ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ലിൽ എത്രത്തോളം യാഥാർഥ്യമുണ്ട്?. 1922 ലാണ് ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്നചൊല്ല് ആദ്യം ഉപയോഗിക്കപ്പെടുന്നത്. ആപ്പിളാണ് ഏറ്റവും പോഷകസമ്പുഷ്ടമായ ഫലമെന്ന ധ്വനിയാണ് ഈ ചൊല്ല‍് ഇതു നമുക്ക് നൽകുന്നത്. ഒരു പരിധിവരെ ഇതു ശരിയായിരിക്കാം.
പപ്പായ, ചെറി, വാഴപ്പഴം, ഒാറഞ്ച്, ബ്ലുബെറി തുടങ്ങിയപഴങ്ങളും പോഷകസമ്പുഷ്ടമാണ്. എന്നാൽ ആപ്പിളിനുമാത്രം ലഭിച്ച ഈ വിശേഷണത്തിനു പിന്നിലുള്ള രഹസ്യമെന്താണ്? രക്ത സമ്മർദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാനും ആപ്പിളിന് കഴിവുണ്ട്. പഠനങ്ങൾ പറയുന്നത് ചിലകാൻസറുകളെ തടയുന്നതിനും ആപ്പിളിന് കഴിവുണ്ടെന്നാണ്. ആപ്പിളിന്റെ പോഷക ഗുണങ്ങൾ വിളവെടുപ്പിനുശേഷം 200 ദിവസം കഴിഞ്ഞാലും കുറവുവരുന്നില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
85 ശതമാനം ജലവും ധാരാളം ആന്റിഒാക്സിഡന്റും ഫൈബറും(നാരുകൾ) ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആപ്പിൾ പോഷകസമ്പുഷ്ടമാണ്. എന്നാൽ, ആപ്പിൾ ഡോക്ടറെ അകറ്റുമെന്നു പറയുന്നതിൽ വസ്തുതയൊന്നുമില്ല. നമ്മുടെ ഭക്ഷണ ശീലത്തിൽ വരുത്തുന്ന മാറ്റമാണ് ഇവിടെ നിർണായകമാകുന്നത്. ലോകമെമ്പാടുമുള്ള ന്യൂട്രീഷനിസ്റ്റുകൾ നിർദേശിക്കുന്നത് 3:4 അനുപാതത്തിലുള്ള ഡയറ്റാണ്. അതായത് ദിവസവും മൂന്ന് നിറങ്ങളിലുള്ള പഴങ്ങളും നാല് നിറങ്ങളിലുള്ള പച്ചക്കറികളും ഉപയോഗിക്കണമെന്നാണ്.