ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഹാഷിഷ് ഓയില്‍ മാഫിയയിലെ പ്രധാനി പൊലീസിന്റെ പിടിയിലായി. നെടുങ്കണ്ടം സ്വദേശി എബിന് ദിവാകരനാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. സിനിമാ മേഖലയില്‍ ഉള്‍പ്പെടെ 24 കിലോ ഹാഷിഷ് ഓയിലാണ് എബിനും കൂട്ടരും വിതരണം ചെയ്തത്. കട്ടപ്പനയില്‍ 20 കോടി രൂപയുടെ ഹാഷിഷ്് ഓയില്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ എബിന് ദിവാകരന്.
കഴിഞ്ഞ 20ന് കട്ടപ്പനയില്‍ ഹാഷിഷ് ഓയില്‍ കൈമാറുന്നതിനിടെ എബിനെയും സംഘത്തെയും പൊലീസ് വളഞ്ഞു. അഭിഭാഷകനുള്‍പ്പെടെ മൂന്ന് പേര് പൊലീസിന്റെ പിടിയിലായെങ്കിലും എബിന് രക്ഷപ്പെട്ടു. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ എബിന് അന്വേഷണ സംഘത്തിന് മുന്പില് കീഴടങ്ങി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് വര്‍ഷത്തിനിടെ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ എബിന് പൊലീസിനോട് പറഞ്ഞത്. തമിഴ് സിനിമാതാരങ്ങള്ക്കുള്പ്പെടെ എബിന്റെ നേതൃത്വത്തിലുള്ള സംഘം ഹാഷിഷ് ഓയില്‍ വിതരണം ചെയ്തു.
ആന്ധ്രയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി എബിനും സംഘമാണ് ഹാഷിഷ് ഓയില്‍ നിര്‍മിച്ചിരുന്നത്. ആറുകിലോ ഓയില്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ ശ്രമത്തിനിടെ എബിന്റെ കൂട്ടാളികളായ കമ്പിളികണ്ടം സ്വദേശി ബിജു, കണ്ണൂര്‍ സ്വദേശി ജോണ്സണ് എന്നിവരെ ബെംഗളൂരു സിദ്ധഗുണ്ടപാളം പൊലീസ് പിടികൂടിയിരുന്നു. ഈ സംഘത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനായി എബിനെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.