ഏറെ സ്നേഹിക്കുന്ന സ്വന്തം അമ്മയ്ക്ക് വേണ്ടി ഒരു മകൾ എന്തെല്ലാം ചെയ്തു കൊടുക്കും? അവരുടെ വാർധക്യത്തിൽ താങ്ങും തണലുമായി കൂടെ നിൽക്കും, അവസാനം വരെ നന്നായി നോക്കും, വേണ്ട ആഗ്രഹങ്ങൾ എല്ലാം സാധിച്ചുകൊടുക്കും എന്നിങ്ങനെയാണ് ലിസ്റ്റ് നീളുന്നത് എങ്കിൽ, യുകെ സ്വദേശിനിയായ മുപ്പതുകാരി കാതറിൻ സ്വന്തം അമ്മയായ ജാക്കി എഡ്വാർഡ്സിന് വേണ്ടി എന്താണ് ചെയ്തത് എന്ന് കൂടി അറിയണം. കാതറിൻ സ്വന്തം അമ്മയ്ക്ക് വേണ്ടി ഗർഭം ധരിച്ചതും പ്രസവിച്ചതും സ്വന്തം അനിയനെ.
കേട്ടാൽ അവിശ്വസനീയം എന്ന് തോന്നുന്ന കഥ ഇങ്ങനെയാണ്. 47 വയസ്സാണ് ജാക്കിയുടെ പ്രായം. അഞ്ചു വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ച ജാക്കിക്ക് അഞ്ച് മക്കൾ ഉണ്ട്. പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ ഏറെ കാലങ്ങൾക്ക് മുൻപ് തന്നെ ചെയ്തതാണ്. അങ്ങനെയിരിക്കെയാണ് ജാക്കി അവിചാരിതമായി 48 വയസുള്ള കെമിസ്റ്റായ പോളിനെ കാണുന്നതും പ്രണയത്തിലാകുന്നതും . രണ്ടു വർഷങ്ങൾക്ക് മുൻപ് ഇരുവരും സിംഗപ്പൂർ വച്ച് വിവാഹിതരാകുകയും ചെയ്തു.
വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞതോടെ പോളിന് ഒരു കുഞ്ഞു വേണം എന്ന ആഗ്രഹം കലശലായി. എന്നാൽ പ്രസവം നിർത്തിയ ജാക്കിക്ക് ഗർഭധാരണം സാധ്യമല്ലായിരുന്നു. എന്നാലും ഐ വി എഫ് പോലുള്ള ചികിത്സാ രീതികളിലുള്ള പ്രതീക്ഷ വച്ച് ഇരുവരും ഡോക്ടറിനെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ദമ്പതികൾ തങ്ങളുടെ അവസ്ഥ മൂത്ത മകളായ കാതറിനോട് പറയുകയും വാടക ഗർഭപാത്രത്തിന് ഉടമയായി തന്റെ അനിയനെ പ്രസവിക്കാൻ തയാറാണ് എന്ന് അവൾ അറിയിക്കുകയുമായിരുന്നു.
തന്റെ കുടുംബത്തിന് വേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്തതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളു എന്ന് കാതറിൻ പറയുന്നു. കാസ്പിയൻ എന്ന് പേരിട്ട കുഞ്ഞിനെ താൻ ഒരിക്കലും മകനായി കാണുന്നില്ല എന്നും അത് തന്റെ അമ്മയുടെയും അച്ഛന്റെയും കുഞ്ഞാണെന്നും അവൾ പറയുന്നു. കുഞ്ഞു കാസ്പിയനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ജാക്കിയും പോളും.