കൊച്ചി മെട്രോയിൽ ചിത്രീകരിച്ച ആദ്യ പരസ്യചിത്രം പുറത്തിറങ്ങി. ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഈസ്റ്റ് ടീയുടെ പരസ്യത്തിലേക്കാണ് മെട്രോ ട്രെയിൻ ഓടിക്കയറിയത്. സിനിമയുടെ ചിത്രീകരണത്തിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉദ്ഘാടനത്തിന് ശേഷമേ ഇതിനവസരം ഉണ്ടാകൂ. ട്രെയിനിനുള്ളിൽ മണിക്കൂറിന് മൂന്നു ലക്ഷവും സ്റ്റേഷനിൽ രണ്ടുലക്ഷം രൂപയുമാണ് വാടക. നമ്മുടെ പരസ്യങ്ങളുടെയും സിനിമകളുടെയും സ്ക്രീനുകളിലേക്ക് കൊച്ചിയുടെ സ്വന്തം മെട്രോ ട്രെയിൻ ഓടിയെത്തുകയാണ്. ഈസ്റ്റ് ടീയുടെ പരസ്യത്തിലൂടെ ഇതിനു തുടക്കമിട്ടു കഴിഞ്ഞു.
സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആവശ്യക്കാർ ഇതിനോടകം കെഎംആർഎല്ലിനെ സമീപിച്ചിട്ടുണ്ട്.എന്നാൽ ഉദ്ഘാടനത്തിന് ശേഷം മാത്രമേ സിനിമകളിലേക്ക് മെട്രോ ട്രെയിൻ എത്തുകയുള്ളൂ. ട്രെയിനിനുള്ളിൽ മണിക്കൂറിന് മൂന്നുലക്ഷം രൂപയും മെട്രോ സ്റ്റേഷനുകളിൽ മണിക്കൂറിന് രണ്ട് ലക്ഷം രൂപയുമാണ് വാടക. ഇതിനു പുറമേ ട്രെയിനിനുള്ളിലെ ചിത്രീകരണത്തിന് മുൻകരുതൽ നിക്ഷേപമായി ആറുലക്ഷം രൂപയും മെട്രോ സ്റ്റേഷനുകളിലെ ചിത്രീകരണത്തിന് 4 ലക്ഷം രൂപയും നൽകണം.
എങ്കിലും ഇതേ പോലെ സിനിമകളിലേക്ക് കൊച്ചി മെട്രോഎത്തുന്ന കാലം ഏറെ അടുത്താണ്. കൊച്ചിയെ തിരിച്ചറിയാൻ ചീനവലകളെയും ഫോർട്ട് കൊച്ചിയെയും മറൈൻഡ്രൈവിനെയും ദൃശ്യവൽക്കരിക്കുന്ന കാലവും മെട്രോയ്ക്ക് വഴിമാറിയേക്കും.