2017 ഏപ്രിൽ 14–ാം തീയതി (1192 മേടം1) വെള്ളിയാഴ്ച അതിരാവിലെയാണ് ഇക്കൊല്ലം കണി കാണേണ്ടത്. പുലർച്ചെ രണ്ടു മണിയോടുകൂടി സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്നു. ഉച്ചസ്ഥനായ കാലപുരുഷനുള്ള ആത്മാർപ്പണമാണ് വിഷുവിന്റെ ദാർശനികപക്ഷം. മനുഷ്യൻ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്വപ്നലോകത്തേക്കുള്ള ആദ്യ കാൽവയ്പായി വിഷുവിനെ കാണുന്നു. കാലഗതിയുടെ സംക്രമണം ജീവജാലങ്ങളെയും സ്വാധീനിക്കുന്നു. അതിവൃഷ്ടി, അനാവൃഷ്ടി, അതിദുസ്സഹമായ സാമൂഹിക വിരുദ്ധ പ്രവണതകൾ എന്നിവയെല്ലാം സ്വാഭാവികമായും വർധിച്ചുവരും. അതിലുപരി ഒരു യുദ്ധസാധ്യത ഇക്കൊല്ലത്തെ വിഷുഫലമത്രെ. വിദേശ രാജ്യവുമായി ഒരു തുറന്ന യുദ്ധം തന്നെ വേണ്ടിവരും. അനേകമനേകം സംഘർഷങ്ങളുടെ ഇടയിലൂടെ മനുഷ്യൻ ഇപ്പോഴും ജീവിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു. അതിനുള്ള ഊർജം വിഷുക്കണിയുടെ പൊലിമയത്രെ. മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഗ്രാമത്തിൻ മണവും മമതയും ഇത്തിരി കൊന്നപ്പൂവും ശുഭപ്രദാനക്ഷമതയുടെ തെളിവാണ്. ഉച്ചസ്ഥനായ ത്രൈലോക്യ ദീപം എല്ലാ സുമനസ്സുകളിലും വെളിച്ചം വിതറണമെന്ന പ്രാർഥനയോടെ ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം ഇതോടൊപ്പം ചേർക്കുന്നു.
അശ്വതി ചിങ്ങമാസത്തിനു ശേഷം സാമ്പത്തികസ്ഥിതി ഭേദപ്പെട്ടതാകും. തൊഴിൽ മേഖല സജീവമായിരിക്കും. സ്ഥാനക്കയറ്റത്തിനു സാധ്യതയുണ്ട്. ചെറിയ തോതിൽ ദേഹാരിഷ്ടുകൾ ഉണ്ടാകും. വ്യാപാര രംഗം ലാഭകരമാക്കാൻ കഴിയും. പഠനം, കലോപാസന തുടങ്ങിയ കാര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു നീക്കാൻ കഴിയും. മേടം മുതൽ കർക്കടകം വരെയുള്ള മാസങ്ങളിൽ അധ്വാനഭാരം വർധിക്കും. ദീർഘയാത്രകൾ ഉണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കച്ചവടലാഭം വർധിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കാനാകും. കുംഭം, മീനം മാസങ്ങളിൽ അധികച്ചെലവുകൾ പ്രതീക്ഷിക്കണം. പുതിയ കർമരംഗം ലഭിക്കാനും സാധ്യതയുണ്ട്.
ഭരണി ഈ നക്ഷത്രക്കാർക്കു ചെറിയ പ്രയാസങ്ങൾ ഉണ്ടാകും. പ്രതീക്ഷിച്ച പല കാര്യങ്ങളും നടപ്പിൽ വരുത്താൻ കഴിയാത്തതുമൂലം മനപ്രയാസമുണ്ടാകും. കർമരംഗത്ത് തുലാം മാസം വരെ അനിശ്ചിതത്വമുണ്ടാകും. ആരോഗ്യസ്ഥിതി മോശമാകില്ല. കച്ചവടം, കൃഷി എന്നിവ ഗുണകരമാകും. പരീക്ഷാവിജയം, കർമലബ്ധി എന്നിവയുണ്ടാകും.മേടം, ഇടവം, മിഥുനം മാസങ്ങളിൽ വരുമാനക്കുറവ് ഉണ്ടാകും. യാത്രകൾ മാറ്റിവയ്ക്കേണ്ടിവരും. കർക്കടകം മുതൽ വൃശ്ചികം വരെയുള്ള മാസങ്ങളിൽ പൊതുവേ എല്ലാ കാര്യങ്ങളിലും ഉണർവ് ഉണ്ടാകും. പുതിയ വ്യാപാര സംരംഭങ്ങൾ വിജയിപ്പിക്കാനാകും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ വേണ്ടപ്പെട്ടവർക്കു രോഗബാധയുണ്ടാകും . വിദേശ യാത്രയ്ക്കു പരിശ്രമിക്കാവുന്ന മാസങ്ങൾ കൂടിയാണ് ഇവ.
