ഗായകൻ കെ.ജെ. യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഭരണസമിതിയുടെ അനുമതി. ഹിന്ദുമത വിശ്വാസിയാണെന്ന് കാണിച്ച് യേശുദാസ് സമർപ്പിച്ച സത്യവാങ്മൂലം ഭരണസമിതിയോഗം അംഗീകരിച്ചു. നവരാത്രി ഉൽവസത്തോടനുബന്ധിച്ച് അദ്ദേഹം ക്ഷേത്രത്തിൽ പത്മനാഭശതകം ആലപിക്കാനെത്തുമെന്ന് കരുതുന്നു.
അഞ്ചുമണിക്കൂർ നീണ്ട യോഗത്തിനൊടുവിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ഗായകൻ കെ.ജെ. യേശുദാസിന് ക്ഷേത്രദർശനനാനുമതി നൽകിയത്. ക്ഷേത്ര തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടും യോഗത്തിൽ പങ്കെടുത്തു. യേശുദാസ് സമർപിച്ച സത്യവാങ്മൂലം സമിതി പൂർണമായി അംഗീകരിച്ചു. ദർശനാനുമതി നൽകിയ വിവരം ഉടൻ യേശുദാസിനെ അറിയിക്കും.
സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്രത്തിനുള്ളിൽ ആലപിക്കുകയെന്നതാണ് യേശുദാസിന്റെ ദീർഘനാളത്തെ ആഗ്രഹം. ചുറ്റമ്പലത്തിലെ കൽമണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ അദ്ദേഹത്തിന് ഗാനാലപനത്തിന് സൗകര്യമൊരുക്കുമെന്നാണ് സൂചന.