E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല ജയിലിലേക്ക് നീങ്ങുമ്പോൾ അമ്മയുടെ ‘അനുഗ്രഹം’ പനീർസെൽവത്തിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ops
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജെ. ജയലളിതയെന്ന മുഖ്യമന്ത്രി അല്ലെങ്കില്‍ രാഷ്ട്രീയ നേതാവ് തമിഴ്‌നാടിന് എത്ര വലിയ ശക്തിയായിരുന്നു എന്നതിന്റെ തെളിവായിരുന്നു അവരുടെ മരണശേഷമുള്ള സംഭവവികാസങ്ങള്‍. പാർട്ടിയുടെ തലപ്പെത്തിയതോടെ ഫലത്തിൽ അണ്ണാ ഡിഎംകെയെ ‘അമ്മാ ഡിഎംകെ’യാക്കി മാറ്റിയിരുന്നു ജയലളിത. അതുകൊണ്ടുതന്നെ തനിക്കു ശേഷം ആര് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെയാണ് അവര്‍ ജീവിത യാത്ര അവസാനിപ്പിച്ചതും. അതിന്റെ അനന്തരഫലമാണ് ഇതുവരെ നാം കണ്ട തമിഴ്‌നാട് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളും.

തോഴി ശശികലയെന്ന ജയയുടെ നിഴലും ഒ.പനീര്‍സെല്‍വമെന്ന (ഒപിഎസ് എന്നു സ്നേഹത്തോടെയുള്ള വിളിപ്പേര്) ജയയുടെ വിശ്വസ്തനും തമ്മിലുള്ള തര്‍ക്കം ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതിയ മുഖമായിരുന്നു. പക്ഷേ തത്കാലത്തേക്കെങ്കിലും ആ തർക്കത്തിന് ഒരുത്തരം ലഭിച്ചിരിക്കുന്നു. വേണമെങ്കിൽ ജയലളിത അന്തരിച്ച അന്നുതന്നെ തനിക്കു മുഖ്യമന്ത്രിയാകാമായിരുന്നു എന്നു വമ്പു പറ​ഞ്ഞ ശശികലയ്ക്ക് ഇനി അടുത്ത 10 വർഷത്തേക്ക് ആ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷം ജയിലിലും കിടക്കേണ്ടി വരും.

aiadmk-supporters

ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തിൽ പ്രാർഥനാനിമഗ്നനായിരിക്കെയാണ് എല്ലാം വിളിച്ചുപറയാനുള്ള ‘അമ്മ’യുടെ നിർദേശം തനിക്കു ലഭിക്കുന്നതെന്നാണ് പനീർസെൽവം പറഞ്ഞത്. ഫെബ്രുവരി ഏഴിനായിരുന്നു അത്. അന്നുതുടങ്ങി പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി. അധികാരവടംവലിയ്ക്കൊടുവിൽ പക്ഷേ അമ്മയുടെ ‘അനുഗ്രഹം’ വീണത് ഒപിഎസിന്മേലായിരുന്നു. സത്യത്തില്‍ തമിഴ്നാട്ടിൽ നടന്നത് രാഷ്ട്രീയമാണോ, അതോ കേവലം അധികാര തര്‍ക്കമോ? രണ്ടായാലും എംഎൽഎമാരെ കടത്തിക്കൊണ്ടുപോയി ഒളിപ്പിച്ചുവച്ചുള്ള ഈ ‘കുതിരക്കച്ചവട’ക്കാഴ്ചകൾക്ക് തമിഴ്മക്കൾ ഒരു അവസാനം തേടിയിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സുപ്രീംകോടതി നൽകിയിരിക്കുന്നതും. ഏറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് ജയലളിത കടന്നു പോയത്. അവരുടെ മരണത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ഇപ്പോഴാണ് പുറത്തു വരുന്നത്. എന്തായിരുന്നു ജയലളിതയുടെ മരണശേഷമുള്ള തമിഴ് മണ്ണിന്റെ രാഷ്ട്രീയം?

