ലോക്സഭാ തിരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി സാമ്യമുള്ള പരസ്യവുമായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ‘അബ് കി ബാർ, ട്രംപ് സർക്കാർ’ എന്നാണ് ട്രംപിന്റെ പുതിയ പരസ്യത്തിലെ മുദ്രാവാക്യം. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ‘അബ് കി ബാർ, മോദി സർക്കാർ’ എന്നായിരുന്നു 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആകർഷകമായ മുദ്രാവാക്യങ്ങളിലൊന്ന്.
ഇന്ത്യൻ വംശജരായ അമേരിക്കക്കാർ പൊതുവെ ഡെമോക്രാറ്റ് സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നവരാണ്. ഈ വോട്ട് തന്നിലേക്ക് എത്തിക്കുന്നതിനാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് കരുതുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് ഇപ്പോൾ പരസ്യമായി വരുന്നത്. ഇരുപത് ചാനലുകളിൽ ഇത് പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യൻ വംശജർക്കിടയിലെ ട്രംപിന്റെ പ്രചാരണത്തിന്റെ ചെയർമാൻ അറിയിച്ചു.
ചിലയിടങ്ങളിൽ 20–50 സെക്കൻഡ് വരെ ഈ പരസ്യം കാണിക്കുന്നുണ്ട്. ഇന്ത്യൻ–അമേരിക്കൻ ചാനലുകളിൽ ഒരു ദിവസം 20 തവണ വരെ ഈ പരസ്യം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ട്രംപ് ഹിന്ദുക്കളെ കുറിച്ചും ഭീകരവാദത്തെക്കുറിച്ചും പറയുന്ന ദൃശ്യങ്ങളും പരസ്യത്തിൽ കാണിക്കുന്നു.