ബൈക്ക് സ്റ്റണ്ടുകൾ നടത്തുന്ന യുവാക്കൾ ധാരാളമുണ്ടെങ്കിലും യുവതികൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ബൈക്ക് സ്റ്റണ്ട് എന്ന് കേട്ടാൽ അത്ഭുതപ്പെടുന്നവർ ധാരാളം. പഞ്ചാബിലെ ചണ്ഡീഗഢിലാണ് സംഭവം. നടുറോഡിൽ ബൈക്ക് അഭ്യാസം കാണിക്കുന്ന യുവതിയുടെ വിഡിയോ പകർത്തിയത് മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ്.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ പക്ഷെ യുവതിക്ക് സമ്മാനിച്ചത് 3000 രൂപ പിഴ. റോഡിൽ ബൈക്ക് അഭ്യാസം കാണിച്ചതിന് പൊലീസിന്റെ വകയായിരുന്നു പിഴ. സുരക്ഷ ജാക്കറ്റും ഹെൽമെറ്റും മറ്റ് സുരക്ഷ ഉപാധികളുമായി മാത്രം അതും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ മാത്രം നടത്തേണ്ട അഭ്യാസം റോഡിൽ കാണിച്ചതിനാണ് പൊലീസ് പിഴ ഈടാക്കിയത്.
വിഡിയോയിൽ നിന്ന് തെളിവുകൾ ശേഖരിച്ചാണ് നടപടിയെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. ജലന്ദർ സ്വദേശിനി രവീന്ദർ കൗർ എന്ന യുവതിയാണ് ബൈക്കിൽ അഭ്യാസം കാണിച്ചത്. പൊലീസിന്റെ നിർദ്ദേശ പ്രകാരം ബൈക്കിന്റെ നിറം മാറ്റിയെന്നും പൊതു നിരത്തുകളിൽ അഭ്യാസം കാണിക്കുന്നത് നിർത്തിയെന്നുമാണ് രവീന്ദർ കൗർ പറയുന്നത്.