ഒരു മൂട് മരച്ചീനി വിളവെടുത്തപ്പോൾ കിട്ടിയത് 120 കിലോയിലധികം മരച്ചീനി. റാന്നി സ്വദേശിയും ജൈവകർഷകനുമായ റജിയാണ് ഭീമൻ വിള നട്ടുണ്ടാക്കിയത്. നീളമുള്ള വെണ്ടയ്ക്കയും ചേമ്പും വളർത്തി റജി നേരത്തെ ലിംക ബുക്കിൽ ഇടം നേടിയിരുന്നു.
വിള പുറത്തെടുക്കാനുള്ള കഠിനപരിശ്രമം മാത്രം മതി ഗുണമറിയാൻ. ആമ്പക്കാടൻ മരച്ചീനി റജിയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും മികച്ച വിളയാണ്. 28 ഇഞ്ച് നീളമുള്ള വെണ്ടയ്ക്ക വിളയിച്ച് 2013 ലും ഏഴ് അടി ഉയരമുള്ള ചേമ്പ് വളർത്തി 2016 ലും റജി ലിംക ബുക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയമായ മരച്ചീനി വിളവെടുപ്പ്. പാതാളക്കാച്ചിൽ, ഗജേന്ദ്ര ചേന തുടങ്ങി സങ്കരയിന പരീക്ഷണ വിളകളെല്ലാം റജിയെന്ന കർഷകന് ഹരമായിരുന്നു. പൂർണമായും ജൈവരീതിയിലുള്ള കൃഷിയിലൂടെയാണ് മണ്ണിനും പ്രകൃതിയ്ക്കും കോട്ടം വരുത്താതെയുള്ള റജിയുടെ ജൈത്രയാത്ര.
ആമ്പക്കാടൻ മരച്ചീനി കൊച്ചിയിലെ കാർഷിക പ്രദർശനത്തിനായി കൈമാറിയിട്ടുണ്ട്. പാലാ സ്വദേശിയ്ക്കൊപ്പം ചേർന്നാണ് റജിയുടെ സങ്കരയിനകൃഷിപരീക്ഷണം.