∙ അമ്മയ്ക്ക് വിട

75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ജനലക്ഷങ്ങളുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി 2016 ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് തമിഴകത്തിന്റെ ‘അമ്മ’ മുഖ്യമന്ത്രി ജയലളിത അറുപത്തിയെട്ടാം വയസില്‍ വിടവാങ്ങി. മരണവാര്‍ത്തയ്ക്കു പിന്നാലെ, ധനമന്ത്രി ഒ.പനീര്‍സെല്‍വമാണു പുതിയ മുഖ്യമന്ത്രിയെന്ന പ്രഖ്യാപനവും.

∙ അര്‍ധരാത്രിയിലെ അധികാരവാഴ്ച

ജയയുടെ വിയോഗത്തിനു തൊട്ടുപിന്നാലെ അര്‍ധരാത്രിയില്‍ തന്നെ ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു. ഒപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ നിര്യാണത്തിനു പിന്നാലെ പാര്‍ട്ടിയെ പൂര്‍ണമായും നിയന്ത്രണത്തില്‍ കൊണ്ടുവരികയും അഭിപ്രായഭിന്നതകള്‍ ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. പക്ഷേ, രണ്ടു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

∙ പാര്‍ട്ടിക്കാരുടെ ഒപിഎസ്

എന്നും ജയയുടെ വിശ്വസ്തനായിരുന്നു ഒപിഎസ് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഒ. പനീര്‍സെല്‍വം. മൂന്നാം വട്ടമായിരുന്നു ജയയ്ക്ക് പകരം മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്. മുന്‍പ് രണ്ടു തവണ, 2001ലും 2014ലും. 2006ല്‍ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടമായപ്പോള്‍ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമായി.

∙ മന്നാര്‍ഗുഡി സംഘം തിരിച്ചെത്തുന്നു

ജയയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴും വിലാപയാത്രയിലുമെല്ലാം ശശികലയുടെ സാന്നിധ്യം പ്രകടമായി കണ്ടു. ഈ നീക്കങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ജയയുടെ സംസ്‌കാരച്ചടങ്ങില്‍ ഉറ്റബന്ധുവിനെപ്പോലെ അന്ത്യകര്‍മങ്ങള്‍ ചെയ്തതും ശശികല. പൊതുദര്‍ശനവേളയിലും പ്രധാനമന്ത്രിയടക്കം ജയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു മടങ്ങിയവരെല്ലാം ശശികലയെ ആശ്വസിപ്പിക്കാനും വണങ്ങാനും മറന്നില്ല. ശശികലയുടെ ബന്ധുക്കളായ ഇളവരശി, ഇളവരശിയുടെ മകന്‍ വിവേക്, ദൈവഹരന്‍, ജയ് ആനന്ദ് (ദൈവഹരന്റെ മകന്‍) എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ സജീവമായിരുന്നു. അധികം വൈകാതെ ശശികലയുടെ ഭര്‍ത്താവ് നടരാജനും രംഗത്തേക്ക് എത്തി. ഇവരെയെല്ലാം ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നവരാണ് എന്നതാണ് വസ്തുത. അതും രാഷ്ട്രീയത്തിൽ അമിതമായി ഇടപെടൽ നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ.

∙ ഭരണചക്രം നിയന്ത്രിച്ച മലയാളി

ജയലളിത ആശുപത്രിയില്‍ കിടക്കുമ്പോഴും തമിഴ്‌നാടിന്റെ ഭരണചക്രം നിയന്ത്രിച്ചതിനു പിന്നില്‍ ഒരു മലയാളി ഉണ്ടായിരുന്നു, ഷീല ബാലകൃഷ്ണന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവ്. നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ മന്ത്രിമാര്‍ ഉപദേശം തേടിയിരുന്നത് ഷീലയോടായിരുന്നു. ഭരണരംഗത്ത് ജയലളിതയ്ക്ക് ഏറ്റവും വിശ്വസ്തയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഷീല. അതുകൊണ്ടാണു ചീഫ് സെക്രട്ടറിയായി സര്‍വീസില്‍നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി ഒപ്പം നിര്‍ത്തിയത്. ഒടുവില്‍ ഇപ്പോള്‍ അധികാര തര്‍ക്കം മുറുകുന്നതിന് മുന്‍പ് അവര്‍ ആ സ്ഥാനവും ഉപേക്ഷിച്ചു.

