E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:59 AM IST

Facebook
Twitter
Google Plus
Youtube

സ്ത്രീകളുടെ നീതിക്ക് മുത്തലാഖ് വിലക്ക് മാത്രം മതിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒറ്റയിരുപ്പില്‍ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായമായ മുത്തലാഖിന് സുപ്രീം കോടതിയുടെ വിലക്ക് വന്നു. വിവാഹമോചനം അനിവാര്യമാകുമ്പോള്‍ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളായി തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തണമെന്നാണ് മതവിധി. എന്നാല്‍ മൂന്നു തലാഖും ഒറ്റയിരിപ്പില്‍ ചൊല്ലി പൂര്‍ണ വിവാഹമോചനം നടത്തുന്നതാണ് മുത്തലാഖ്. ലിംഗനീതിക്കും അവകാശത്തിനുമായി പോരാടിയവര്‍ക്കും മാറ്റങ്ങള്‍‌ക്കും മുന്നേറ്റങ്ങള്‍ക്കും വഴിവെയ്ക്കുന്ന തീര്‍പ്പിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സമുദായാംഗങ്ങള്‍ക്കും അഭിമാനിക്കാം.

മുത്തലാഖ് എന്നല്ല, എല്ലാവിധ മതാധിഷ്ഠിത വ്യക്തി നിയമങ്ങളും അസാധുവാക്കണം എന്നതാണ് മതേതരമായ നിലപാട്. വിശ്വാസസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും. ജീവിതചര്യകളിലും വസ്ത്രധാരണത്തിലുമെല്ലാം ഒരാളുടെ മതം അനുശാസിക്കുന്ന രീതികള്‍ പിന്തുടരാന്‍ അയാള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി ഉള്‍പ്പെടുന്ന ഒരു കരാറില്‍ അവരുടെ മനുഷ്യാവകാശങ്ങളെ, ജനാധിപത്യ തുല്യതയെ, ലിംഗനീതിയെ, ഭരണഘടനാപരമായ മൗലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നും നിലനില്‍ക്കാവുന്നതല്ല. മൗലികാവകാശങ്ങള്‍ നിശ്ചയിക്കുന്നത് മതമൂല്യബോധത്തിന്‍റെ അടിസ്ഥാനത്തിലല്ല, മാനവികമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു മതത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നുള്ള ഒരൊറ്റ കാരണമാണ് സാധാരണഗതിയില്‍ ഒരാളുടെ മതസ്വത്വത്തെ നിര്‍ണയിക്കുന്നത്. എന്നാല്‍ ഒരാളുടെ ജനനം അയാളുടെ പൗരാവകാശങ്ങളെ ഇല്ലാതാക്കിക്കൂടാ. നേരിട്ടും, സ്പീഡ് പോസ്റ്റിലും, വാട്സ് ആപ്പിലുമെല്ലാം മുത്തലാഖ് ലഭിച്ച ഇരകളുടേതടക്കം ഏഴുഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സ്വാതന്ത്ര്യത്തിന്‍റെ സപ്തതി ആഘോഷങ്ങള്‍ക്ക് പിന്നാലെ പരമോന്നത നീതിപീഠത്തില്‍ നിന്ന് വന്ന വിധിക്ക് അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുണ്ട്. 

