ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതു പാരമ്പര്യമോ വസ്ത്രധാരണ രീതികളോ അല്ല മറിച്ചു രൂപയാണെന്നു നടൻ മമ്മൂട്ടി. രൂപ മാത്രമാണ് എല്ലാവർക്കും ഒരുമിച്ച് ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നത്. അതു നിർവഹിക്കുന്നതു ബാങ്കുകളാണ്. മമ്മൂട്ടി ചൂണ്ടിക്കാട്ടി.
സൗത്ത് ഇന്ത്യൻ ബാങ്ക് 89-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്ത്രീ ശക്തി പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയാണ് പുരുഷന്റെ ശക്തിയെന്നും ശിവശക്തി എന്ന ഭാരതീയ ഈശ്വര സങ്കൽപത്തിലും ഇതാണു വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലയിൽ മികവു തെളിയിച്ച കളരി പരിശീലക മീനാക്ഷി ഗുരുക്കൾ, കായിക താരം അഞ്ജു ബോബി ജോർജ്, ഗായിക സുജാത മോഹൻ എന്നിവർക്കാണ് സ്ത്രീശക്തി പുരസ്കാരം നൽകിയത്.
വനിതകൾക്കു മാത്രമായുള്ള വായ്പാ പദ്ധതി മഹിള ഉദ്യോഗ് മമ്മൂട്ടിയും ശീമാട്ടി സിഇഒ ബീന കണ്ണനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒ വി.ജി. മാത്യു അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ തോമസ് കെ. ജോസഫ്, ജി. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.