∙ മരണത്തിലെ ദുരൂഹത

നിരവധി ചോദ്യങ്ങളും ദുരൂഹതകളും അവശേഷിപ്പിച്ചാണ് ജയലളിത ഭൂമിയോട് വിടപറഞ്ഞത്. ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷം ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പ്രശസ്ത സിനിമാതാരം ഗൗതമി പ്രധാനമന്ത്രിക്കു കത്തെഴുതി. മരണത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. മറ്റുചില കോണുകളില്‍ നിന്നും സമാനമായ ആവശ്യം ഉയര്‍ന്നു.

∙ സ്റ്റാലിന്‍ രംഗത്ത്

ജയലളിതയ്ക്കു നല്‍കിയ ചികില്‍സയെക്കുറിച്ചു ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യവുമായി ഡിഎംകെ ഡിഎംകെ ട്രഷററും സംസ്ഥാന പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. എയിംസ് ഡോക്ടര്‍മാരും ജയലളിതയെ ചികില്‍സിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും തയാറാവണമെന്നും സ്റ്റാലിന്‍.

∙ മനംനൊന്ത് മരണം 597

ജയലളിതയുടെ മരണത്തെ തുടര്‍ന്നു മനംനൊന്തു മരിച്ചവരുടെ എണ്ണം അറുനൂറോളമെന്ന് അണ്ണാ ഡിഎംകെ അറിയിക്കുന്നു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിനു മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും അണ്ണാ ഡിഎംകെ നല്‍കും.

∙ അണിയറയില്‍ ശശികലയുടെ ഒരുക്കം

പനീര്‍സെല്‍വം മുഖ്യമന്ത്രിയായി തുടരുന്നുണ്ടെങ്കിലും ജയയുടെ തോഴി ശശികല നേതൃനിരയിലേക്കു വരികയും മുഖ്യമന്ത്രിയാകുകയും വേണമെന്ന ആവശ്യം ഉയരുന്നു. പാര്‍ട്ടിയുടെ ചില പോഷക സംഘടനകളും ചില നേതാക്കളും ഈ ആവശ്യം ഉന്നയിക്കുന്നു.

∙ എതിര്‍പ്പുമായി ശശികലപുഷ്പയും ദീപയും

അണിയറയില്‍ ശശികല നടരാജന്റെ ഒരുക്കം നടക്കുമ്പോള്‍ അതിനെതിരെ രംഗത്തെത്തിയവരാണ് ജയയുടെ സഹോദര പുത്രി ദീപ ജയകുമാറും അണ്ണാ ഡിഎംകെ വിമത എംപി ശശികല പുഷ്പയും. വി.കെ.ശശികല അണ്ണാ ഡിഎംകെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇവര്‍ ശക്തമായി എതിര്‍ത്തു. ജയയുമായി ഏറെ രൂപസാദൃശ്യമുള്ള ദീപ രാഷ്ട്രീയത്തിലേക്ക് വരുമെന്ന പ്രഖ്യാപനവും നടത്തി. ശശികല പുഷ്പ നിയമപരമായി ശശികല നടരാജന് സെക്രട്ടറി സ്ഥാനത്ത് എത്താന്‍ കഴിയില്ല എന്നും വാദിച്ചു. നടപടികളെ ചോദ്യം ചെയ്തു.

