ലോക ടൂറിസം ദിനത്തില്‍ വിനോദസഞ്ചാരവികസനത്തിന് ജനകീയാസൂത്രണപദ്ധതിയുമായി കേരളം. രാജ്യത്താദ്യമായാണ് ഇത്തരമൊരു സംരംഭം. സുസ്ഥിരവികസനത്തിന് സുസ്ഥിര ടൂറിസം എന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ മുദ്രാവാക്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് കേരളത്തിന്റെ പദ്ധതി.
വിനോദസഞ്ചാരവിപണനത്തില് ലോകത്തുതന്നെ മുന്‍നിരയിലുള്ള കേരള ടൂറിസം ഒരിക്കല്‍ക്കൂടി രാജ്യത്തിന് മാതൃകയാകുന്നു. സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പുതിയ ജനകീയാസൂത്രണവിനോദസഞ്ചാരപദ്ധതി നടപ്പാക്കുന്നത്. പെപ്പര്‍ എന്നാണ് പരിപാടിയുടെ ചുരുക്കപ്പേര്. കോട്ടയം ജില്ലയിലെ വൈക്കത്തെ തദ്ദേശഭരണസ്ഥാപനങ്ങളെ കൂട്ടിയിണക്കിയാണ് പെപ്പറിന്റെ ആദ്യപതിപ്പ് അവതരിപ്പിക്കുന്നത്. ടൂറിസം ഗ്രാമസഭകള്‍, 2000 പേര്‍ക്ക് ടൂറിസം മേഖലയില്‍ തൊഴില്‍ പരിശീലനം, ഫാം ട്രിപ്പുകള്‍, റിസോഴ്സ് മാപ്പിങ് തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമാകും. എംഎല്‍എ ചെയര്‍മാനും തദ്ദേശഭരണത്തലവന്മാര് അംഗങ്ങളുമായ സമിത ഇതിന് മേല്‍നോട്ടം വഹിക്കും.
സുസ്ഥിര വികസനത്തിന് സുസ്ഥിര ടൂറിസം എന്നതാണ് ലോക ടൂറിസം ഓര്ഗനൈസേഷന് ഈ വര്‍ഷത്തെ വിനോദസഞ്ചാരദിനത്തില്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യംം. 1980 ല്‍ ലോകവിനോദസഞ്ചാരദിനം ആചരിച്ചുതുടങ്ങിയശേഷം അവിശ്വനീയമായ കുതിപ്പാണ് ടൂറിസം രംഗത്തുണ്ടായത്. കഴിഞ്ഞവര്‍ഷം മാത്രം 124 കോടി ജനങ്ങളാണ് വിനോദസഞ്ചാരികളായി രാജ്യാന്തരഅതിര്ത്തികള് കടന്നുപോയത്.