എല്ലാ വ്യത്യസ്തതകളിലും ഗൗരി എന്ന അമ്മ പൂർണയായിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിനുള്ളിലെ കാരുണ്യദീപം. ആണിന്റെ അപൂർണതകളിൽ നിന്ന് പെണ്ണിന്റെ പൂർണതകളിലേക്ക് തച്ചുടച്ച് വാർത്തെടുത്ത പെൺസ്വരൂപം. വിക്സ് കാംപെയിന്റെ ഭാഗമായി പുറത്തിറങ്ങിയ ട്രാൻസ്ജെൻഡർ അമ്മയുടെയും മകളുടെയും പരസ്യ ചിത്രം കണ്ണുനനയിച്ച് കടന്നു പോയത് ലക്ഷക്കണക്കിന് കാഴ്ചക്കാരിലൂടെയാണ്. എന്നാൽ അതേ പരസ്യ ചിത്രത്തിലെ അമ്മയും മകളും യഥാർഥ ജീവിതത്തിലും അമ്മയും മകളുമാണെന്നതാണ് സത്യം. ഗർഭപാത്രത്തിന്റെ സംരക്ഷണമല്ല, ആരുമില്ലാതെ ഒറ്റപ്പെട്ട പെൺകുഞ്ഞിന് സ്നേഹപൂർണമായ നല്ല വിദ്യാഭ്യാസവും ജീവിതവും പകരുന്ന മാതൃത്വം. ആ പരസ്യം കണ്ടവരെല്ലാം പറഞ്ഞു. ‘ഒരമ്മ എന്നാൽ സ്ത്രീയായി ജനിക്കണമെന്നില്ല.’ പുരുഷനായി ജനിച്ച് പിന്നീട് സ്ത്രീയായി അമ്മയായി പരിണമിച്ച ഗൗരി സാവന്തിന്റെ കഥ ഇതാണ്.
പൂനെയിൽ ഒരു പോലീസുകാരന്റെ മകനായി ജനിച്ച ഗൗരി എന്ന ഗണേഷ് സാവന്ത് ഏറെ യാതനകൾ സഹിച്ചാണ് തന്റെ കുട്ടക്കാലം കഴിച്ച് കൂട്ടിയത്. ആദ്യ കുഞ്ഞ് ജനിച്ച് പത്ത് വർഷത്തിന് ശേഷം രണ്ടാമതും ഗർഭിണിയായ ഗൗരിയുടെ അമ്മയും അച്ഛനും ഏഴാം മാസത്തിൽ ഗർഭഛിദ്രം നടത്താൻ തീരുമാനിച്ചെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി മാനിച്ചാണ് ഡോക്ടറുടെ നിർദേശപ്രകാരം ഗൗരി എന്ന ഗണേഷ് ജനിച്ചു വീണത്. സാധാരണകുട്ടിയെ പോലെ വളർന്ന ഗണേഷിന്റെ മാറ്റങ്ങൾ സഹപാഠികൾ കളിയാക്കാൻ തുടങ്ങുമ്പോഴാണ് അവനിലെ അവള്‍ മനസിലാക്കുന്നത്. ആൺകുട്ടികളുടെയൊപ്പം കളിക്കാൻ പോകാതെ ഗൗരി തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം ബാല്യകാലം കഴിച്ചുകൂട്ടി.