നഗരത്തിലെ ട്രാഫിക് ബ്ലോക്കിനെക്കുറിച്ചുള്ള സൂചനകൾ പലപ്പോഴും ലഭിക്കുന്നത് എഫ്എം റേഡിയോയിൽ നിന്നാണ്. ആ സൂചനകൾ അനുസരിച്ച് റൂട്ട് മാറ്റി ബ്ലോക്കിൽ നിന്നു രക്ഷപ്പെടാനും ശ്രമം നടത്താറുണ്ട്. എന്നാൽ, അടുത്ത കാലത്തായി വളരെ കൃത്യമായും വേഗത്തിലും ആദ്യം ഇത്തരം സൂചനകൾ നൽകുന്നത് ഗൂഗിൾ മാപ്സ് ആപ്പാണ്. പ്രത്യേകിച്ച് നമ്മളൊരു യാത്രയിലാണെങ്കിൽ ഒരു ജംക്ഷനിലേക്ക് അല്ലെങ്കിൽ പ്രധാന റോഡിലേക്ക് അടുക്കുമ്പോൾ ഗതാഗതക്കുരുക്കുണ്ടോ, ബ്ലോക്കുണ്ടോ എന്നൊക്കെ മുൻകൂട്ടി അറിയിച്ച് സഹായിക്കാൻ ഗൂഗിൾ മാപ്പിനെ ആരാണ് സഹായിക്കുന്നത്. കേരളത്തിലെ പ്രാദേശിക ട്രാഫിക് ബ്ലോക്കുകളെപ്പറ്റി ഗൂഗിൾ തൽസമയം എങ്ങനെ അറിയുന്നു ?
ഗൂഗിളിന്റെ തന്നെ സംവിധാനങ്ങളുടെ മികവാണ് ഇതിനു പിന്നിൽ. ലൊക്കേഷൻ/ജിപിഎസ് ഓണായിരിക്കുന്ന ഐഫോണുകളിൽ നിന്നും ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും മാപ്സ് ആപ്ലിക്കേഷൻ ഗൂഗിളിന് നിരന്തരം ഡേറ്റ കൈമാറുന്നുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് അനോണിമസ് റിപ്പോർട്ടുകൾ ഗൂഗിളിന് അയയ്ക്കാൻ നമ്മൾ നൽകുന്ന സമ്മതം ഉപയോഗിച്ചാണ് ഈ ഡേറ്റ കൈമാറ്റം.
ഈ ഡേറ്റ വിശകലനം ചെയ്യുന്ന ഗൂഗിൾ വർഷങ്ങളുടെ പരിചയവും ഓരോ റൂട്ടിലെയും ഓരോ സമയത്തെയും ഗതാഗതവും തിരക്കും കുരുക്കുമെല്ലാം വിലയിരുത്തിയും അനുദിനം മികവു നേടുന്നുണ്ട്. ഓരോ റോഡിലും ഏകദേശം എത്ര വാഹനങ്ങൾ എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നു മനസ്സിലാക്കുന്ന ഗൂഗിൾ അതു വിശകലനം ചെയ്താണ് റോഡിൽ തിരക്കുണ്ടോ ഇല്ലയോ എന്നു വളരെ ആധികാരികമായി നമ്മെ അറിയിക്കുന്നത്.