നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് പിടികൂടിയത് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് ഇന്നുച്ചയ്ക്ക് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സുനിയുടെ കൂട്ടാളി വിജീഷും അറസ്റ്റിലായിട്ടുണ്ട്. സെൻട്രൽ എസ്ഐയും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കീഴടങ്ങാനെത്തിയ സുനിയെ കോടതിക്കകത്തുനിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ പ്രതിക്കൂടിനു സമീപത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.