ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി മാനേജരുടെ പരാതി. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പി.ചന്ദ്രശേഖരന്റെ പരാതിയില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. നിഷാം ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു.
ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാം സ്വന്തം മാനേജരെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ഫ്ലാറ്റ് വില്ക്കാന് ആധാരം ചോദിച്ചാണ് ഭീഷണി. ഫ്ലാറ്റ് വിറ്റ് പണം വേണമെന്നാണ് ആവശ്യം. ഫ്ലാറ്റിന്റെ ആധാരം നിഷാമിന്റെ സഹോദരങ്ങള്‍തന്നെ കൊണ്ടുപോയെന്ന് മാനേജര്‍ പറഞ്ഞെങ്കിലും ആക്രോശം തുടര്‍ന്നു. അറുപത്തിയേഴുകാരനായ മാനേജര്‍ പി.ചന്ദ്രശേഖരന് വധഭീഷണിയില്‍ ഭയന്നുവിറച്ചു. അങ്ങനെയാണ്, സംഭാഷണം സഹിതം പൊലീസിന് പരാതി നല്‍കിയത്.
നാലര വര്‍ഷത്തോളം നിഷാമിന്റെ കിങ്സ് ആന്‍ഡ് സ്പേസസ് ബില്‍ഡേഴ്സിന്റെ മാനേജരായിരുന്നു ചന്ദ്രശേഖരന്. അടിമയെ കാണും വിധമുള്ള നിഷാമിന്റെ പെരുമാറ്റം കാരണം 2014ല്‍ ജോലി ഉപേക്ഷിച്ചു. പിന്നെ, നിഷാം ജയിലിലായ ശേഷം സഹോദരന്മാര് ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ്, വീണ്ടും ജോലിക്കു കയറിയത്. കമ്പനിയുടെ രേഖകളില്‍ ഒപ്പിടാനായി ഇരുപതു തവണ നിഷാമിനെ കാണാന്‍ ജയിലില്‍ പോയിരുന്നു. അപ്പോഴെല്ലാം, ആക്രോശിച്ചും ചീത്ത പറഞ്ഞുമാണ് പെരുമാറിയത്. ഇനിയും ഭീഷണി താങ്ങാന്‍ കഴിയാത്തതിനാല്‍ പൊലീസിനെ സമീപിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.