∙ ശശികല ‘തലൈവി’

ജയലളിതയുടെ വിയോഗത്തിന് ശേഷം കൃത്യം 24-ാം ദിവസം ആ പ്രഖ്യാപനമെത്തി. ശശികല നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചു. ഡിസംബര്‍ 30ന് ചുമതലയേറ്റു. ജയലളിതയുടെ പാതയില്‍ മുന്നോട്ടുപോകുമെന്നു ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കി. ‘അമ്മ’ എപ്പോഴും തന്റെ ഹൃദയത്തിലുണ്ടെന്നും പട്ടാളച്ചിട്ടയില്‍ അവര്‍ നയിച്ചതു പോലെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകുമെന്നും ശശികല. ചെന്നൈയില്‍ വിഡിയോ കസെറ്റ് കട നടത്തുകയായിരുന്ന ശശികല 1982ലാണ് ഐഎഎസ് ഓഫിസര്‍ വി.എസ്. ചന്ദ്രലേഖ മുഖേന ജയലളിതയെ പരിചയപ്പെടുന്നത്. പിന്നീടവിടുന്ന് എപ്പോഴും ജയയ്‌ക്കൊപ്പം. ഇടയ്ക്ക് തമ്മില്‍ തെറ്റിയെങ്കിലും വീണ്ടും മാപ്പു പറഞ്ഞ് തിരിച്ചെത്തി ഒരുമിച്ചു. ഒടുവില്‍ ജയയുടെ സ്ഥാനത്ത് പാര്‍ട്ടിയുടെ അധികാര കേന്ദ്രത്തിലും.

∙ അമ്മയ്ക്കുവേണ്ടി

ജയലളിതയ്ക്കു ഭാരതരത്‌നവും മഗ്‌സസെ അവാര്‍ഡും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും നല്‍കണമെന്നു അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജയയുടെ ജന്മദിനം ‘ദേശീയ കര്‍ഷകദിന’മായി പ്രഖ്യാപിക്കണമെന്നും പാര്‍ലമെന്റില്‍ അവരുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

∙ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍

ജയലളിതയുടെ മരണത്തില്‍ ചില സംശയങ്ങളുണ്ടെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധനേടി. അവധിക്കാല ബെഞ്ചിലെ ജസ്റ്റിസ് വൈദ്യനാഥനാണ് പാര്‍ട്ടി പ്രവര്‍ത്തകന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. കല്ലറ തുറന്നു മൃതദേഹം പരിശോധിക്കാന്‍ പോലും ഉത്തരവിടാവുന്നതാണെന്നും കോടതി പറഞ്ഞു. കോടതി പരാമര്‍ശങ്ങള്‍ അണികളെ വിഷമിപ്പിക്കുന്നതാണ് എന്നായിരുന്നു പാര്‍ട്ടി നിലപാട്. പിന്നീട് 2017 ജനുവരി നാലിന് ജയയുടെ ചികില്‍സയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

∙ ജെല്ലിക്കെട്ട് പ്രതിഷേധം

ജയലളിതയുടെ മരണത്തിനുശേഷം തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ജെല്ലിക്കെട്ട് ആവശ്യപ്പെട്ട് അരങ്ങേറിയത്. യുവാക്കളും കോളജ് വിദ്യാര്‍ഥികളും നേതൃത്വം നല്‍കിയ പ്രതിഷേധം ജനുവരി 17ന് ചെന്നൈ നഗരത്തെയും തമിഴ്‌നാടിനെയും പിടിച്ചുകുലുക്കി. യുവാക്കളും പ്രതിഷേധക്കാരും മറീന ബീച്ചില്‍ തമ്പടിച്ചു. പലരും സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഒടുവില്‍ ജനുവരി 21ന് സര്‍ക്കാര്‍ രഹസ്യമായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി പ്രശ്‌നപരിഹാരം കണ്ടു. ജയലളിതയ്ക്ക് പകരം പാര്‍ട്ടിയെ നയിക്കുന്ന ശശികലയുടെ വിജയമായി ചിത്രീകരിക്കാനായിരുന്നു അണ്ണാ ഡിഎംകെയുടെ ശ്രമം. പലയിടത്തും ജെല്ലിക്കെട്ട് നടന്നു. അപകടങ്ങളും.

