ഈ അമ്മയ്ക്ക് ലോകത്തിനു മുന്നിൽ ഇനിയെന്നും തലയെടുപ്പോടെ നിൽക്കാം. കാരണം ഒരു ആൺകുട്ടി എങ്ങനെയാകണമെന്നാണ് അവൻ ലോകത്തിനു കാട്ടിക്കൊടുത്തിരിക്കുകയാണ് തന്റെ കുഞ്ഞു പ്രവൃത്തിയിലൂടെ.
ചൈനയിലെ മെട്രോട്രെയിനിൽ വെച്ച് പകർത്തിയ ഒരു ചെറിയ ബാലന്റെയും അവന്റെ അമ്മയുടെയും ചിത്രം ആളുകൾ നോക്കിക്കാണുന്നത് ഏറെ വാത്സല്യത്തോടെയാണ്. ട്രെയിനിലെ സീറ്റിൽ ചാരിയിരുന്നുറങ്ങുന്ന അമ്മയുടെ തല സീറ്റിനു സമീപമുള്ള കമ്പിയിലിടിക്കാതിരിക്കാൻ അവൻ തന്റെ കൈകൊണ്ടു തടയൊരുക്കിയിരിക്കുകയാണ്. മകന്റെ കൈ തലയിണയായപ്പോൾ ഒന്നുമറിയാതെ അവന്റെ അമ്മ ഉറക്കം തുടരുകയാണ്.
മാതൃസ്നേഹം കൊണ്ടു മാത്രമല്ല അവൻ ആൺകുട്ടികൾക്കു മാതൃകയാവുന്നത്. ഒരു കുഞ്ഞുമായി ട്രെയിനിലേക്കു കയറി വന്ന മറ്റൊരു അമ്മയ്ക്ക് തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്തുകൊണ്ടാണ് അവൻ അമ്മയ്ക്കരുകിൽ നിന്ന് അമ്മയുടെ ഉറക്കത്തിന് ഭംഗം വരാതെ കാത്തത്.