ന്യൂയോര്‍ക്കില്‍ നടന്ന പ്രശസ്തമായ ഫാഷന്‍ പരിപാടിയില്‍ നീളമേറിയ ഗൗണ്‍ അണിഞ്ഞെത്തിയ ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്ര തിങ്കളാഴ്ച്ച സദസ്സിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വന്‍ ട്രോള്‍. ലോകത്തില്‍ ഏറ്റവുമധികം പേര്‍ വീക്ഷിക്കുന്ന ഫാഷന്‍ ഇവന്റുകളിലൊന്നായ Met Gala-2017ലാണ് റാല്‍ഫ് ലോറന്‍ ട്രഞ്ച് കോട്ട് ഗൗണ്‍ അണിഞ്ഞെത്തി പ്രിയങ്ക ചോപ്ര ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
ചുവന്ന പരവതാനിയില്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക അവതരിച്ചത്. ഹ്യൂഗ് ജാക്ക്മാന്‍, കെയ്‌ലി ജെന്നര്‍, ഫാരെല്‍ വില്യംസ്, മാറ്റ് ദാമണ്‍, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ വന്‍ സെലിബ്രിറ്റികള്‍ ചടങ്ങിനെത്തിയെങ്കിലും താരം പ്രിയങ്കയായിരുന്നു.
പ്രിയങ്കയുടെ നീളമേറിയ ഗൗണിന്റെ ചിത്രമെടുത്തിട്ട് ട്വിറ്ററില്‍ തമാശകളുടെ പൊടിപൂരമാണ്. ഡ്രസിന്റെ നീളം കണ്ട് ഒരു യൂസര്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പരിപാടിയായ സ്വഛ് ഭാരതിനു വേണ്ടി ഡിസൈന്‍ ചെയ്ത ഡ്രസാണ് പ്രിയങ്ക അണിഞ്ഞതെന്നാണ്.
ഗൗണ്‍ ഇട്ട് കുറച്ച് ദൂരം നടന്നാല്‍ അവിടെല്ലാം എന്ത് വേസ്റ്റ് ഉണ്ടെങ്കിലും അത് വൃത്തിയാക്കി തരുമെന്ന തമാശയിലാണ് ഇയാള്‍ ഇത് പറഞ്ഞത്. അത്രയ്ക്ക് നീളമുണ്ടേ, തറയില്‍ ഇഴയുന്ന ഗൗണ്‍. പ്രിയങ്ക ചോപ്ര ഒറ്റയ്ക്ക് നിന്നു ക്രിക്കറ്റ് ഗ്രൗണ്ടിനെ മഴയില്‍ നിന്നു സംരക്ഷിക്കുമെന്നായിരുന്നു മറ്റൊരു യൂസറുടെ തമാശ.
ഗജനിയിലെ ഗുസാരിഷ് ഷോട്ട് ആമിര്‍ ഖാന്‍ ഷൂട്ട് ചെയ്തത് ഈ ഗൗണിലാണെന്നായിരുന്നു വേറൊരു കമന്റ്. ഇത്തരത്തിലുള്ള ഗൗണാണ് എല്ലാവരും ഇടുന്നതെങ്കിലും ഒരു നൂറ് മീറ്റര്‍ നടക്കുക. ഇന്ത്യ മുഴുവന്‍ ഒരു മണിക്കൂറില്‍ ക്ലീന്‍ ആകും-രസകരമായ മറ്റൊരു കമന്റ് ഇങ്ങനെ.
എന്തായാലും ഒരു നീളന്‍ ഗൗണിലൂടെ 34കാരിയായ പ്രിയങ്ക ഫാഷന്‍ ലോകത്ത് മാത്രമല്ല, ഇന്റര്‍നെറ്റില്‍ മുഴുവന്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.