∙ പാര്‍ട്ടി നേതൃത്വത്തില്‍നിന്നു ഭരണത്തിലേക്ക്

പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന ശശികലതന്നെ സര്‍ക്കാരിനും നേതൃത്വം നല്‍കണമെന്ന വികാരം ശക്തമായി. ഇതിന്റെ ഫലമെന്നോണം അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി ശശികല നടരാജനെ ഫെബ്രുവരി അഞ്ചിന് തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രി പനീര്‍സെല്‍വം സ്ഥാനം രാജിവച്ച് ശശികലയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കി. എന്നാല്‍, ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്നു.

∙ ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്ത്

ഫെബ്രുവരി 6- ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ലണ്ടനില്‍നിന്നുള്ള തീവ്രപരിചരണ വിദഗ്ധനായ ഡോ. റിച്ചാര്‍ഡ് ബീലുമാണ് പത്രസമ്മേളനം നടത്തിയത്. ലോകത്തു ലഭിക്കാവുന്നതില്‍ വച്ചേറ്റവും മികച്ച ചികില്‍സയാണു ജയലളിതയ്ക്കു നല്‍കിയത്. ജയയുടെ ചികില്‍സയിലോ മരണത്തിലോ ഗൂഢാലോചനയോ ദുരൂഹതയോ ഇല്ലെന്നു പറഞ്ഞ ഡോ. ബീല്‍ വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു.

∙ സ്വത്ത് കേസില്‍ സുപ്രീംകോടതി നിരീക്ഷണം

ഫെബ്രുവരി-6: ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് സുപ്രീം കോടതിയുടെ അറിയിപ്പ്. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഈ മറുപടി. കേസില്‍ മുന്‍പ് ശിക്ഷ അനുഭവിച്ച ശശികലയാകട്ടെ സത്യപ്രതിജ്ഞയ്ക്കുള്ള നീക്കങ്ങള്‍ ശക്തമാക്കി. നിര്‍ണായകമായ ഫെബ്രുവരി 7

∙ ശശികലയുടെ സത്യപ്രതിജ്ഞാ മോഹം

ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറാനായിരുന്നു ‘ചിന്നമ്മ’യുടെ പദ്ധതി. എന്നാല്‍, ഇതിനു തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിലങ്ങുതടിയായി. നിയമോപദേശം തേടിയ ഗവര്‍ണര്‍, വിധി വരുന്നത് വരെ കാത്തിരിക്കണം എന്ന നിലപാടിലായിരുന്നു.

∙ ഗുരുതര ആരോപണവുമായി നേതാക്കള്‍

ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അണ്ണാ ഡിഎംകെ നേതാവും മുന്‍ സ്പീക്കറുമായ പി.എച്ച്. പാണ്ഡ്യന്‍ ആരോപിച്ചു. ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സെപ്റ്റംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ ശശികലയുമായി വാക്കുതര്‍ക്കമുണ്ടായെന്നും തര്‍ക്കത്തില്‍ ആരോ ജയയെ പിടിച്ചുതള്ളിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, അണ്ണാ ഡിഎംകെ നേതൃത്വം ആരോപണങ്ങള്‍ നിഷേധിച്ചു.

∙ പനീര്‍സെല്‍വത്തിന്റെ തുറന്നു പറച്ചില്‍

ഏവരെയും ഞെട്ടിക്കുന്നതായിരുന്നു കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ മറീന ബീച്ചില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിലെത്തിയ പനീര്‍സെല്‍വം 40 മിനിറ്റിലേറെ ധ്യാനത്തിലിരുന്ന ശേഷമാണു ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ചത്. തന്നെ നിര്‍ബന്ധപൂര്‍വം രാജിവയ്പിക്കുകയായിരുന്നുവെന്നും നിയമസഭാ കക്ഷി യോഗം വിളിച്ചതു താന്‍ അറിയാതെയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

