെട്ടത്. അയല്‍വാസിയായ രാമകൃഷ്ണനും സഹോദരന്മാരും ചേര്‍ന്നാണ് ജില്‍സണെ കുത്തിക്കൊന്നതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ജില്‍സന്റെ തറവാടു വീടിനു സമീപത്തെ താമസക്കാരനായ രാമകൃഷ്ണനുമായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന്റെ പേരില്‍ രാമകൃഷ്ണന് ജില്‍സനെ ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അക്രമത്തില്‍ പരുക്കേറ്റ ജില്‍സന്റെ സഹോദരന് ജിന്റോയും ആശുപത്രിയില്‍ ചികില്‍സയിലാണ്.
മൂന്നൂ മാസം മുമ്പും രാമകൃഷ്ണന് ജില്‍സനെ ആക്രമിച്ചിരുന്നെന്നും അന്ന് പരാതി നല്‍കിയിട്ടും രാമകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകാഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. കല്‍പ്പണി തൊഴിലാളിയായ ജില്‍സന്റെ മരണത്തോടെ രണ്ടു പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് അനാഥരായത്.