ജനാധിപത്യത്തിലെ ഏറ്റവും പ്രധാന പ്രമാണങ്ങളിലൊന്നായ തുല്യതയെ മുറുകെ പിടിക്കുന്ന സുപ്രീംകോടതി തീര്‍പ്പിന്‍റെ സ്വാധീനം മുസ്ലീം സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ , ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിന്‍റന്‍ നരിമാന്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് യു.യു. ലളിത് 1,400 വര്‍ഷം പഴക്കമുള്ള വിവാഹമോചന സമ്പ്രദായത്തിന്‍റെ ശരിതെറ്റുകള്‍ ഇഴകീറി പരിശോധിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍ ഇവരാണ്. വിധിക്കൊപ്പം തന്നെ പല ചര്‍ച്ചകളിലും ഉയര്‍ന്നുവന്നതാണ് വിധി പറഞ്ഞ ന്യായാധിപന്മാരുടെ വിശ്വാസപശ്ചാത്തലവും. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി മതവിശ്വാസങ്ങളില്‍ നിന്നുള്ള അ‍ഞ്ച് ന്യായാധിപന്മാര്‍ വിശ്വാസവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നുവെന്ന മേന്പൊടിയോടെയായിരുന്നു ചര്‍ച്ച. വിശ്വാസപരമായ വൈവിധ്യങ്ങളും ബഹുസ്വരതയുമുള്ള ഇന്ത്യയുടെ ഒരു ചെറുമാതൃകയാണ് മുത്തലാഖ് പരിഗണിച്ച ഭരണഘടനാബെഞ്ച് എന്ന വിശേഷണങ്ങളുണ്ടായി. ഇത്തരം വിശേഷണങ്ങളുടെ ഉദ്ദേശശുദ്ധി അംഗീകരിക്കുന്നുവെങ്കിലും അതില്‍ അത്ര നിസ്സാരമല്ലാത്തൊരു അപകടം പതിയിരിപ്പുണ്ട്. ഭരണഘടനയും നിയമങ്ങളും  മാത്രം ആധാരമാക്കി തീര്‍പ്പുകള്‍ കല്‍പ്പിക്കേണ്ടിടത്ത് ന്യായാധിപന്മാരുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് എന്ത് പ്രസക്തി. കോടതി ബെ‍ഞ്ച് വിശ്വാസ സത്സംഗ സംഘമല്ലല്ലോ. അത്തരം വാഴ്ത്തിപാടലുകള്‍ ജനാധിപത്യത്തിനും ജുഡീഷ്യറിക്കും സാരമായ പരുക്കുകളേല്‍പ്പിക്കും. മുത്തലാഖ് പരിഗണിച്ച ബെഞ്ചില്‍ ഒരു വനിതാ ജഡ്ജ് പോലുമില്ലെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളേയും സമാനമായ വിലയിരുത്തലുകളോടെ സമീപിക്കേണ്ടതാണ്. ചരിത്രപരമായ വിധിയെ രാജ്യത്തെ പ്രധാനരാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സ്വാഗതം ചെയ്തുവെങ്കിലും അല്‍പ്പം കടത്തിപ്പറഞ്ഞത് രാജ്യം ഭരിക്കുന്ന ബിജെപിയാണ്. മുത്തലാഖ് വിധിയില്‍ ബിജെപിക്ക് എന്തുകാര്യം? 

പുതിയ ഇന്ത്യക്കായുള്ള ഉറച്ച കാല്‍വെയ്പ്പാണ് മുത്തലാഖ് വിധിയെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. പക്ഷെ, കോടതിക്കോ, അവകാശങ്ങള്‍ക്കായി പോരാടിയ സ്ത്രീകള്‍ക്കോ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി പറഞ്ഞ് അമിത് ഷാ രാഷ്ട്രീയ വിളവെടുപ്പിന് ശ്രമിച്ചു.

ജിഎസ്ടിയും, ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ളവ അന്‍പതിയാറ് ഇഞ്ച് നെഞ്ചുറപ്പിന്‍റെ നേട്ടങ്ങളുടെ കണക്കില്‍ വകവെച്ചതുപോലെ മുത്തലാഖ് വിധിയും മോദിയുടെ പട്ടികയില്‍ ഒതുക്കിനിര്‍ത്തുകയാണ് ബിജെപി. ശരിയാണ്, മുത്തലാഖ് വിഷയം ബിജെപി പലപ്പോഴും ഉയര്‍ത്തിയിട്ടുണ്ട്. ആ പ്രശ്നത്തിന്‍റെ മാനുഷികവശം കണക്കിലെടുത്തല്ല. രാഷ്ട്രീയ സാധ്യതകള്‍ മുന്‍നിര്‍ത്തി. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ മുത്തലാഖ് വിഷയം ബിജെപി പ്രചാരണരംഗത്ത് ശക്തമായി ഉന്നയിച്ചിരുന്നു. 