∙ പനീർസെല്‍വത്തെ നീക്കി

വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പോയസ് ഗാര്‍ഡനില്‍ ശശികല വിളിച്ചുചേര്‍ത്ത പാര്‍ട്ടി ഉന്നതതല യോഗം പനീര്‍സെല്‍വത്തെ അണ്ണാ ഡിഎംകെ ട്രഷറര്‍ സ്ഥാനത്തുനിന്നു പുറത്താക്കി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും രാത്രി 1.15നു ശശികല വീടിനു പുറത്തെത്തി പ്രഖ്യാപിച്ചു.

∙ കരുത്ത് കാണിച്ച് ശശികല

ശശികലയുടെ ശക്തി കാണിക്കുന്നതായിരുന്നു ഫെബ്രുവരി എട്ടിലെ തമിഴ്‌നാട് രാഷ്ട്രീയം. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശശികല അവകാശപ്പെട്ടു. ശശികല വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ 130 എംഎല്‍എമാര്‍ പങ്കെടുത്തെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വത്തിന്റെ അവകാശവാദം. ശശികല പക്ഷത്തുള്ള എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.

∙ കണക്കിലെ കളികള്‍

135 പാര്‍ട്ടി എംഎല്‍എമാരില്‍ പരമാവധി 129 പേരാണു ശശികല പക്ഷത്തുണ്ടായിരുന്നത്. അപ്പോഴും 18 പേരെയെങ്കിലും പനീര്‍സെല്‍വം കൂടെ കൂട്ടിയാല്‍ ശശികലയ്ക്കു ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു. 234 അംഗ നിയമസഭയില്‍ 135 എംഎല്‍എമാരാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാല്‍ കേവല ഭൂരിപക്ഷത്തിനു 117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടത്.

∙ പനീര്‍സെല്‍വത്തിന്റെ നീക്കങ്ങള്‍

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ അവകാശവാദം. പരസ്യമായി പനീര്‍സെല്‍വത്തിനൊപ്പമുള്ളത് എട്ട് എംഎല്‍എമാര്‍ മാത്രമാണ്. ഇവര്‍ക്കു പുറമെ അണ്ണാ ഡിഎംകെ രാജ്യസഭാംഗം വി. മൈത്രേയന്‍, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പ എന്നിവരുമുണ്ട്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍, പ്രമുഖ നേതാക്കളോ മന്ത്രിമാരോ കൂടെയുണ്ടായിരുന്നില്ല. എന്നിട്ടും ഒടുവിൽ നിയമത്തിന്റെ കൈപിടിച്ച് നിർണായകമായ അധികാരസ്ഥാനത്തേക്ക് പനീർസെൽവം നടന്നുകയറി.

‘ചിന്നമ്മ’യുടെ നേതൃത്വം നഷ്ടപ്പെട്ടതോടെ ഇനിയെന്തെന്ന ആശങ്കയിലാണ് അവർക്കൊപ്പം നിന്ന എംഎൽഎമാരും മറ്റ് അണ്ണാഡിഎംകെ നേതാക്കളും. പക്ഷേ തമിഴ്നാടാണ്; എന്തും മാറിമറിയാൻ നിമിഷാർധനേരം മാത്രം മതി എന്നതിന്റെ ഒന്നാന്തരം തെളിവുകൾ കഴിഞ്ഞ ഒരാഴ്ചയായി നമുക്കു മുന്നിലുണ്ടല്ലോ!

∙ ശശികലയ്ക്ക് ഇനി ജയിൽവാസം – 2017 ഫെബ്രുവരി 14

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശശികല ജയിലിലേക്ക് നീങ്ങുമ്പോൾ തമിഴക രാഷ്ട്രീയം വീണ്ടു ചൂടു പിടിക്കുകയാണ്. ജയിക്കാനായി പനീർസെൽവം എല്ലാ കളികളും നയിക്കുമ്പോൾ സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളും ചരടുവലികളുമായി ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :