തലശേരിയില്‍ നൂറ്റിയിരുപത് കിലോ നിരോധിത പുകയില ഉൽപന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു. കടല്‍പാലത്തിന് സമീപമുള്ള ഗോഡൗണിൽനിന്നാണ് പുകയില ഉൽപന്നങ്ങള്‍ കസ്റ്റഡിയിലെടുത്തത്. മുഴപ്പിലങ്ങാട് സ്വദേശി കെ.കെ.നൗഫലിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.വി.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിരത്തെത്തുടർന്നായിരുന്നു പരിശോധന. ചാക്കുകളിലും പ്ലാസ്റ്റിക് സഞ്ചികളിലും സൂക്ഷിച്ചനിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ. കണ്ണൂർ, തലശേരി ടൗണുകളിലും കോഴിക്കോട് ജില്ലയിലെ പ്രധാന ടൗണുകളിലും വിൽപന നടത്താനായിരുന്നു പ്രതിയുടെ പദ്ധതി. സമീപകാലത്ത് തലശേരിയില്‍നടന്ന ഏറ്റെവുംവലിയ പുകയില വേട്ടയാണിത്.
മംഗളൂരുവിലുള്ള വൻകിട പുകയില വിൽപനക്കാരുമായി നൗഫലിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്ന് ട്രയിൻമാർഗമാണ് പുകയില ഉൽപന്നങ്ങൾ തലശേരിയിലെത്തിച്ചത്. ഇതിന് മുൻപ് കൊണ്ടുവന്ന പുകയില ഉൽപന്നങ്ങൾ ആർക്കെല്ലാമാണ് വിതരണം ചെയ്തതെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.