ജനുവരിയിൽ പതിനെട്ടു വയസ്സ് തികഞ്ഞു മിഷേലിന്. വാവ എന്നാണ് ഞങ്ങൾ അവളെ വിളിച്ചിരുന്നത്. കാർ ഡ്രൈവിങ് പഠിക്കണമെന്ന് വലിയ മോഹമായിരുന്നു. ൈലസൻസ് എടുക്കാൻ വേണ്ടി പതിനെട്ടു വയസ്സാകാൻ കാത്തിരിക്കുകയായിരുന്നു അവൾ.’’ ഇത് പറഞ്ഞ് മിഷേലിന്റെ അമ്മ സൈലമ്മ വിങ്ങിക്കരഞ്ഞു. കൊച്ചിയിൽ നിന്ന് ദൂരുഹസാഹചര്യത്തിൽ പിറവംകാരി മിഷേൽ ഷാജിയെ കാണാതായി എന്ന വിവരത്തിനു പിന്നാലെ വന്ന വാർത്ത ഈ കുടുംബത്തെ തകർത്തു കളഞ്ഞു. മകളുടെ മരണം ഉൾക്കൊള്ളാൻ ഈ മാതാപിതാക്കൾക്ക് ഇനിയുമായിട്ടില്ല. ഒന്നും പറയാനാകാതെ കണ്ണീർശില പോലെ, മിഷേലിന്റെ അച്ഛൻ ഷാജി. ഇടറുന്ന വാക്കുകളിൽ സങ്കടമടക്കി സൈലമ്മ മകളെക്കുറിച്ച് പറഞ്ഞുതുടങ്ങി.
‘‘എല്ലാത്തിനും വലിയ ഉത്സാഹമായിരുന്നു, ഒന്നിനും പിറകോട്ടു നിൽക്കുന്ന സ്വഭാവമില്ല. കണക്ക് അവൾക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ആകുക എന്നതായിരുന്നു സ്വപ്നം. അതിനു കാരണവും അവൾ തന്നെ പറഞ്ഞു, നല്ലൊരു ജോലി ഉറപ്പാക്കാം. നേരത്തേ ജീവിതം തുടങ്ങാം.’ അങ്ങനെ ജീവിതം പ്ലാൻ ചെയ്തിരുന്ന മോൾ ഇത്ര നേരത്തേ ജീവിതം അവസാനിപ്പിക്കുമോ? ഞങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.
ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളജിലാണ് അവൾ ആറാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചത്. പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും സ്കൂൾ െചയർപേഴ്സനായിരുന്നു. ചെറുപ്പത്തിലേ ഡാൻസ് പഠി കുന്നുണ്ടായിരുന്നു. അരങ്ങേറ്റവും നടത്തി. ക്ലാസിക്കലും വെസ്റ്റേൺ ഡാൻസും പഠിച്ചു. എല്ലാ പരിപാടികൾക്കും അവതാരകയും മോളായിരുന്നു. സ്കൂളിലെ മറ്റു കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മോൾ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ മോളെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.