മകം നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവം, തൊഴിൽ, പൊരുത്തം എന്നിവയെക്കുറിച്ചറിയാം. ഉയർന്ന കഴുത്തും കയ്യിൽ മറുകുള്ളവരും നിരപരാധികളെന്ന് തോന്നുന്ന മുഖവുമായിരിക്കും മകം നക്ഷത്രക്കാരുടെത്. ഇവർ സാഹസികരായിരിക്കും, മൂത്തവരെ ബഹുമാനിക്കുന്നവരും, ദൈവവിശ്വാസികളും അടിച്ചു പൊളിച്ചു ജീവിക്കുന്നവരും, പല വിധ കണ്ടു പിടുത്തക്കാരും തന്മയത്വമായി സംസാരിക്കുന്ന വരുമായിരിക്കും. നിശബ്ദമായി ജീവിക്കാനിഷ്ടപ്പെടുന്നവരാണിവർ. വിദ്യാസമ്പന്നരിൽ നിന്നും ഉയർന്നവരില്‍ നിന്നും ആദരവ് ലഭിക്കുന്നവരായിരിക്കും. കലകളെക്കുറിച്ച് അറിവ് ഉള്ളവരായിരിക്കും. ഇവര്‍ വിലയേറിയ സമയം സാംസ്കാരികമായും, കലാപരമായുമുള്ള പ്രവർത്തികൾ സദാ മുഴുകിയിരി ക്കുന്നവരായിരിക്കും. മറ്റുള്ളവരോടുള്ള പ്രവർത്തന ശൈലി മികവുറ്റതാണ് ആരെയും വേദനിപ്പിക്കുന്ന തരത്തിലായിരിക്കില്ല. അഥവാ അങ്ങനെ മറ്റുളളവര്‍ക്ക് തോന്നിയതായി കണ്ടാൽ ഉടൻ തന്നെ അതിലെ തെറ്റിനെ തിരുത്തി മാറ്റിയെടുക്കുന്നു. മറ്റുളളവര്‍ക്ക് ഒരു പ്രതിബന്ധമായി തോന്നുന്ന തരത്തിലെ ഒരു പ്രവർത്തിയും ഇവർ ചെയ്യാറില്ല. എന്നാലും അറിയപ്പെടാത്ത ധാരാളം ശത്രുക്കൾ ഇവര്‍ക്കുണ്ടായിരിക്കും. മുൻ കോപികളാണ്. സത്യത്തിനു നിരക്കാത്ത ഒരു പ്രവർത്തിയോ സംസാരമോ നിബന്ധനകളോ ഇവർക്ക് സഹിക്കാൻ സാധ്യമല്ല. ഇവർ ഉടനതിൽ പ്രതികരിക്കും. ഇതിവരുടെ പരാജയത്തിന് വഴി തെളിക്കും. സ്വാർത്ഥത കുറഞ്ഞവരായിരിക്കും. സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ സമർത്ഥരായിരിക്കും. ഒന്നും തിരികെ പ്രതീക്ഷിക്കാറില്ല. അതും സ്വന്തം മാനസ്സിക സംതൃപ്തിക്കുവേണ്ടി ചെയ്യുന്നു എന്നു മാത്രം. ഇതു കാരണം സമൂഹത്തിൽ എല്ലാവരുടെയും ശ്രദ്ധ ഇവരിലുണ്ടാകുന്നു. ഇവർ ധാരാളം ജോലിക്കാരും സമ്പത്തുള്ളവരുമായിരിക്കും. കച്ചവട മനസ്സില്ലാത്തവരും. നേരായ വഴിയിലൂടെ ധനം സമ്പാദിക്കുന്നവരുമായിരിക്കും.
ആത്മാർത്ഥതയും നിസ്വാർത്ഥ സേവനവും ഉള്ളവരാണിവർ. ഇതുകാരണം ചില അവസരങ്ങളിൽ ഇവർക്ക് ചില നേട്ടങ്ങൾ വരികയും ചെയ്യും. ഒരിക്കൽ ഒരു തീരുമാനത്തിലുറച്ചാൽ അതിൽ തന്നെ ഉറച്ചു നിൽക്കുന്നവരാണിവർ. മേലധികാരികളോടും, കൂടെ ജോലി ചെയ്യുന്നവരോടും വിധേയത്വമുള്ളവരായിരിക്കും. നല്ല കുടുംബജീവിതമായിരിക്കുകയില്ല ഇവരുടേത്. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. മാമൂൽ വിരോധികളായിരിക്കും. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാനിഷ്ടപ്പെടുകയില്ല. ഇതിനവരുടെ ആത്മാഭിമാനം അനുവദിക്കുകയില്ല. ആത്മാഭിമാനികളായതിനാൽ അതിനെ പണയം വച്ചുകൊണ്ട് ഒന്നിനും തയാറാകില്ല. ഇതുകാരണം ആളുകൾ ഇവരെ അഹങ്കാരികളെന്ന് മുദ്രകുത്തുന്നു.