കാർത്തിക വർഷം പൊതുവേ ഗുണാധികമായിരിക്കും. സാമ്പത്തിക സ്ഥിതി കുറേയൊക്കെ അനുകൂലമാകും. ജോലി സംബന്ധമായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും. തൊഴിൽരഹിതർക്കു കർമരംഗത്തെത്തിച്ചേരാൻ കഴിയും. കൃഷി, കച്ചവടം എന്നിവയിൽ നിന്ന് അമിത ലാഭം പ്രതീക്ഷിക്കേണ്ടതില്ല. ദേഹാരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും.മേടം മുതൽ മിഥുനം വരെയുള്ള മാസങ്ങളിൽ പുതുകാര്യങ്ങൾക്കായി ധനം മുടക്കരുത്. കാർഷികാദായം ലഭ്യമാകും. കർക്കടകം മുതൽ തുലാം വരെയുള്ള മാസങ്ങളിൽ ബന്ധുജന ക്ലേശം, ദീർഘയാത്ര, ധനലാഭം എന്നിവയുണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വീട്ടിൽ മംഗളകാര്യം, തൊഴിൽരംഗത്ത് ഉയർച്ച എന്നിവയുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ ഭാഗ്യാനുഭവം, ദേഹാരിഷ്ട് എന്നിവയുണ്ടാകും.
രോഹിണി തൊഴിൽരംഗത്തു കൂടുതൽ ജാഗ്രത പുലർത്തേണ്ടുന്ന വർഷമാണ്. സാമ്പത്തിക രംഗത്തു മുന്നേറാനാകുമെങ്കിലും ചെലവുകളും വർധിച്ചുവരും. വ്യാപാരികൾക്കും കർഷകർക്കും ആശ്വാസം ലഭിക്കുന്ന വർഷമായിരിക്കും. ലാഭം വർധിച്ചു വരുന്നതുമൂലം ഈ മേഖലയിൽപ്പെട്ടവർക്ക് ഉത്സാഹം വർധിക്കും. വിദ്യാഭ്യാസ രംഗത്തുള്ളവർക്കു കഠിന പ്രയത്നം ആവശ്യമാകും.മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ സന്തോഷ യാത്രകളും അനുഭവങ്ങളും ഉണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ വ്യാപാരം വിപുലപ്പെടുത്താനാകും. വരുമാനക്കുറവ് അനുഭവപ്പെടും. ധനു, മകരം മാസങ്ങളിൽ വസ്തുവകകൾ, ആഭരണാദികൾ എന്നിവ വാങ്ങാനാകും. കുംഭം, മീനം മാസങ്ങളിൽ സാമ്പത്തികനേട്ടം ഉണ്ടാക്കാൻ കഴിയും.
മകയിരം ക്ഷമയോടുകൂടി പ്രവർത്തിച്ചാൽ വിജയം ഉണ്ടാക്കാൻ കഴിയുന്ന വർഷമാണ്. വരുമാനത്തിൽ കുറവ് അനുഭവപ്പെടുമെങ്കിലും ചെലവുകൾ ചുരുക്കി പ്രയാസങ്ങൾ ഒഴിവാക്കും. കർമരംഗത്ത് ആരോപണങ്ങൾ ഉയർന്നുവരും. വിദ്യാർഥികൾക്കു മികച്ച വിജയം പ്രതീക്ഷിക്കാവുന്നതാണ്. വ്യാപാരികൾക്കു ഞെരുക്കം അനുഭവപ്പെടും. ആരോഗ്യ ക്ലേശങ്ങളെ അതിജീവിക്കാനാകും.മേടം, ഇടവം, മിഥുനം മാസങ്ങളിൽ ജോലിക്കൂടുതൽ മൂലം വിഷമിക്കും. കർക്കടകം മുതൽ തുലാം വരെയുള്ള മാസങ്ങളിൽ ക്ലേശാനുഭവങ്ങൾക്കായിരിക്കും മുൻതൂക്കം. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനാഗമം വർധിക്കും. ചികിത്സാച്ചെലവുകളുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ പൊതുവേ പ്രയാസങ്ങളൊന്നും അനുഭവപ്പെടാനിടയില്ല.
തിരുവാതിര പൊതുവേ ആശ്വാസകരമായ വർഷമായിരിക്കും. കുടുംബ വരുമാനം വർധിപ്പിക്കാൻ കഴിയും. കർമരംഗത്തു നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാൻ കഴിയും. വ്യാപാരികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളും ആശയക്കുഴപ്പങ്ങളും കുറയും. കൃഷി നഷ്ടകരമാകില്ല. പഠനരംഗത്തുള്ളവർക്കു പരീക്ഷകളിൽ വിജയം ലഭിക്കും. വൃശ്ചിക മാസം വരെ ദേഹാരിഷ്ടുകൾ ഉണ്ടാകാനിടയുണ്ട്.മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച ഉണ്ടാകും. വീട്ടിൽ മംഗളകാര്യങ്ങളുണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ ധനലാഭം, സന്താന ഭാഗ്യം, യാത്രകൾ എന്നിവയുണ്ടാകും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ബന്ധുജന ക്ലേശം, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവയുണ്ടാകും.