ഇന്ന് ഹെപ്പറ്റൈറ്റിസ് ദിനം; 2030ഓടെ നിർമാർജനം; മുൻകരുതൽ

രക്തത്തിലൂടെ പടരുന്ന ഹെപ്പറ്റൈറ്റിസ് വൈറസിനെ 2030 ഓടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനുള്ള ലോകാരോഗ്യസംഘടനയുടെ ശ്രമങ്ങള്‍ക്ക് ഇന്ന് തുടക്കം. പരിശോധനകളിലൂടെയും ബോധവത്കരണത്തിലൂടെയും വൈറല്‍ ഹെപ്പറ്റൈറ്റിസിനെ ചെറുക്കുകയെന്ന സന്ദേശത്തോടെയാണ് ലോകാരോഗ്യസംഘടന ഇന്ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നതും.

നിശബ്ദ കൊലയാളി വൈറസുകളായ ഹെപ്പറ്റൈറ്റിസ്, ബി, സി എന്നിവയുടെ നിര്‍മാര്‍ജനം കൃത്യമായ പരിശോധനകളിലൂടെ സാധ്യമാകും. ഇതിനായുള്ള ബോധവത്കരണത്തിന് കൂടിയാണ് ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ ഡബ്ല്യു എച്ച് ഒ തുടക്കമിടുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ വ്യക്തികളും പരിശോധനയ്ക്ക് മുന്‍കൈയ്യെടുക്കണം.

മദ്യപാനം മാറ്റിനിര്‍ത്തിയാല്‍ കരള്‍വീക്കത്തിനുള്ള പ്രധാന കാരണം ഹെപ്പറ്റൈറ്റിസ് ബി സി വൈറസുകള്‍ തന്നെ.

രക്തത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബി,സി വൈറസുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അപകടകാരിയായി മാറുക.

കേരളത്തിലെ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് ആരോഗ്യവകുപ്പില്‍ ലഭ്യമല്ല.