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നതിനും കൃത്യം ഒരാഴ്ച്ച മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖിനെക്കുറിച്ച് സംസാരിച്ചിരുന്നു. സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധനചെയ്യവേ

ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഒരുപാട് വാചാലനായ രാജ്യത്തിന്‍റെ പ്രധാനസേവകന്‍ പക്ഷെ, വിശ്വാസത്തിന്‍റെ പേരില്‍ , ഭക്ഷണ സ്വാതന്ത്രത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട അഖ്്ലാഖിനെയോ, ജുനൈദിനെയോ, പെഹ്‌ലു ഖാനെയോ ഒാര്‍ത്തതേയില്ല. അരക്ഷിതാവസ്ഥയോടെ കഴിയുന്നുവെന്ന് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും പടിയിറങ്ങും മുന്‍പ് ഹാമിദ് അന്‍സാരി പറഞ്ഞുവെച്ച ആ ജനതയ്ക്കായി ഒരാശ്വാസവാക്കുപോലും പറഞ്ഞില്ല. ആ ജനതയുടെ കണ്ണുകളിലെ ഭീതിമാറ്റാന്‍ പോന്ന ഉറച്ചശബ്ദം മോദിയില്‍ നിന്നും ഉണ്ടായില്ല. രാജ്യം അത് പ്രതീക്ഷിച്ചിരുന്നില്ല എന്നത് വാസ്തവം. കാരണം, സ്വന്തം ദേശസ്നേഹം നിരന്തം തെളിയിക്കേണ്ടിവരുന്ന ഒരു ജനതയെക്കുറിച്ച് പറഞ്ഞതിന് അവഹേളനവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങിയാണല്ലോ ഹാമിദ് അന്‍സാരിക്ക് ഉപരാഷ്ട്രപതി പദത്തില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നത്. പരിവാര ഭരണകാലത്തെ കാവിനീതി.

ഏകീകൃത സിവില്‍ കോഡ് – ബിജെപി എക്കാലത്തും മുന്നോട്ടുവെച്ച പ്രധാന രാഷ്ട്രീയ അജന്‍ഡകളിലൊന്ന്. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം പ്രകടനപത്രികകളിലും പ്രചാരണവേദികളിലും ഏകീകൃത സിവില്‍കോഡ് നിറഞ്ഞു നില്‍ക്കും. ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി, ഇനി ഒരൊറ്റ നിയമം. ബിജെപി നേതാക്കള്‍ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം. പക്ഷെ, ഇന്നും തുടരുന്ന ഒറ്റനീതിയെക്കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം കേള്‍ക്കാതെപോകുന്നു. 

ഏകീകൃത സിവില്‍ കോഡിനായുള്ള നിര്‍ദേശങ്ങള്‍ നിയമ കമ്മിഷന്‍ തയ്യാറാക്കിവരികയാണ്. മുത്തലാഖ് വിധി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ തീവ്രതകൂട്ടുന്നു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് രൂപരേഖകളൊന്നും മുന്നിലില്ല. അതുകൊണ്ടുതന്നെ അതിന്‍റെ സ്വഭാവം എന്തായിരിക്കുമെന്ന് പറയാനുമാകില്ല. പക്ഷെ, ബിജെപി ഭരണകാലത്ത് അതൊരു ഹിന്ദു സിവില്‍ കോഡായിരിക്കുമോ എന്ന ഭയം, ആശങ്ക വലിയൊരു വിഭാഗത്തിന്‍റെയുള്ളിലുണ്ട്. കോടതി വിധി പാര്‍ട്ടി നിലപാടിനെ സാധൂകരിക്കുന്നതാണെന്ന വിധത്തില്‍ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. 

സ്ത്രീകളുടെ നീതിയുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍ അത് മുത്തലാഖില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. കഴിഞ്ഞ സെന്‍സസ് പ്രകാരം രാജ്യത്ത് ഇരുപത് ലക്ഷത്തി മുപ്പതിനായിരം സ്ത്രീകള്‍‌ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നുണ്ട്. നിയമപരമായി വിവാഹ ബന്ധം മോചിപ്പിക്കപ്പെട്ടിട്ടില്ലാത്തവരാണ് ഇവര്‍. ആത്മാഭിമാനം വ്രണപ്പെട്ട് ജീവിക്കേണ്ടിവരുന്നവര്‍. ഇരുപത് ലക്ഷം സ്ത്രീകള്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണ്. രണ്ട് ലക്ഷത്തി എണ്‍പതിനായിരം പേര് മുസ്ലീം വിഭാഗത്തില്‍ നിന്നും തൊണ്ണൂറായിരം പേര് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും എണ്‍‍പതിനായിരം പേര്‍ മറ്റുവിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ  വിധവകളായ നിരവധി പേര്‍ വൃന്ദാവനും വാരാണസിയുമടക്കമുള്ള തീര്‍ഥാടനകേന്ദ്രങ്ങളില്‍ നിറംമാഞ്ഞ നരച്ച ജീവിതം നയിക്കുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍കൂടി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയ്യാറാകണം.