സ്വന്തം കഴിവിൽ അമിതവിശ്വാസം കാരണം മറ്റുള്ളവരുടെ സഹായത്തിന് പോകാറില്ല. സ്വതന്ത്രപ്രിയരും ഏതുകാര്യവും ചുഴിഞ്ഞു ചിന്തിക്കുന്നവരുമായിരിക്കും. പറയേണ്ടതു തുറന്നടിച്ചു പറയുന്നവരായിരിക്കും, തന്റേടമുള്ളവരായിരിക്കും, സ്വന്തം പ്രയത്നത്തിലൂടെ സമ്പാദിക്കും. കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാൻ മിടുക്കരായിരിക്കും. കേതുവിന് ജാതകത്തിൽ അനിഷ്ടസ്ഥിതി വന്നാൽ എല്ലാ ദൂഷ്യസ്വഭാവങ്ങളുമുണ്ടായിരിക്കും. ചെറുപ്പം മുതൽ ഗൂഢവിഷയങ്ങളിൽ താൽപര്യം കൂടിയിരിക്കും. ധാരാളം ബന്ധുക്കളുണ്ടായിരിക്കും. ഒപ്പം ശത്രുക്കളുമുണ്ടായിരിക്കും. തുറന്നും തറപ്പിച്ചും പറയുന്നവരാണിവർ. ആക്രമണ സ്വഭാവവും ചിലരിൽ കാണാം. ഇന്ദ്രിയ സുഖത്തിൽ താൽപര്യമുള്ളവരാണിവർ. ചിലരുടെ ഭാര്യമാർ രോഗികളായിരിക്കും.
മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാന്യതയുണ്ടെങ്കിലും അതുപോലെ ശത്രുക്കളുമുണ്ടായിരിക്കും. ധാരാളം സുഖം ആഗ്രഹിക്കുന്നവളും, വഴക്കാളികളുമായിരിക്കും. മുൻകോപികളുമായിരിക്കും, ഒപ്പം കരുണയുള്ളവളും, ദൈവവിശ്വാസികളുമായിരിക്കും, രാജകീയസുഖം ലഭിക്കുന്നവളായിരിക്കും. മതാനുഷ്ഠാനങ്ങൾ ഇഷ്ടപ്പെടുന്നു, ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തക്കസമയത്ത് അവരെ സഹായിക്കുകയും ചെയ്യും. ജോലിയുള്ളവർ വലിയ നിലയിലെത്തും. സമ്പത്തുണ്ടായിരിക്കും. വിവാഹജീവിതത്തിൽ കുടുംബാംഗങ്ങളോട് എപ്പോഴും ഉരസിക്കൊണ്ടിരിക്കും. ഇതുകാരണം ഭര്‍തൃഗൃഹത്തിൽ നിന്നും സ്വസ്ഥതക്കുറവും മാനസികാസ്വസ്ഥതകളും ഉണ്ടായിക്കൊണ്ടിരിക്കും. ഇത് സന്തോഷജീവിതത്തെ അലങ്കോലപ്പെടുത്തും.
അഭിമാനികളായിരിക്കും. മകം പിറന്ന മങ്ക എന്നതുപോലെ മകം സ്ത്രീകൾക്കു നല്ലതാണ്. ഞാനെന്ന ഭാവമുള്ളവരാണ്. മകം നക്ഷത്രക്കാരുടെ ചിങ്ങം രാശി സ്വരൂപം സിംഹമായതിനാൽ ആ ഒരു അഹംഭാവം എപ്പോഴുമിവരിൽ ഉണ്ടായിരിക്കും. വാക്സ്ഥാനാധിപൻ ബുധനായതിനാൽ മധുരമായും വശ്യമായും സംസാരിച്ച് മറ്റുള്ളവരെ തന്റെ പാട്ടിലാക്കാന്‍ കഴിവുള്ളവരാണ്. എതിരാളികളെ നിലം പരിശാക്കുന്ന സ്വഭാവം ജന്മസിദ്ധമായ വരദാനമാണ്. എല്ലാപേരെയും സംശയദൃഷ്ടിയോടെ കാണുന്നവരാണിവർ. മകം നക്ഷത്രക്കാരി ഒരു വീട്ടിലുണ്ടെങ്കിൽ അമ്മയായാലും മകളായാലും അമ്മൂമ്മയായാലും അധികാര കേന്ദ്രം അവളിലായിരിക്കും. ആ വീടിന്റെ കിരീടവും ചെങ്കോലും അവളിലായിരിക്കും. ഇവർ ആ ഗൃഹത്തിൽ ഐശ്വര്യവിളക്കായിരിക്കും.